ഇത് ഞങ്ങടെ ഉമ നിങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിക്കണം.
ബീന, ആരിഫ, സൂസൺ, ജാക്ലിൻ, മിനിമോളും,ഗേർട്ടിയുമെല്ലാം പാലാരിവട്ടത്തെ കടകൾ കയറി പറഞ്ഞു. മഹാരാജാസ് കോളേജിലെ കൂട്ടുകാരുടെ നേതൃത്വത്തിലായിരുന്നു ഇന്ന് യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസിൻ്റ വോട്ടുപിടുത്തം. ഓരോ കടക്കാരും ഉമ തോമസിന് ഏറെ പരിചിതർ.
എങ്കിലും സ്ഥാനാർത്ഥി പരിവേഷത്തിൽ പെൺകുട്ടവുമായി ഉമ തോമസ് കടകൾക്ക് മുന്നിലെത്തിയപ്പോൾ കച്ചവടക്കാർക്കും അത് വ്യത്യസ്ഥ കാഴ്ചയായി. കയ്യിൽ പ്ലക്കാർഡുകളുമായി സ്ഥാനാർത്ഥിക്കും കൂട്ടുകാർക്കും പിന്തുണയർപ്പിച്ച് യു സി കോളേജിലെ പുതിയ തലമുറയിലെ കെ എസ് യു പ്രിയദർശിനി പ്രവർത്തകരും ഉണ്ടായിരുന്നു. പാലാരിവട്ടത്തെ മുഴുവൻ കടകളിലും സന്ദർശനം നടത്തിയ വനിതാ പ്രവർത്തകർ അല്പനേരം പലാരിവട്ടത്തെ പോലീസ് സ്റ്റേഷൻ നിയന്ത്രണവും കൈക്കലാക്കി. സംഘം ചേർന്ന് പോലീസ് സ്റ്റേഷനിലെത്തിയ പെൺകൂട്ടത്തെ കണ്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നപ്പോലീസുകാരൻ ഇതെന്തു കേസെന്നു ആദ്യം കരുതിയെങ്കിലും കഴുത്തിൽ ഷാളുമിട്ട് കയറി വന്ന ഉമാ തോമസിനെ കണ്ടതോടെ കാര്യം മനസ്സിലായി. .പിന്നെ സ്റ്റേഷനിലേക്ക്
കയറി മുഴുവൻ പോലീസുകാരോടും വോട്ട് അഭ്യർത്ഥിച്ചു.
സ്ഥാനാർത്ഥിക്കൊപ്പം വോട്ടു ചോദിക്കാനിറങ്ങിയ പഴയ കൂട്ടുകാർക്ക് സ്ഥാനാർത്ഥിക്ക് ഒപ്പമുള്ളവരോട് പറയാനുണ്ടായിരുന്നത് പഴയ കോളേജ് ഇലക്ഷൻ പ്രവർത്തന കഥകളായിരുന്നു. അന്ന് ചെങ്കോട്ടയിൽ ഉമ ജയിച്ചെങ്കല്‍ തൃക്കാക്കരയില്‍ പാട്ടുംപാടി ജയിക്കുമെന്ന് ഉറപ്പിലാണ് കൂട്ടുകാര്‍ മടങ്ങിയത്.