Friday, January 3, 2025

Top 5 This Week

Related Posts

ഫാത്തി സലിം.. ഭാഷയുടെ ആഴങ്ങൾ തേടുന്ന കഥാകാരി

മാതൃഭൂമി ബുക്സ് അടുത്തിടെ പുറത്തിറക്കിയ ഫാത്തി സലീമിന്റെ ദച്ചോമയും മാഹിയിലെ പെണ്ണുങ്ങളും 2023 ലെ ഏറ്റവും ശ്രദ്ധേയ പുസ്തകങ്ങളിൽ ഇടം പിടിക്കുന്നു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സെക്രട്ടറി ഡോക്ടർ പി ബി സലിം ഐഎസിൻറെ ഭാര്യ ഫാത്തിസലീമിന്റെ ആദ്യ രചനയാണ് ഇത്. മലയാളഭാഷാ വൈവിധ്യങ്ങളിൽ നിലച്ചുപോയ പരീക്ഷണത്തിന്റെ തുടർച്ച എന്ന നിലയിൽ മാഹി ഭാഷയുടെ ആഖ്യാനത്തിലൂടെയുള്ള ഫാത്തി സലീമിന്റെ രചന വായനക്കാർ അതീവ കൗതുകത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

അസ്വഭാവിക രചനയുടെ അസ്വസ്ഥതകളാണ് പുസ്തകത്തെ അസാധാരണമാക്കുന്നത്. എഴുത്തു ഭാഷയെ മാറ്റിവെച്ച് സംസാരഭാഷയെ പകരം വച്ചുകൊണ്ടാണ് കഥാകാരിയുടെ ആഖ്യാനം. പ്രതീക്ഷിക്കാത്തതും വഴങ്ങാത്തതും ആയ ഭാഷയിൽ മാഹിയുടെ മധ്യവർഗ്ഗ ഗ്രാമീണ സ്ത്രീകളും അവരുടെ ചുറ്റുവട്ടങ്ങളും സംസ്കാരവും ജീവിതവും സ്വപ്നങ്ങളുമാണ് കഥയുടെ പ്രതിപാദ്യം. നിഷ്കളങ്കതയുടെ ആഴങ്ങൾ സ്ത്രീ ഭാഷണങ്ങളിലും അവരുടെ പരിഭവങ്ങളും പരാതികളും കുശുമ്പുകളും നിറഞ്ഞ ചുറ്റുവട്ടങ്ങളിലും നിറഞ്ഞുനിൽക്കുന്നു.

മാഹി പലരുടെയും കഥാ ലോകത്തിൻറെ വാതായനങ്ങളായിരുന്നു. പ്രത്യേകിച്ച് എം മുകുന്ദൻ. പക്ഷേ മുകുന്ദന്റെ കഥകൾ അവരുടേ ഭാഷയെ തിരസ്കരിച്ചുകൊണ്ട് ജീവിതത്തിൻറെ ആഴങ്ങളെയാണ് പരതിയത്. വി കെ എൻ പാലക്കാടിന്റെ ഭാഷ സരസമായി അവതരിപ്പിച്ചെങ്കിലും അത് കേരളത്തിൻറെ പൊതു ഭാഷണങ്ങളിൽ നിന്നും അത്ര വ്യത്യസ്തമായിരുന്നില്ല. മാഹിയുടെ ഭാഷ, പ്രതിപാദ്യ വിഷയം ആക്കുന്നതിന് തയ്യാറായവർ നന്നേ കുറവാണ്. പൊതു മലയാളിക്ക് വഴങ്ങാത്തതും എന്നാൽ മലയാളഭാഷയിൽ സജീവമായ പദങ്ങളും ചേർന്ന മാഹി ഭാഷാ ഒരു പുസ്തക പ്രതിപാദനത്തിന് ഉപയോഗിക്കൽ തന്നെയാണു കഥാകാരി ഏറ്റെടുത്ത ആദ്യത്തെ പരീക്ഷണം.

കൂർമ്മമായ നിരീക്ഷണത്തിലൂടെ കഥാകാരി കഥാപാത്രങ്ങളുടെ ചലനങ്ങളും ചിന്തകളും വൈകല്യങ്ങളും കൂട്ടിച്ചേർത്ത് മാഹിയിലെ നാടൻ മനുഷ്യ ജീവിതങ്ങളെ അവിസ്മരണീയമായി ആവിഷ്കരിക്കുന്നു പുസ്തകത്തിൽ.

ഫാത്തി സലിം പെണ്ണെഴുത്തിൻറെ പുതിയ ഭാഷയാണ് കണ്ടെത്തുന്നത്. മലയാളത്തിൻറെ കഥാലോകത്ത് പുതിയ പ്രതീക്ഷയുടെ ഉദയമാണ് ഈ പുസ്തകം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles