Thursday, December 26, 2024

Top 5 This Week

Related Posts

മാമുക്കോയ അന്തരിച്ചു; മലയാള സിനിമയുടെ പൊട്ടിച്ചിരി നിലച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മാമുക്കോയ(76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

മലയാള സിനിമയുടെ ജനകീയ മുഖങ്ങളിലൊന്നായാണ് മാമുക്കോയ വിശേഷിപ്പിക്കപ്പെടുന്നത്. ഹാസ്യ നടനായി മലയാളി പ്രേക്ഷകരെ പൊട്ടി ചിരിപ്പിച്ച് മലയാള സിനിമയ്‌ക്കൊപ്പം വളര്‍ന്ന കലാകാരന്‍. പപ്പുവിന് ശേഷം തനത് മലബാര്‍ സംഭാഷണ രീതികൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ മാമുക്കോയ, വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ ഓരോ കാലത്തും പ്രേക്ഷകരിലേയ്‌ക്കെത്തി.

നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ മാമുക്കോയ വൈക്കം മുഹമ്മദിന്റെ ശുപാര്‍ശയിലാണ് ആദ്യ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1982 ല്‍ എസ് കൊന്നനാട്ട് സംവിധാനം ചെയ്ത ‘സുറുമയിട്ട കണ്ണുകളായിരുന്നു’ ആദ്യ ചിത്രം. പിന്നീടങ്ങോട്ട് തന്റേതായ ശൈലികൊണ്ട് ഹാസ്യ പരമ്പരകള്‍ തന്നെ തീര്‍ത്തു അദ്ദേഹം.

ഹാസ്യത്തിനപ്പുറം ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്കിണങ്ങുമെന്നും തെളിയിച്ചു മാമുക്കോയ. പെരുമഴക്കാലത്തിലെ അബ്ദുവിന്റെ വിങ്ങലുകള്‍ക്കൊപ്പം മലയാളി കണ്ണുനനച്ചു. സിനിമാ സ്‌നേഹികളുടെ മനസില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന മാമുക്കോയയുടെ മറ്റൊരു മുഖമായിരുന്നു അത്.നായര്‍സാബ്, തലയണമന്ത്രം, റാംജിറാവ് സ്പീക്കിംഗ്, ഗോളാന്തരവാര്‍ത്ത, കണ്‍കെട്ട്, ലേലം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ചന്ദ്രലേഖ, പ്രായിക്കര പാപ്പന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.സുലേഖ മൻസിൽ ആണ് റിലീസായ അവസാന ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles