സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ എൽഡിഎഫ് അനുമതി നൽകി. ബസ് ചാർജ് മിനിമം ചാർജ് എട്ടുരൂപയിൽ നിന്ന് 10 രൂപയാക്കും. മിനിമം ചാർജ് ദൂരത്തിനുശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപയാക്കി . കൺസഷൻ നിരക്ക് പുനഃപരിശോധിക്കും. വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കുന്നത് പരിശോധിക്കാൻ സമിതിയെ നിയോഗിക്കും. ഇടതുമുന്നണി നിരക്ക് വർധനവിനു അനുമതി നൽകിയതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.
ഓട്ടോറിക്ഷയ്ക്ക് മിനിമം ചാർജ് 30 രൂപയാകും. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ നൽകണം. ടാക്‌സിക്കൂലിയും കൂട്ടി. 1500 സിസിയിൽ താഴെയുള്ള ടാക്‌സി കാറുകൾക്ക് മിനിമം ചാർജ് 200 രൂപയാകും. 1500 സിസിക്ക് മുകളിലുള്ള ടാക്‌സികൾക്ക് 5 കിലോമീറ്റർ വരെ 225 രൂപ. അധികം വരുന്ന ഓരോ കിലോമീറ്ററിനും 20 രൂപ.
രാത്രികാല നിരക്കിനും വെയ്റ്റിങ് ചാർജിനും നിലവിലുള്ള മാനദണ്ഡങ്ങൾ തുടരും. വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം ന്യായമാണെന്നും മന്ത്രി പറഞ്ഞു.