ഭാഗം -അഞ്ച്
50 സെന്റിൽ അപ്രായോഗികം
പോയാലിമല ടൂറിസം ആദ്യം 5ം സെന്റിൽവരട്ടെ, പിന്നീട് അടുത്തഘട്ടം നടപ്പാക്കാമല്ലോ, എന്ന നിഷ്‌കളങ്കമായ ചോദ്യം ഉയരുന്നുണ്ട്. എന്നാൽ ഈ 50 സെന്റ് എവിടെ അളന്നു എടുക്കും. അളന്നു എടുക്കുന്ന സ്ഥലത്ത് എന്ത് പ്രോജക്ട് താല്ക്കാലികമായി കൊണ്ടുവരാൻ സാധിക്കും. വിശദമായി പരിശോധിക്കപ്പെടേണ്ട കാര്യമാണ്. പോയാലിമലയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് ഇത്തരത്തിൽ വാദിക്കുന്നത്.
മലമുകളിലേക്ക് എത്താനുളള അരകിലോമീറ്ററിലേറെ ദുരം വഴി, പലേടത്തായി വേർതിരിഞ്ഞു കിടക്കുന്ന നിരപ്പായ പാറ, മൊട്ട കുന്നുകളും, കുത്തനെയുളള ചെരിവും, ഇതാണ് പൊതു ചിത്രം. പോയാലിമലയിൽ ആദ്യഘട്ടമായി റവന്യൂവകുപ്പ് അളന്നുതിട്ടപ്പെടുത്തിയ 13 ഏക്കറോളം സ്ഥലത്തിന്റെ 90 ശതമാനവും നിലവിൽ സഞ്ചാരികൾ ഉപയോഗിക്കുന്നതും, ആരുടെയും കൈവശത്തിലല്ലാതെ തരിശായി കിടക്കുന്നതുമാണ്. നിയമപരമായി സ്ഥലം അളന്നുതിരിച്ച് കല്ലിടൽ നടത്തിയിട്ടില്ല. ഔദ്യോഗികമായി ടൂറിസം പദ്ധതി പ്ദ്ധതി അംഗീകരിക്കുകയും ചെയ്തിട്ടില്ലെന്നതാണ് വസ്തുത.
ഔദ്യോഗികമായി പദ്ധതി -ചുരുങ്ങിയ സ്ഥലത്താണെങ്കിലും – ഏറ്റെടുക്കുമ്പോൾ ആദ്യം അവിടേക്കുള്ള വഴിയുണ്ടാവണം. ഇപ്പോൾ പോയാലിമലയിലേക്കു സഞ്ചാരികൾ പോകുന്നത് പൊതുവെ റവന്യൂഭൂമിയിലൂടെയാണെങ്കിലും സ്വകാര്യവ്യക്തികളുടെ ഭൂമിയും ഉപോയോഗിക്കുന്നുണ്ട്. അനൗദ്യോഗികമായി ജനം കയറി ഇറങ്ങുമ്പോൾ ഇത് പ്രശ്‌നമാകുന്നില്ല. പക്ഷേ, ഗ്രാമ പഞ്ചായത്തോ, സർക്കാരോ പദ്ധതി നടപ്പിലാക്കുമ്പോൾ പ്രഥമ പരിഗണന വഴിക്ക് വേണ്ടിവരും. റവന്യൂവകുപ്പിൽ നിന്നു ടൂറിസം വകുപ്പിനു സ്ഥലം അളന്നുകൊടുക്കുമ്പോൾ വഴി അളന്നു കൈമാറാതെ മലമുകളിൽ എവിടെയെങ്കിലും സ്ഥലം വിട്ടുകൊടുക്കാനാവില്ല.
