Wednesday, January 29, 2025

Top 5 This Week

Related Posts

മാധ്യമ പ്രവർത്തകരുടെ മനോഭാവം മാറണം:കെ.കെ.ഷാഹിന

ഒരു മാസം. വെറും ഒരൊറ്റ മാസത്തെ നോട്ടീസ് പീരീഡിൽ ജോലി നഷ്ടപ്പെടാവുന്ന വെറും തൊഴിലാളികളാണ് തങ്ങൾ എന്ന ലളിതവും ക്രൂരവുമായ യാഥാർഥ്യം മറന്നാണ് ഇവരൊക്കെ ഈ വേഷം കെട്ടിയാടുന്നത് എന്നതാണ് പരിതാപകരം. (പലയിടത്തും നോട്ടീസ് പീരീഡ് പോലും ഇല്ല ).

ഷാഹിനയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

കേരളത്തിൽ രണ്ട് പതിറ്റാണ്ടിനിപ്പുറം രൂപപ്പെട്ട സവിശേഷമായ ഒരു സാമൂഹ്യപ്രതിഭാസത്തെ കുറിച്ച് പറയാം. ‘മാധ്യമ ദേശീയത’ എന്ന ഒരു പ്രത്യേക തരം ദേശീയത കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട്.മാധ്യമപ്രവർത്തകർ തങ്ങളുടെ തൊഴിലിനെ സ്വയം ഒരു ദേശരാഷ്ട്രമായി സങ്കൽപ്പിച്ച് അതിന് പുറത്തുള്ളവരെയൊക്കെ ശതൃക്കളായി കരുതി അപരത്വം സൃഷ്ടിച്ച്‌ തങ്ങളുടേതായ ദേശീയവികാരത്തിനടിപ്പെട്ടു പ്രവർത്തിക്കുന്നതാണ് ഈ പ്രതിഭാസം. ഇതിൽ തന്നെ രൂപപ്പെട്ടിട്ടുള്ള ഉപദേശിയതകളാണ് ഒരു പക്ഷേ കൂടുതൽ അപകടകരം. ഏഷ്യാനെറ്റ്‌ ദേശീയത, മാതൃഭൂമി ദേശീയത, മനോരമ ദേശീയത എന്നിവയാണ് പ്രധാന ഉപദേശിയതകൾ. അതാത് ചാനലുകളിലെ തൊഴിലാളികൾ, തങ്ങളുടെ തൊഴിലാളി സ്വത്വം പാടെ വിസ്മരിച്ച് സ്വന്തം നാട്ടു രാജ്യങ്ങളിലെ പ്രജകളായി തീരുകയും, തങ്ങളുടെ രാജ്യത്തിനു വേണ്ടി,’അടിയൻ ലച്ചിപ്പോം ‘എന്ന് ചാടി വീഴുകയും സോഷ്യൽ മീഡിയയാകുന്ന പോർക്കളത്തിൽ യുദ്ധം നയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നതാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ‘ഞാൻ തന്നെയാണ് ഏഷ്യാനെറ്റ്‌, ഞാൻ തന്നെയാണ് മനോരമ’ എന്നൊക്കെ തോന്നുന്ന തരത്തിൽ, യുക്തി ചിന്ത നഷ്ടപ്പെട്ട്, വെറും അടിമകളും പ്രജകളുമായി മാറുന്ന ഒരവസ്ഥ.ഒരു മാസം. വെറും ഒരൊറ്റ മാസത്തെ നോട്ടീസ് പീരീഡിൽ ജോലി നഷ്ടപ്പെടാവുന്ന വെറും തൊഴിലാളികളാണ് തങ്ങൾ എന്ന ലളിതവും ക്രൂരവുമായ യാഥാർഥ്യം മറന്നാണ് ഇവരൊക്കെ ഈ വേഷം കെട്ടിയാടുന്നത് എന്നതാണ് പരിതാപകരം. (പലയിടത്തും നോട്ടീസ് പീരീഡ് പോലും ഇല്ല ).പത്ത് വർഷം ഞാൻ ഏഷ്യാനെറ്റിൽ ജോലി ചെയ്തിരുന്നു.