ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ കേസെടുക്കാനും പ്രിയങ്ക വെല്ലുവിളിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീരുവും അഹങ്കാരിയുമാണെന്ന് പ്രിയങ്ക ഗാന്ധി. അദാനിയുടെ പേര് പറയുമ്പോൾ എന്തിനാണ് വെപ്രാളം. അദാനിയുടെ ഷെൽ കമ്പനികളിൽ 20,000 കോടി രൂപ നിക്ഷേപിച്ചത് ആരാണ്. കൊള്ളയടിച്ചത് രാജ്യത്തിൻറെ സമ്പത്താണ്. അഹങ്കാരിയായ പ്രധാനമന്ത്രിയെ ജനങ്ങൾ തിരിച്ചറിയും. ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ കേസെടുക്കാനും പ്രിയങ്ക വെല്ലുവിളിച്ചു. രാജ്ഘട്ടിൽ കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക
രാജ്യത്തെ ചിലർ കൊള്ളയടിച്ചു. കൊള്ളയടിച്ചത് രാഹുൽ ഗാന്ധിയുടെ സ്വത്തല്ല. ചോദ്യം ചോദിക്കാനുള്ള അവകാശം രാജ്യത്ത് ഇല്ലാതാകുന്നു. കോൺഗ്രസ് കൂടുതൽ ശക്തിയോടെ പോരാടുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഞങ്ങളുടെ കുടുംബം ഈ രാജ്യത്തിന്റെ ജനാധിപത്യത്തെ അവരുടെ രക്തം കൊണ്ടാണ് പരിപോഷിപ്പിച്ചതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി
ഞങ്ങളുടെ കുടുംബത്തെ നിരവധി തവണ അപമാനിച്ചു, പക്ഷേ ഞങ്ങൾ പ്രതികരിച്ചില്ല. ഇത്തരക്കാരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയുന്നില്ല. അവരെ പാർലമെന്റിൽ നിന്ന് അയോഗ്യരാക്കുന്നില്ല. ഞങ്ങളുടെ കുടുംബം രാജ്യത്തിന് വേണ്ടി പോരാടിയതിന് ലജ്ജിക്കണോ? രാഹുൽ ഗാന്ധി രക്തസാക്ഷിയുടെ മകനാണെന്നും രക്തസാക്ഷിയുടെ മകനെ അയോഗ്യനാക്കിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. രക്തസാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. രക്തസാക്ഷിയായ പിതാവിനെ പല തവണ പാർലമെൻറിൽ അപമാനിച്ചു. ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാർ ആ രക്തസാക്ഷിയുടെ ഭാര്യയെ പാർലമെൻറിൽ അപമാനിച്ചു. ബി.ജെ.പിയുടെ ഒരു മുഖ്യമന്ത്രി രാഹുൽ ഗാന്ധിക്ക് തന്റെ പിതാവ് ആരാണെന്ന് പോലും അറിയില്ലെന്ന് പറഞ്ഞു. എന്നാൽ, ഇത്തരക്കാർക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും പ്രിയങ്ക വിമർശിച്ചു.
തൻറെ സഹോദരൻ രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെൻറിൽവെച്ച് കെട്ടിപിടിച്ചു. എന്നിട്ട് വെറുപ്പില്ലെന്ന് മോദിയോട് പറഞ്ഞു. വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങൾ നമുക്കുണ്ടാകാം, എന്നാൽ വെറുപ്പിന്റെ പ്രത്യയശാസ്ത്രം നമുക്കില്ലെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.