വഴിയുടെ വിവിധ ദൃശ്യം
വഴിയുടെ ഇപ്പോഴത്തെ കിടപ്പു പ്രകാരം ഏകദേശം അരകിലോമീറ്റർ കണക്കാക്കിയാലും 50 സെന്റിലേറെ സ്ഥലം വേണ്ടിവരും. എട്ട്, 10, 15 എന്നിങനെ പല വീതിയിലാണ് വഴി കിടക്കുന്നത്. മലമുകളിലെത്താൻ കൂറ്റൻപാറ ഉൾപ്പെടെ കയറണം. പാറ പൊട്ടിച്ചുമാറ്റാതെ സ്വാഭാവികമായ ഭംഗി നിലനിർത്തി പടവുകളും മറ്റും നിർമിച്ച് വഴിയൊരുക്കണെമെങ്കിൽ ഏത്ര സെന്റ് വേണമെന്ന് അളന്നുനോക്കിയാൽ മാത്രമേ കൃത്യമായ കണക്ക് കിട്ടുകയുള്ളു. വഴിയുടെ ഇരു ഭാഗത്തുമുളള റവന്യൂ ഭൂമി ഒഴിവാക്കി വഴിക്കുള്ള സ്ഥലം അളന്നുതിരിച്ചാൽപോലും ചിലപ്പോൾ 50 സെന്റിൽകൂടുതൽ സ്ഥലം മാറ്റിവയ്‌ക്കേണ്ടിവരും.
ഇനി വഴി അനുവദിക്കാതെ 50 സെന്റ,് മലയുടെ തുടക്കത്തിൽ അളന്നുകൊടുത്താൽ പഴയ കുടിവെള്ള ടാങ്ക് ഇരിക്കുന്ന ഒരു നിരപ്പായ പാറ ടൂറിസം വകുപ്പിനു കിട്ടും. അല്ലെങ്കിൽ അപ്പുറത്തു മറ്റൊരു പാറ കൊടുക്കാം. പോയാലി മലയിലെത്തുന്ന സഞ്ചാരികൾക്ക് വെറു ഒരു പാറപ്പുറത്ത് എന്തു സൗകര്യം ചെയ്യാനാവുമെന്ന് ആലോചിക്കേണ്ടതാണ്. റവന്യൂവകുപ്പ് ഇപ്പോൾ നൽകിയിരിക്കുന്ന നിബന്ധന അനുസരിച്ചാണെങ്കിൽ ഒരു കെട്ടുറപ്പുള്ള ടോയ്‌ലറ്റുവരെ പണിയാനാവില്ല. കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിനുപേർ മണിക്കൂറുകൾ ചെലവഴിക്കുന്ന സ്ഥലത്ത് ഒരു കംഫർട്ട് സ്റ്റേഷൻ അത്യാവശ്യമാണ്. കാവൽപ്പുര, ടിക്കറ്റ് കൗണ്ടർ എന്നിവയെല്ലാം തുടക്കത്തിൽതന്നെ നിർമിക്കേണ്ടിവരും.
ദൂരക്കാഴ്ചകൾ
സഞ്ചാരികൾക്കു വേണ്ടത്
പോയാലി മലയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന കാഴ്ചകളിലൊന്ന് മലമുകളിൽനിന്നു നാനാ ദിക്കുകളിലും നോക്കുമ്പോൾ കാണുന്ന പ്രകൃതി ഭംഗിയാണ്. മറ്റൊന്ന് വ്്യത്യസ്ത സ്ഥലത്തായി കിടക്കുന്ന ഐത്യഹ്യമായി ബന്ധപ്പെട്ട കാഴ്ചകളാണ്. വാൾകുത്തിയെന്നു പറയപ്പെടുന്ന കിണർ, കുതിരക്കുളമ്പടിയും കാൽപാദവും പോലെയുളള അടയാളം തുടങ്ങിയ.വയാണ്. ഇതിൽ ഏറ്റവും ആകർഷകവും അദ്ഭുതവുമായ കിണർ അപകടകരമായ സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. പാറച്ചെരുവിൽ വീതികുറഞ്ഞ ഇവിടെ താഴേക്ക് ചെങ്കുത്തായ പാറയും അഗാധമായ താഴ്വാവാരവുമാണ്. വർഷകാലത്ത് പായൽപിടിച്ച് തെന്നൽ രൂപപ്പെടും. സൂക്ഷമതയും ഭാഗ്യംകൊണ്ടുമാത്രമാണ് ഇതുവരെ അപകടം സംഭവിക്കാത്തത്. ഇവിടെ ആളുകൾ വീഴാതെ പാറതുളച്ച് തൂണുകൾ പിടിപ്പിച്ച്്് സംരക്ഷണ വേലി നിർമിക്കണം. അതുപോലെ കാൽപാദം, കുതിരക്കുളമ്പടി ദൃശ്യമാകുന്ന പാറയിലും സംരക്ഷണ കൈവേലി പിടിപ്പിക്കാം. ദൂരെ ദൃശ്്യങ്ങൾ കാണുന്ന പാറയുടെ ഓരവും ഇതുപോലെ സുരക്ഷിമാക്കാവുന്നതാണ്.
മലമുകളിലെ വിസ്മയക്കാഴ്ചകൾ
സഞ്ചാരികൾക്കുകടന്നുപോകുന്നതിനു സാധിക്കുന്നിടത്തേക്ക് നടപ്പാത ഒരുക്കുക്കയെന്നത് പ്രധാനമാണ് .അധികൃതർക്ക് എല്ലായിടത്തേക്കും കണ്ണെത്തുംവിധം കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കുക. പൂച്ചെടികൾ വച്ചുപിടിപ്പിക്കുക, ഇരിപ്പിടങ്ങൾ സ്ഥാപിക്കാനാവുന്ന സ്ഥലങ്ങളിൽ ഇരിപ്പടം ഒരുക്കുക, വഴിയോരങ്ങലിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുക എന്നിങ്ങനെ മുൻഗണനാക്രമത്തിൽ നിരവധി കാര്യങ്ങൾ പ്രോജക്ടിന്റെ ഭാഗമായി ഏറ്റെടുക്കാനാവും. ഏക്കർകണക്കിനു വിസ്തൃതമായ സ്ഥലത്ത് നടപ്പിലാക്കേണ്ട ഈ കാര്യങ്ങളൊന്നും ഒരു ചുരുങ്ങിയ സ്ഥലത്ത്് ചെയ്യാവുന്ന കാര്യമേയല്ല. പ്രായോഗികമായി എന്തെങ്കിലും ഫണ്ട് വിനിയോഗിക്കാൻ അവസരമില്ലാതെഅല്പം പാറപ്പുരം കൊടുത്തിട്ട് കൊടുത്തിട്ട് കാര്യമുണ്ടോയെന്ന് പര്യലോചിക്കേണ്ടതാണ്. ഇപ്പോൾ ഏക്കർകണക്കിനു സ്ഥലം വിനിയോഗിച്ചുകൊണ്ട് കാഴ്ച കണ്ടുകൊണ്ടിരിക്കുന്ന സഞ്ചാരികളുടെ വഴിയടാതെ അവർക്ക് കൂടുതൽ സൗകര്യമേർപ്പെടുത്തുന്നതാവണം ഔദ്യോഗികമായ ടൂറിസം പദ്ധതി.
പോയാലി മല പദ്ധതി വിവാദമായിരിക്കെ പദ്ധതി നടപ്പിലാക്കുന്നതിനു ഇനി രണ്ടു മാർഗ്ഗങ്ങളാണ് അധികൃതരുടെ മുന്നിലുളളത്.
ഒന്ന് : സ്ഥലം അളവ് ഉൾപ്പെടെ നയപരമായ തീരുമാനം എടുക്കുകയും, പദ്ധതി നടപ്പിലാക്കുന്നതിനു ഭരണ പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് കഴിഞ്ഞ രണ്ടുവർഷവും മുന്നോട്ടുപോയ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ( ഡെസ്റ്റിനേഷൻ ചലഞ്ചായി ടൂറിസം വകുപ്പിന്റെ സംയുക്ത) പ്രോജക്ട് നടപ്പിലാക്കുക. അതിനു നിയമ തടസ്സം ഒഴിവാക്കുന്നതിനു റവന്യൂവകുപ്പ് സ്ഥലം അളന്നുതിട്ടപ്പെടുത്തി തിരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിനു കൈമാറുക. സർവ്വേക്കല്ല് സ്ഥാപിക്കുന്നതിനു പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഫണ്ട് വിനിയോഗിക്കുക.
രണ്ട് : ഗ്രാമ പഞ്ചായത്തിനെ പൂർണമായും ഒഴിവാക്കി സ്ഥലം പൂർണമായും പ്രോജക്ട് നടപ്പിലാക്കാനുള്ള പൂർണ അവകാശത്തോടെ മുഴുവൻ സ്ഥലവും ടൂറിസം വകുപ്പിനു കൈമാറുക. ടൂറിസം വകുപ്പ് നേരിട്ട് പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുക.
ഇതിൽ ഗ്രാമ പഞ്ചായത്തിന്റെ സംയുക്ത പ്രോജക്ടായി ഏറ്റെടുക്കുന്നതാവും നാടിനും പദ്ധതി പ്രദേശത്തെ ജനങ്ങൾക്കും കൂടുതൽ ഗുണകരം. നാടിന്റെ വലിയൊരു പദ്ധതി പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടും. പ്രദേശികമായി ജനപ്രതിനിധികൾക്ക് അധികാരം, ജീവനക്കാരുടെ നിയമനം. പദ്ധതിയുമായി ബന്ധപ്പെട്ട പരാതി പരിഹാരം എന്നിവയെല്ലാം എളുപ്പമാവും. ടൂറിസം വകുപ്പിന്റെ പങ്കാളിത്തം ഉറപ്പാകുന്നതോടൊപ്പം ഫണ്ടിന്റെ ലഭ്യതകൂടുതൽവരുത്താനാവും്. മറിച്ച് നൂറുകണക്കിനു പ്രോജക്ടുകൾ നേരിട്ട് നിയന്ത്രണത്തിലുളള ടൂറിസം വകുപ്പിന് മുൻഗണനാക്രമത്തിൽ മാത്രമാണ് ഫണ്ട് ഉൾപ്പെടുത്താനാവുക.
മണ്ണെടുപ്പ്, പാറഖനനം, നിരോധിക്കണം
പോയാലിമലയുടെ ചെരുവുകളിൽ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്ന മണ്ണെടുപ്പ് , പാറഖനനം എന്നിവയെല്ലാം ഒഴിവാക്കേണ്ടത് അനിവാര്യമാണ് .സ്വകാര്യഭൂമിയിൽ ഉൾപ്പെടെ മണ്ണും കല്ലും എടുത്തുളള പൈ്വവുഡ് കമ്പനി, പാറമട ഒന്നും അനുവദിക്കരുത്. ഇത് പ്രകൃതി ദുരന്തത്തിനും മലയുടെ സ്വാഭാവികമായ നിലനില്പും അപകടത്തിലാക്കും. താഴ്വാവാരങ്ങളിലെ ജനങ്ങളുടെ ജീവിതത്തിനും ഭീഷണിയാണ്. ലക്ഷങ്ങൾ മുടക്കിത്തുടങ്ങുന്ന സ്ഥാപനങ്ങൾക്കും അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവനും സുരക്ഷിതമായിരിക്കില്ല. ഇടുക്കിയിലെയും, വയനാട്ടിലെയും പല വൻദുരന്തങ്ങളും ഇങ്ങനെ മണ്ണിടിച്ചതിന്റെ ഫലമായി സംഭവിച്ചതാണെന്നു വിദഗ്ധർ വിലയിരുത്തിയിരുന്നു. പോയാലി മലയുമായി ബന്ധപ്പെട്ട്് കഴിഞ്ഞ വർഷം നിർദിഷ്ട പ്ലൈവുഡ് കമ്പനിയുടെ സ്ഥലത്ത് സംഭവിച്ചത് അപകട സൂചനയാണ്.
ഇരിക്കുന്ന കൊമ്പ് മുറിക്കരുത്
പോയാലി മല പ്രശനം ഗ്രാമപഞ്ചായത്ത് കമ്മിറ്റി അജണ്ടവച്ച് ചർച്ച ചെയ്ത് ഇക്കാര്യത്തിൽ ഭരണ പ്രതിപക്ഷ കക്ഷികൾ യോജിച്ച തീരുമാനമെടുക്കുക. പ്രശ്‌നങ്ങൾ പഞ്ചായത്ത് കമമിറ്റിയിൽ ചർച്ച ചെയ്ത് പരിഹാരം തേടുക. ബാഹ്യമായ രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെ പ്രോജക്ട് നടപ്പിലാക്കാൻ സഹായിക്കുക. 50 സെന്റ് പോയാലി മല ടൂറിസം നടപ്പിലാക്കുന്നതിനു വിനിയോഗ അവകാശം മാത്രം നല്്കുന്ന ഒരു ഉത്തരവ് മാത്രമാണ് ഇറങ്ങിയിട്ടുള്ളത്. ഇത് മരവിപ്പിച്ച് മുഴുവൻ ഭൂമിയും പ്രോജക്ടിനായി ബന്ധപ്പെട്ട വകുപ്പിനു കൈമാറുന്നതിനു സാധിക്കണം. വിവാദങ്ങളുടെ ഇരുട്ടറയിൽ പദ്ധതി പാഴായിപ്പോകാതെ നാട്ടുകാരും ജാഗ്രത പുലർത്തണം.
അവസാനിച്ചു.