മേപ്പാടി: മഹാദുരന്തത്തിൽ മരണം 330കടന്നപ്പോൾ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മാറുകയാണ് മുണ്ടക്കൈ.
ചാലിയാറിൻ്റെ ഭാഗങ്ങളിൽ നിന്നും കിട്ടുന്ന ശരീരഭാഗങ്ങൾ കാട്ടിലും മറ്റും കുരുങ്ങി കിടന്നതിനാൽ പുഴുവരിച്ച നിലയിലാണ്. ഈ ഭാഗത്തുനിന്നും കിട്ടുന്ന ശരീരങ്ങളും ശരീര ഭാഗങ്ങളും നടപടികൾ പൂർത്തീകരിച്ച് അവിടെ തന്നെ മറവ് ചെയ്യാൻ തീരുമാനിച്ചു. ഡ്രോൺ ഉപയോഗിച്ചും മറ്റും ചാലിയാറിൻ്റെ കരയിലും വനത്തിനുള്ളിലും പരിശോധന നടത്തി വരുന്നുണ്ട്.
ഇന്നു മുതൽ നടക്കുന്ന പരിശോധനകളിലേറെയും വില്ലേജ് റോഡിലും പുഞ്ചിരി മട്ടത്തുമാണ്. 206പേരെ കുറിച്ച് വിവരമില്ല. കൂടാതെ പാടികളിലും മറ്റുമുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളെയും ഒന്നടങ്കം കാണാനില്ല. എല്ലാം നഷ്ടപ്പെട്ടവരുടെ വിലാപങ്ങളടങ്ങുന്നില്ല. ചിതറി കിടക്കുന്ന പാറകൂട്ടങ്ങൾക്കിടയിൽ പ്രിയപ്പെട്ടവരെ തിരയാനെത്തുകയാണ് പലരും. എന്നാൽ ക്യാമ്പിലുള്ളവരെ പ്രദേശത്തേക്ക് കടത്തിവിടുന്നില്ലെന്ന പരാതികളുമുണ്ട്.
മേപ്പാടി ആശുപത്രി മുറ്റത്ത് നാലാം ദിവസവും . നൂറിലേറെ പേരെ കാത്ത് ബാക്കിയായവരും മറ്റ് സ്ഥലത്തുള്ള ബന്ധുക്കളുമെല്ലാം നിറകണ്ണുകളുമായി മുറ്റത്ത് കാത്തിരിപ്പാണ്.
ഇന്ന് 10 പേരടങ്ങുന്ന 30 സംഘങ്ങളാണ് പരിശോധന നടത്തുന്നത്. പുഞ്ചിരി മട്ടത്ത് കാലത്ത് തന്നെ സ്ന്നിപ്പർ ഡോഗുകളെ ഉപയോഗിച്ചു നടത്തിയ പരിശോധനകളിൽ ഇന്നും ജഡങ്ങൾ കണ്ടെത്തി. 9 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ നോക്കിയാണ് ഇന്ന് നടക്കുന്ന തിരച്ചിലുകൾ. ഇനിയാരും രക്ഷപ്പെടാൻ സാധ്യതയില്ലെന്ന സൈന്യത്തിൻ്റെ വെളിപ്പെടുത്തലോടെ മരണ സംഖ്യ ഉയരുകയാണ്. കിലോമീറ്ററുകൾ താണ്ടി ചാലിയാറിലേക്ക് ഒഴുകിയെത്തിയത് 177 ശരീരങ്ങളാണ്. അതിലേറെയും അപൂർണ്ണവുമാണ്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ സർക്കാർ തന്നെ സംസ്കരിക്കും. മരിച്ചവരിൽ 50 പേർ കുഞ്ഞുങ്ങളാണ്.