രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനസമ്മേളനം ദേശീയ രാഷ്ട്രീയത്തിലെ പ്രതിപക്ഷമുന്നേറ്റത്തിനും ഐക്യത്തിനും കൂടി വേദിയാകുന്നു. യാത്രയുടെ സമാപനത്തിലേക്ക് രാജ്യത്തെ 21 പ്രതിപക്ഷ പാർട്ടികളെ ക്ഷണിച്ച് കോൺഗ്രസ്. ടിഎംസി, എസ്പി, ഡിഎംകെ, സിപിഐ എം, സിപിഐ, ജെഡിയു, ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ), എൻസിപി, ജെഎംഎം, ആർജെഡി, പിഡിപി, നാഷണൽ കോൺഫറൻസ്, ടിഡിപി, ബിഎസ്പി , മുസ്ലിം ലീഗ്, കേരള കോൺഗ്രസ്, ആർ.എസ്.പി തുടങ്ങിയ പാർട്ടികളെയാണ് ് സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ജനുവരി 30 ന് കശ്മീരിലെ ശ്രീനഗറിലാണ് ഭാരത് ജോഡോ യാത്ര സമാപിക്കുന്നത്.
എന്നാൽ ആംആദ്മി പാർട്ടിക്ക് പുറമെ മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ജെഡിഎസ്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസ് എന്നി പാർട്ടികളെ ഒഴിവാക്കിയിട്ടുണ്ട്.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന് ഖാർഗെയാണ് 21 പാർട്ടി അധ്യക്ഷൻമാർക്കും കത്തയച്ചത്. ഈ പാർട്ടികളുടെ സാന്നിധ്യം യാത്രയുടെ സത്യം, അനുകമ്പ, അഹിംസ തുടങ്ങിയ സന്ദേശത്തെ ശക്തിപ്പെടുത്തുമെന്ന് ഖാർഗെ കത്തിൽ ചൂണ്ടികാണിക്കുന്നു.
സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്നു ആരംഭിച്ച ഭാരത് ജോഡോ യാത്ര 10 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയും കടന്ന് ഇപ്പോൾ പഞ്ചാബിലാണ് പര്യടനം നടത്തുന്നത്. ഇതിനകം 3,300 കിലോമീറ്റർ യാത്ര കടന്നുപോയി. കോൺഗ്രസ്സിന്റെ ശക്തി കേന്ദ്രങ്ങളിൽമാത്രം ചലനമുണ്ടാക്കുകയുള്ളുവെന്ന് പൊതുവെ വിലയിരുത്തിയ ഭാരത്് ജോഡോ യാത്ര രാജ്യത്ത് വൻചലനമാണ് സൃഷ്ടിച്ചത്. ഹിദി ഹൃദയഭൂമിയിലും യാത്ര ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളും സാമൂഹ്യപ്രവർത്തകരുമെല്ലാം കണ്ണിചേർന്നതോടെ യാത്ര കോൺഗ്രസ്സിനു ചരിത്രപരമായ നേട്ടമായി മാറിയിട്ടുണ്ട്്്. കാശ്മീരിൽ സമാപനം പ്രതിപക്ഷ സംഗമംകൂടിയാകുന്നതോടെ 2024 ലെ തിരഞ്ഞെടുപ്പിന്റെ ഐക്യകാഹളവും മുഴക്കുന്നതായി ഭാരത് ജോഡോ യാത്ര മാറും.