വ്രത വിശുദ്ധിയിലൂടെ കൈവരിച്ച ആത്മനിര്‍വൃതിയുടെ ആഘോഷമാണ് പെരുന്നാളെന്നും സൃഷ്ടാവില്‍ സര്‍വ്വവും സമര്‍പ്പിച്ച് കളങ്ക രഹിത സമൂഹത്തിനും ലോക സമാധാനത്തിനും പ്രതിജ്ഞ പുതുക്കുന്ന ദിനമാണിതെന്നും മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പരീക്ഷണങ്ങളെ അതിജീവിച്ച് സജീവമായ റമസാന്‍ കാലത്തിന്റെ ധന്യത ആഹ്ലാദകരമാണ്. പ്രയാസം അനുഭവിക്കുന്നവരെ ചേര്‍ത്തു പിടിക്കാനും കണ്ണീരൊപ്പാനും മുന്നോട്ടു വന്നാണ് സൃഷ്ടാവിനോട് നന്ദി കാണിക്കേണ്ടത്. മതത്തിനും ജാതിക്കും നിറത്തിനും അപ്പുറം എല്ലാവരെയും മനുഷ്യരായി കാണാനും മാറോട് ചേര്‍ക്കാനും കഴിയണം.
ആത്മസമര്‍പ്പണത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യത്തിന്റെ സന്തോഷ പ്രഖ്യാപനമാണ് ഈദുല്‍ ഫിത്വര്‍; ആത്മീയവും ഭൗതികവുമായ സമത്വവഴിതേടിയുള്ള പ്രയാണത്തിന്റെ ആഘോഷപ്പെരുന്നാള്‍. കേവലം പളപളപ്പിന്റെ ആഘോഷ കെട്ടുകാഴ്ചകള്‍ക്കപ്പുറം സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും രാഷ്ട്ര-ദേശാന്തരങ്ങളിലേക്കും അകം തുറന്ന് നോക്കുകയെന്നതാണ് കരഗതമാക്കിയ ആത്മീയ ഉന്നതിയുടെ ദൗത്യം.
ഫലസ്തീനിലും യുക്രൈനിലുമുള്‍പ്പെടെ മനുഷ്യാവകാശം നിഷേധിക്കപ്പെട്ട ജനകോടികളുടെ തേങ്ങലുകള്‍ ഓര്‍മ്മിക്കേണ്ട ദിനമാണിത്. മര്യാദാ പുരുഷോത്തമനായ ശ്രീ രാമന്റെ ജന്മദിനാഘോഷത്തിന്റെ മറപിടിച്ച് പോലും വിശുദ്ധ റമസാനില്‍ പ്രാര്‍ത്ഥനാ പൂര്‍വം കഴിച്ചു കൂട്ടിയ പള്ളികള്‍ക്കും പാര്‍പ്പിടങ്ങള്‍ക്കും മേല്‍ ഹുങ്കിന്റെ ബുള്‍ഡോസര്‍ ഓടിച്ചതു നമ്മള്‍ കണ്ടു. നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിച്ച് ജനാധിപത്യ ഇന്ത്യയുടെ വികസനത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് നമ്മുടെ ബാധ്യത. വൈവിധ്യങ്ങളുടെ പൂങ്കാവനമായ രാജ്യത്ത് ഐക്യത്തിന്റെ കാഹളം മുഴക്കി വര്‍ഗീയതക്കെതിരെ സന്ധിയില്ലാതെ നിലകൊള്ളാനുള്ള ഉള്‍ക്കരുത്താണ് ആവശ്യം. പതര്‍ച്ചയില്ലാത്ത സ്ഫുടം ചെയ്യപ്പെട്ട ഈമാനാണ് കൈമുതല്‍.
എല്ലാ മനുഷ്യരും ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും ഉല്‍ഭവിച്ച സഹോദരങ്ങളാണെന്നും വിവിധ ഗോത്രങ്ങളും വിഭാഗങ്ങളുമായി തരം തിരിക്കപ്പെട്ടവരെല്ലാം ഒരേ പൊക്കിള്‍ക്കൊടി ബന്ധത്തിലൂടെ കോര്‍ത്തിണക്കപ്പെട്ടവരാണെന്നും പ്രഖ്യാപിക്കുകയാണ് റമാസനും ഈദും ചെയ്യുന്നത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അതിര്‍വരമ്പിനെ വിശപ്പിനെയും ദാഹത്തെയും സമീകരിച്ചും സഖാത്ത്-ദാനധര്‍മ്മങ്ങളിലൂടെ ലഘൂകരിച്ചും നടത്തുന്ന വിപ്ലവം. പെരുന്നാള്‍ ആഘോഷിക്കുന്ന ഒരാളും വിശന്നിരിക്കരുതെന്നും എത്ര ഉള്ളവനായാലും ഇല്ലാത്തവനായാലും ഇന്ന് വ്രതം അനുവദനീയമല്ലെന്നും തീര്‍ച്ചപ്പെടുത്തുന്നു. ഒരു മാസത്തെ വ്രതത്തെ പൂര്‍ണ്ണതയില്‍ സ്വീകരിക്കപ്പെടാന്‍ നാട്ടിലെ മുഖ്യാഹാരം (ഫിത്വര്‍ സഖാത്ത്) നിശ്ചത അളവിൽ കുറയാതെ അര്‍ഹര്‍ക്ക് എത്തിച്ച് നല്‍കണമെന്ന് അനുബന്ധമായി ചേര്‍ത്തു വെച്ചതും അതേ പൊരുളാണ്.
ദൈവത്തിന്റെ കാരുണ്യവും മാപ്പാക്കലും അതിലൂടെ സ്വര്‍ഗീയ ആനന്ദത്തിലേക്ക് ഉയര്‍ത്തപ്പെടലും കാംക്ഷിച്ച്, പ്രാര്‍ത്ഥിച്ച് ഒരു മാസം കാത്തിരുന്ന് വന്നെത്തിയ സുദിനമാണിത്; വ്രത സമാപ്തിയുടെ വിജയാഘോഷം. വിദ്വേഷ രഹിതവും സഹവര്‍ത്തിത്വ സമഭാവനയും മാനവ രാശിയുടെ സമത്വവും ഉദ്‌ഘോഷിക്കുന്നതാണ് പെരുന്നാള്‍. കേവലം ആചാരത്തിനപ്പുറമുള്ള പ്രാര്‍ത്ഥനാ നിര്‍ഭരമായ പ്രതിജ്ഞ പുതുക്കല്‍. എല്ലാവര്‍ക്കും ഹൃദ്യമായ ഈദുല്‍ഫിത്വര്‍ ആശംസകള്‍; അല്ലാഹു അക്ബര്‍… വലില്ലാഹില്‍ ഹംദ്…