രണ്ട് വർഷം തെഹൽകയിലും മറ്റൊരു പത്ത് വർഷം ഓപ്പൺ മാഗസിനിലും ജോലി ചെയ്തു. ഇക്കാലമത്രയും, ഈ സ്ഥാപനങ്ങളെയൊക്കെ ആരെങ്കിലും വിമർശിച്ചാൽ എനിക്ക് പൊള്ളാറില്ലായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തെ ഒരു രാഷ്ട്രമായും എന്നെ അവിടത്തെ വിശ്വസ്തയായ പ്രജയായും ദുസ്വപ്നത്തിൽ പോലും ഞാൻ കണ്ടിട്ടില്ല.ഇതിനേക്കാൾ മെച്ചപ്പെട്ട മറ്റൊരിടത്തേക്ക് പോകും വരെ ജോലി ചെയ്യാനുള്ള സ്ഥലം എന്നതിൽ കവിഞ്ഞ്, ജോലി ചെയ്യുന്ന സ്ഥാപനം ഒരു ദേശീയതയായി മാറുന്നത് സഹതാപവും കരുണയും അർഹിക്കുന്ന ഒരു അധോനിലയാണ് എന്നല്ലാതെ മറ്റൊന്നും പറയാനില്ല. മനുഷ്യൻ എന്ന നിലയിലുള്ള അന്തസ്സും ആത്മാഭിമാനവും നഷ്ടപ്പെട്ടവർക്ക് മാത്രം പ്രാപ്യമായ ഒന്നാണ് ഈ മാധ്യമ ദേശീയത. അഥവാ ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി ഉപദേശിയതകൾ. ഒരു പക്ഷേ ചാനൽ തൊഴിലാളികൾക്ക് ട്രേഡ് യൂണിയനിസം എന്നത് ഒരിക്കലും മനസ്സിലാകാതെ പോകുന്നതും ഇതേ കാരണം കൊണ്ടാണ്. സ്വന്തം തൊഴിലാളി സ്വത്വം തിരിച്ചറിയുകയും അവകാശബോധമുള്ളവരായിരിക്കും ചെയ്യുന്നവർക്ക് മാത്രമേ ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ കഴിയൂ. സംഘടിക്കാൻ കഴിയൂ. കേരളത്തിലെ ചാനൽ വ്യവസായം മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും ഒരൊറ്റ തൊഴിലാളി സംഘടന പോലും ഉണ്ടായിട്ടില്ലാത്തതും ഇത് കൊണ്ട് തന്നെയാണ്. ചാനൽ തൊഴിലാളികൾ അവകാശ ബോധമുള്ള ആധുനിക മനുഷ്യർ അല്ല, മറിച്ച് അവർ ഒരു നാട്ടുരാജ്യത്തെ പ്രജകളായി സ്വയം കാണുന്നവരാണ്. വിധേയത്വം ആണ് അവരുടെ സ്ഥായീ ഭാവം. സ്വന്തം സ്ഥാപനത്തിനകത്തത് ഒരു ഇന്ക്രിമെന്റിനോ ലീവിനോ വേണ്ടി പോലും ഉ റച്ച് സംസാരിക്കാൻ ധൈര്യമില്ലാത്തവരാണ് ഇവർ. തന്റെ അതേ സീനിയൊരിറ്റി ഉള്ള സഹപ്രവർത്തകന് തന്നെക്കാൾ ശമ്പളം ഉണ്ടെന്ന് അറിഞ്ഞാലും ഒരക്ഷരം പോലും ചോദിക്കാനാവാത്ത മനുഷ്യരാണ്. ട്രേഡ് യൂണിയനുകളെയും, ഇടത് പക്ഷ രാഷ്ട്രീയത്തെയും അവർ അപരമായി കാണുന്നതിൽ തെറ്റ് പറയാൻ പറ്റില്ല. കാരണം അവർക്ക് ഒരിക്കലും എത്തിച്ചേരാനാവാത്ത മനുഷ്യാന്തസ്സ് അവിടെ ഉണ്ടെന്ന് അവർക്കറിയാം. ഓട്ടോ ഓടിക്കുന്ന ഒരു തൊഴിലാളി, കേരളത്തിലെ ഏറ്റവും പോപ്പുലറായ ചാനൽ അവതാരകരേക്കാൾ സ്വന്തം തൊഴിലിടത്തിൽ അഭിമാനവും അന്തസ്സും അനുഭവിക്കുന്നവരാണ്. സംശയം ഉണ്ടെങ്കിൽ ഈ അവതാരകർ ആരെങ്കിലും ഓട്ടോയിൽ കയറിയിട്ട് അവരോട് ഒന്ന് തർക്കിച്ച് നോക്കട്ടെ. അപ്പോൾ അറിയാം. വണ്ടിയിൽ കയറുന്നവരോട് കണക്ക് പറഞ്ഞു കാശ് വാങ്ങുന്ന ഓട്ടോ ഡ്രൈവർ. ഒരു മണിക്കൂറിനു സ്വയം അഞ്ഞൂറ് രൂപ കൂലിയിടുന്ന പ്ലംബർ, തുടങ്ങിയവരൊക്കെയും തൊഴിലാളികൾ എന്ന നിലയിൽ മാധ്യമപ്രവർത്തകരേക്കാൾ എത്രയോ മെച്ചപ്പെട്ട അവസ്ഥയിൽ ജീവിക്കുന്നവരാണ്.നിങ്ങൾക്ക് പറ്റില്ലേൽ വേറെ ആളെ വിളിച്ചോ എന്നതാണ് അവരുടെ ബോഡി ലാംഗ്വേജ്. അത് കാലങ്ങൾ കൊണ്ട് സമരങ്ങളിലൂടെ അവർ നേടിയെടുത്ത മനുഷ്യാന്തസ്സാണ്. അത് മാധ്യമപ്രവർത്തകർക്ക് സഹിക്കാൻ കഴിയാത്ത ഒന്നാണ്. സ്വന്തം തൊഴിലിടത്തിൽ അവർക്ക് ഒരിക്കലും ഈ അന്തസ്സ് കിട്ടുന്നില്ല. ഈ പ്ലംബറെ പോലെ, ഓട്ടോ ഡ്രൈവറെ പോലെ, ‘നിങ്ങൾക്ക് വേണേ എന്നെ നിലനിർത്തിയാൽ മതി, നിങ്ങൾ പറയുന്ന എല്ലാ ടെംസും എനിക്ക് സമ്മതമല്ല ‘എന്ന് ഒരു സ്ഥാപനത്തോട് പറയാൻ കഴിയുന്ന ഏതെങ്കിലും മാധ്യമപ്രവർത്തകർ ഉണ്ടോ കേരളത്തിൽ? ബുദ്ധിമുട്ടാണ്. അത് വ്യക്തികളുടെ കുഴപ്പമല്ല. അങ്ങനെയാണ് ഈ ഇൻഡസ്ട്രി പ്രവർത്തിക്കുന്നത്. അഥവാ ഇതൊരു ഇൻഡസ്ട്രിയാണ്. Hire and fire പോളിസി നടപ്പിലാക്കുന്ന വെറുമൊരു ഇൻഡസ്ട്രി. അവിടെ സ്വയം ഉത്തരം താങ്ങി പല്ലികൾ ആവാതെ സ്വന്തം പരിമിതി തിരിച്ചറിഞ്ഞ് കുറച്ച് കൂടി ഭൂമിയിലേക്ക് ഇറങ്ങി വന്ന്, കുറച്ച് കൂടി അന്തസ്സും ആത്മാഭിമാനവും ഉള്ളവരായി മാറാൻ മാധ്യമപ്രവർത്തകർക്ക് കഴിയുമോ? സ്വയം അനുഭവിക്കുന്ന ഈ അന്തസ്സില്ലായ്മയെ, വിധേയത്വത്തെ അവർ മറികടക്കുന്നത് നാട്ടുകാരോട് കലഹിച്ചാണ്. മനുഷ്യരോട് അങ്ങേയറ്റം മര്യാദയില്ലാതെ പെരുമാറുന്നത്, എന്തോ ഉദാത്തമായ മാധ്യമ പ്രവർത്തനമാണ് എന്നവർ കരുതുകയും ചെയ്യുന്നു. ‘ഞങ്ങൾ എസ്റ്റാ ബ്ലിഷ്മെന്റിനോട് കലഹിക്കുന്നവരാണ് എന്നാണ് ഈ പാവങ്ങൾ സ്വയം കരുതുന്നതും മറ്റുള്ളവരെ ധരിപ്പിക്കാൻ ശ്രമിക്കുന്നതും.സ്വന്തം തൊഴിലിടം ഒരു ദേശരാഷ്ട്രവും തങ്ങൾ അവിടത്തെ വിശ്വസ്തരായ പൗരന്മാരുമാണ് എന്ന അടിമത്തമനോഭാവത്തിൽ നിന്ന് പുറത്ത് കടന്ന് കുറച്ച് കൂടി മെച്ചപ്പെട്ട ആധുനികമനുഷ്യരാവാൻ ശ്രമിക്കുക എന്നതേ മാധ്യമപ്രവർത്തകർക്ക് ചെയ്യാനുള്ളൂ.ഏഷ്യാനെറ്റ്‌ ദേശീയത എന്ന Harshan Poopparakkaran ന്റെ പ്രയോഗമാണ് ഈ എഴുത്തിന്റെ പ്രകോപനം

🙂

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles