Friday, December 27, 2024

Top 5 This Week

Related Posts

മുഖ്യമന്ത്രിയുടെ വസതിയിലേക്കു പോപ്പുലർ ഫ്രണ്ട് പ്രതിഷേധ മാർച്ച് നഗരത്തെ പ്രഷുബ്ധമാക്കി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തി. ആയിരങ്ങൽ പങ്കെടുത്ത പ്രതിഷേധം നഗരത്തെ ഏറെ നേരം പ്രഷുബ്ധമാക്കി. കണ്ണീർ വാതകവും ജലഭീരങ്കിയും ടിയർഗ്യാലും പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതെ പ്രവർത്തകർ കനത്ത പ്രതിരോധം ഉയർത്തി. കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ പോലീസ് ഏറെ സംയമനം പാലിച്ചാണ് മാർച്ച് തടഞ്ഞത്. ആലപ്പുഴയിൽ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യക്കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളെ വേട്ടയാടുന്നുവെന്ന് ആരോപിച്ചാണ് ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധവുമായി എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പിഎഫ്‌ഐ പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്.

ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫ്. ഉദ്ഘാടനം ചെയ്തു. ഭരണം ലഭിച്ചതിന്റെ അഹങ്കാരത്തിൽ കേരളത്തിൽ എന്തും കാട്ടിക്കൂട്ടാമെന്ന് ആഭ്യന്തരവകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും കരുതേണ്ടതില്ലെന്ന അദ്ദേഹം പറഞ്ഞു. . കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തിലല്ല ഈ രാജ്യം പ്രവർത്തിക്കുന്നതെന്ന് സിപിഎം മനസ്സിലാക്കണം. ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് ഒരു ഭരണഘടനയുണ്ട്. ഒരു മുദ്രാവാക്യത്തിന്റെ പേരിൽ കഴിഞ്ഞ രണ്ടാഴ്ചയായി പോപുലർ ഫ്രണ്ടിനെ നാടുനീളെ നടന്ന് പോലിസ് വേട്ടയാടുകയാണ്്.

റിപബ്ലികിനെ രക്ഷിക്കണമെന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചതാണ് പോപുലർ ഫ്രണ്ട് ചെയ്ത കുറ്റം. ഈ രാജ്യത്തെ ഹിന്ദുകളേയും മുസ്ലിംകളെയും ക്രൈസ്തവരേയും തമ്മിലടിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ആർഎസ്എസിന്റെ ശ്രമങ്ങൾക്ക് എന്തിനാണ് ഭരണകൂടവും മാധ്യമങ്ങളും കൂട്ടുനിൽക്കുന്നത്. ആർഎസ്എസിനെതിരായ മുദ്രാവാക്യത്തെ വളരെ ബോധപൂർവും ഹൈന്ദവർക്കും ക്രൈസ്തവർക്കും എതിരെ ചിത്രീകരിക്കുകയാണ്. നീതി നിർവഹണ സംവിധാനത്തെ നീതിപൂർവം വിവേചനരഹിതമായി ഉപയോഗിക്കണം. ആർഎസ്എസ് രാജ്യത്തെ നശിപ്പിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കുമെന്നും റഊഫ് പറഞ്ഞു.

ആർഎസ്എസിനെ വിമർശിച്ചാൽ എന്തിനാണ് പിണറായി സർക്കാരും പോലിസും അസ്വസ്ഥമാവുന്നത്. നീതിക്ക് വേണ്ടി ശബ്ദിക്കുമ്പോൾ വേട്ടയാടാനാണ് ശ്രമിക്കുന്നതെങ്കിൽ അറവുമാടുകളെ പോലെ കഴുത്തുനീട്ടിത്തരാൻ പോപുലർ ഫ്രണ്ടിനെ കിട്ടില്ല. ഒരുതരി ജീവനുണ്ടെങ്കിൽ നീതിക്കുവേണ്ടി പോപുലർ ഫ്രണ്ടുകാർ തെരുവിലുണ്ടാവും. റിപബ്ലിക്കിന്റെ കൂടെ നിവർന്നു നിൽക്കാനാണ് ഭരണകൂടവും പോലിസും ആഗ്രഹിക്കുന്നതെങ്കിൽ വിവേചനമില്ലാതെ നീതി നടപ്പിലാക്കണം. ആർഎസ്എസിനെതിരെ പ്രതികരിച്ച മുസ്ലിംകൾക്കെതിരെ 153 എയുടെ ചാകരയാണ്. മറുവശത്ത് മുസ്ലിം വിദ്വേഷം ജനിപ്പിച്ച ആർഎസ്എസ് ഭീകരവാദികളായ കെ പി ശശികല, ഗോപാലകൃഷ്ണൻ, കെ ആർ ഇന്ദിര, ടി ജി മോഹൻദാസ്, സന്ദീപ് വചസ്പതി, വർഗീയവാദികളായ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്, പി സി ജോർജ് എന്നിവർക്കെതിരെ എന്തുനടപടിയാണ് പിണറായി സർക്കാർ സ്വീകരിച്ചതെന്നു റഊഫ് ചോദിച്ചു.

പോപുലർ ഫ്രണ്ട് തിരുവനന്തപുരം സോണൽ പ്രസിഡന്റ് നവാസ് ഷിഹാബ് അധ്യക്ഷത വഹിച്ചു. മെക്ക സംസ്ഥാന പ്രസിഡന്റ് പ്രഫ. ഇ അബ്ദുൽ റഷീദ്, ഖത്തീബ് ആന്റ് ഖാസി ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി, മൈനോറിറ്റി റൈറ്റ്സ് വാച്ച് ചെയർമാൻ എ എം നദ്വി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ ജില്ലാ പ്രസിഡന്റ് നിസാർ ബാഖവി, പോപുലർ ഫ്രണ്ട് തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് റഷീദ് മൗലവി, നോർത്ത് ജില്ലാ പ്രസിഡന്റ് റഫീഖ് മൗലവി, ജില്ലാ പ്രസിഡന്റുമാരായ ഷജീർ, നവാസ് ഖാൻ, തുടങ്ങിയവർ സംസാരിച്ചു. ജലഭീരങ്കിയിലും കണ്ണീർവാതക പ്രയോഗത്തിലും നിരവധി പ്രവർത്തകർക്ക് പരിക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles