മണിപ്പൂരിൽ മൂന്ന് ക്രിസ്ത്യൻ പള്ളികൾ അനധികൃതമെന്ന് കാണിച്ച് ബിജെപി ഭരിക്കുന്ന സർക്കാർ പൊളിച്ചുനീക്കി. ഈസ്റ്റ് ഇംഫാൽ ജില്ലയിലെ മൂന്ന് ചർച്ചുകളാണ് അധികൃതർ ചൊവ്വാഴ്ച പൊളിച്ചത്.
ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച്, ഇവാഞ്ചലിക്കൽ ലൂഥെറൻ ചർച്ച്, കാത്തലിക് ഹോളി സ്പിരിറ്റ് ചർച്ച് എന്നിവയാണ് തകർത്തത്.
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോ അംഗീകാരമോ ഇല്ലാതെ സർക്കാർ ഭൂമിയിൽ നിർമിച്ചിരുന്നതിനാലാണ് ചർച്ചുകൾ പൊളിച്ചുനീക്കിയത് എന്നാണ്് അധികൃതർ പറയുന്നു.
ഇതിൽ ഒരു പള്ളി 1974ൽ നിർമിച്ചതാണ്. 2020 ഡിസംബറിൽ പള്ളികൾക്കും സമീപത്തെ കുറച്ച് ഗാരേജുകൾക്കും സർക്കാർ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. ചർച്ചുകൾക്കെതിരെ ഒരു പ്രാദേശിക സംഘടനയാണ് മണിപ്പൂർ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് തൽസ്ഥിതി തുടരാൻ രണ്ട് വർഷത്തേക്ക് കോടതി സമ്മതിച്ചിരുന്നു.
എന്നാൽ ഇത് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് പള്ളികൾ പൊളിച്ചത്. നിയമ വിരുദ്ധമെന്നു കാണിച്ച് രാജ്യത്ത് പലേടത്തും മുസ്ലിം ദൈവാലയങ്ങളും സമാനമായ രീതിയിൽ പൊളിക്കുന്ന വാർത്തകൾക്കിടയാണ് ക്രൈസ്തവ ദേവാലയവും പൊളിക്കുന്നത്. ജനസംഖ്യയിൽ 41 ശതമാനത്തോളമാണ് മണിപ്പൂരിലെ ക്രിസ്ത്യൻ ജനസംഖ്യ.
‘പള്ളികൾ ആളുകൾക്കിടയിൽ സ്‌നേഹവും ഐക്യവുമാണ് പഠിപ്പിക്കുന്നത്. ഞങ്ങൾ മോശമായി ഒന്നും പഠിപ്പിക്കുന്നില്ല. അതിനാൽ പള്ളികൾ തകർത്തത് ഞങ്ങളിൽ വളരെയേറെ വേദനയുണ്ടാക്കുന്നു’- വെന്നാണ് ഇത് സംബന്ധിച്ച് വൈദികരുടെ പ്രതികരണം.