Monday, January 27, 2025

Top 5 This Week

Related Posts

പോലീസ് മതപരമായ വിവേചനം കാണിക്കുന്നു : മൂവാറ്റുപുഴ അഷറഫ് മൗലവി


സർക്കാർ അറിയാതെ ഐ.പി.സി പോലിസുകാർ ഭേദഗതി ചെയ്തോ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം

സംസ്ഥാനത്തെ പോലിസ് കടുത്ത വിവേചനം തുടരുകയാണെന്നു മൂവാറ്റുപുഴ അഷറഫ് മൗലവി. ഇടതു സർക്കാർ നീതിയുക്തവും നിഷ്പക്ഷവുമായി മാറണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശീയവിദ്വേഷവും നുണപ്രചാരണവും നടത്തുന്ന ജോർജിന് അറസ്റ്റിൽ നിന്നു രക്ഷപ്പെടുത്തുന്ന സമീപനമാണ് പോലിസ് സ്വീകരിച്ചത്. വിദ്വേഷ പ്രസംഗങ്ങളിലും പ്രകോപന മുദ്രാവാക്യങ്ങളിലും കുറ്റാരോപിതർക്കെതിരേ കേസെടുക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിലും മതം അടിസ്ഥാനമാക്കുന്ന കടുത്ത വിവേചനമാണ് ഇടതു സർക്കാർ ഭരിക്കുന്ന കേരളത്തിൽ നിലവിലുള്ളതെന്നും അഷറഫ് മൗലവി ആരോപിച്ചു.

ആലപ്പുഴയിൽ നടന്ന പൊതുപരിപാടിയിൽ ഒരു കുട്ടി വിളിച്ച മുദ്രാവാക്യം ഒരു മതത്തിനും എതിരായിരുന്നില്ല. മറിച്ച്, രാജ്യത്തിന്റെ ശത്രുവായ ആർഎസ്എസ്സിനെതിരായിരുന്നു. ആർഎസ്എസ്സിനെതിരേ പ്രസംഗിക്കുമ്പോൾ, വിമർശിക്കുമ്പോൾ, ഫേസ് ബുക്ക് പോസ്റ്റിടുമ്പോൾ അത് ഹൈന്ദവ വിശ്വാസികൾക്കെതിരെയാണെന്ന് വരുത്തി തീർക്കുന്നത് ശരിയല്ല.
അത് പൊതുബോധത്തിന് സൃഷ്ടിക്കുന്ന ആഘാതം വലുതായിരിക്കും. ഇത്തരം സംഗതികളിൽ അറിഞ്ഞോ അറിയാതെയോ ആഭ്യന്തര വകുപ്പ് സംഘ്പരിവാറിനെ സഹായിക്കുകയാണ്.
സർക്കാർ അറിയാതെ ഐപിസി പോലിസുകാർ ഭേദഗതി ചെയ്തോ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. 153 എ പ്രകാരം കേസെടുത്ത സംഭവങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവരെ ഉടൻ അറസ്റ്റുചെയ്ത് തടവിലാക്കുകയും മറ്റുള്ളവരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ്. 153 എ വകുപ്പ് രണ്ടു തരം ഉണ്ടോ എന്നതാണ് സംശയം. സംഘപരിവാര നേതാക്കളായ ടി ജി മോഹൻദാസ്, കെ പി ശശികല, ബി ഗോപാലകൃഷ്ണൻ, പി സി ജോർജ് ഉൾപ്പെടെയുള്ളവർക്കെതിരേ ഇതേ വകുപ്പ് ചുമത്തിയാൽ അറസ്റ്റില്ല. എം എം അക്ബർ, ഷംസുദ്ദീൻ പാലത്ത്, ഉസ്മാൻ ഹമീദ് കട്ടപ്പന, അൻസാർ ഈരാറ്റുപേട്ട എന്നിവരാണെങ്കിൽ ഉടൻ അറസ്റ്റ്. ഈ വിവേചനം ഇടതു സർക്കാർ അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരും. ആലപ്പുഴയിൽ നടന്ന സമ്മേളനവുമായി ബന്ധപ്പെട്ട് പ്രകോപന മുദ്രാവാക്യം വിളച്ചെന്ന കേസിൽ സംഘാടകരെയും പ്രതി ചേർത്തിരിക്കുകയാണ്. അതേസമയം, തിരുവനന്തപുരത്ത് സംഘപരിവാർ സംഘടപ്പിച്ച ഹിന്ദുമത സമ്മേളനത്തിൽ വംശീയ വിദ്വേഷവും നുണയും പ്രസംഗിക്കുകയും മത സ്പർദ്ദയ്ക്കും കലാപത്തിനും ആഹ്വാനം ചെയ്യുകയും ചെയ്ത പി സി ജോർജ്, ദുർഗാദാസ്, വടയാർ സുനിൽ ഉൾപ്പെടെയുള്ളവർക്കെതിരേ സർക്കാരും പോലിസും എന്തു നടപടി സ്വീകരിച്ചു എന്നറിയാൻ പൊതുസമൂഹത്തിന് താൽപ്പര്യമുണ്ട്. തിരുവനന്തപുരത്തും വെണ്ണലയിലും വിദ്വേഷ പ്രസംഗങ്ങൾക്ക് വേദിയൊരുക്കിയ സംഘാടകർക്കെതിരേ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പിണറായി വിജയന്റെ ഇരട്ട മുഖം പൗരസമൂഹം തിരിച്ചറിയുന്നുണ്ട്. ആർഎസ്എസ് നിയന്ത്രണത്തിൽ നിന്ന് പോലിസിനെ മോചിപ്പിക്കാൻ കഴിയില്ലെങ്കിൽ രാജിവെക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. ഇടതു സർക്കാർ പുലർത്തുന്ന വിവേചനത്തിനും വർഗീയതയ്ക്കും എതിരേ ശക്തമായ പ്രചാരണവും പ്രതിഷേധവും സംഘടിപ്പിക്കുമെന്നും അഷ്റഫ് മൗലവി വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ എസ്ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീനും സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles