Monday, January 27, 2025

Top 5 This Week

Related Posts

പേരറിവാളിൻ്റെ മോചനവും സുപ്രിം കോടതി വിധിയും

പേരറിവാളനെ ജയിൽ മോചിതനാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി സാങ്കേതികമായി അദ്ദേഹത്തിന്റെ നിരപരാധിത്വത്തിനുള്ള തെളിവല്ല. രാജ്യത്തെ ഫെഡറൽ ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നു എന്ന തരത്തിലായിരിക്കും ഭാവിയിൽ ഈ വിധി വായിക്കപ്പെടുക. ഗവർണർ സംസ്ഥാന മന്ത്രിസഭയുടെ ഉപദേശങ്ങള്ക്ക് അനുസൃതമായി പ്രവർത്തിക്കേണ്ടതാണെന്ന് ഒരിക്കൽ കൂടി അടിവരയിട്ട് പ്രസ്താവിക്കുകയാണ് കോടതി ചെയ്തത്.

പേരറിവാളന് ശിക്ഷയിളവ് അനുവദിക്കണമെന്ന സംസ്ഥാന മന്ത്രിസഭയുടെ നിർദ്ദേശം രണ്ടരക്കൊല്ലമായി ഗവർണർ വച്ച് താമസിപ്പിക്കുകയായിരുന്നു. സുപ്രീംകോടതി ഇതിനെതിരെ തിരിഞ്ഞപ്പോൾ, മുൻപ് എങ്ങും കേട്ടിട്ടില്ലാത്ത ഒരു നടപടിയിലൂടെ, കാബിനറ്റ് നിർദ്ദേശം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു ഗവർണർ. ഈ നടപടി തെറ്റാണെന്ന് കണ്ടെത്തിയ കോടതി, ഇത്തരം റഫറൽ നടത്തുവാനുള്ള അധികാരം ഭരണഘടന ഗവർണർക്ക് നൽകുന്നില്ല എന്നു വിധിച്ചു.

കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഗവർണറെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. വകുപ്പ് 302 അനുസരിച്ചുള്ള ശിക്ഷ റെമിറ്റ് ചെയ്യാനുള്ള അധികാരം പ്രസിഡന്റിന് മാത്രമേയുള്ളൂ എന്നു വാദിച്ചു സര്ക്കാർ. ഇന്ത്യൻ പീനൽ കോഡ് ഒരു കേന്ദ്ര നിയമാണെന്നും അതുകൊണ്ടുതന്നെ അധികാരം കേന്ദ്രത്തിൽ നിക്ഷിപ്തമാണെന്നുമായിരുന്നു വാദം. ഈ വാദം കോടതി തള്ളി. അനുച്ഛേദം 161 അനുസരിച്ച് റെമിഷനുള്ള അധികാരം ഗവർണർക്കുണ്ട്. അനുച്ഛേദം 162 അനുസരിച്ച് സംസ്ഥാനങ്ങൾക്ക് നിയമാനിര്മാണത്തിന് അധികാരമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാന ഗവണ്മെന്റിൽ നിക്ഷിപ്തമാണ്. അനുച്ഛേദം 163 പ്രകാരം ഗവർണർ സംസ്ഥാന കാബിനറ്റിന്റെ നിര്ദ്ദേശാനുസരണം പ്രവർത്തിക്കേണ്ടതാണ്. ഐ. പി. സി. 302 അഥവാ കൊലപാതക കുറ്റം, ഭരണഘടന ഏഴാം ഷെഡ്യൂളിൽ, സംസ്ഥാന ലിസ്റ്റിൽപെടുത്തിയിട്ടുള്ള പൊതുസമധാനലംഘനവുമായി ബന്ധപ്പെട്ടതായതുകൊണ്ട് സംസ്ഥാനത്തിന് തന്നെ തീരുമാനമെടുക്കാം എന്നാണ് കോടതി കണ്ടെത്തിയത്. ഈ വിധി ഫെഡറൽ തത്ത്വങ്ങൾക്ക് ഊർജ്ജം പകരും എന്നുള്ള കാര്യത്തിൽ സംശയമില്ല.

രണ്ടാമത്തേത്, പേരറിവാളന്റെ നിരപരാധിത്വത്തെക്കുറിച്ചാണ്. അതേക്കുറിച്ചാണല്ലോ ഇപ്പോൾ ചർച്ചകൾ വ്യാപകമായിരിക്കുന്നതും. ഇന്ത്യൻ തെളിവ് നിയമം അനുസരിച്ച് ഒരാളുടെ എക്സ്ട്രാ ജുഡീഷ്യൽ കുറ്റസമ്മതത്തെ മാത്രം അധികരിച്ച് ശിക്ഷ വിധിക്കാൻ കഴിയില്ല. ഉപോത്ബലകമായ മറ്റു തെളിവുകൾ വേണം. എന്നാൽ കുറ്റസമ്മതം തന്നെ തെളിവായി സ്വീകരിക്കാൻ അനുവദിക്കുന്ന ടാഡ നിയമം നിലവിലുള്ള കാലത്താണ് രാജീവ് ഗാന്ധി വധം അന്വേഷിക്കുന്നത്. അതുകൊണ്ടു തന്നെ ടാഡ കോടതിയ്ക്ക് അദ്ദേഹത്തെ ശിക്ഷിക്കാൻ അത് മതിയായ തെളിവായിരുന്നു. സുപ്രീം കോടതിയിൽ അപ്പീൽ എത്തുമ്പോഴേക്കും ടാഡ നിയമം ഇല്ലാതായിരുന്നു. പേരറിവാളൻ മുതൽ എല്ലാവരും ടാഡ നിയമത്തിൻകീഴിലുള്ള കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടു. എങ്കിലും ടാഡ-യ്ക്ക് കീഴിലെ കുറ്റസമ്മതങ്ങൾ വീണ്ടും തെളിവായി പരിഗണിക്കുകയാണുണ്ടായത്. 1997-ൽ, ടാഡ കുറ്റസമ്മതങ്ങളെ മറ്റുകേസുകളിൽ തെളിവായി സ്വീകരിക്കാനാകില്ല എന്ന് സുപ്രീംകോടതിയുടെ ഒരു വിധി ഉണ്ടായിരുന്നു. എന്നാൽ, 1999-ൽ രാജീവ് ഗാന്ധി വധക്കേസ് പരിഗണിച്ചപ്പോൾ ആ വിധി തിരുത്തിയെഴുതി.

കേസിൽ പേരറിവാളന്റെ കുറ്റസമ്മത മൊഴിയെടുത്ത അന്വേഷണ ഉദ്യോഗസ്ഥൻ ത്യാഗരാജൻ, ‘ബാറ്ററികൾ വാങ്ങിയത് എന്തിനായിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നു’ എന്ന ഭാഗം പേരറിവാളന്റെ മൊഴിയിൽ നിന്ന് താൻ ഒഴിവാക്കുകയായിരുന്നു എന്നൊരു വെളിപ്പെടുത്തലും നടത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പേരറിവാളൻ നിരപരാധിയായിരുന്നിരിക്കാൻ ഉള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. എന്നിരുന്നാലും നമ്മൾ പരിഗണിക്കേണ്ട മറ്റു ചില കാര്യങ്ങൾകൂടിയുണ്ട്.

ടാഡ പോലുള്ള ഭീകരനിയമങ്ങൾ അന്വേഷണ ഏജൻസികൾക്ക് വലിയ ആനുകൂല്യമാണ് നൽകുന്നത്. യാതൊരു അന്വേഷണവും ബൗദ്ധീകവ്യായാമവും ഇല്ലാതെ പോലീസ് സ്റ്റേഷനിലെ കുറ്റസമ്മത മൊഴികൾ കൊണ്ട് കേസ് തെളിയിക്കാനാകും എന്ന സാഹചര്യം ഒരുക്കുന്നു. ഇത് അന്വേഷണ ഏജൻസികളുടെ കാര്യശേഷിയെ ഇല്ലാതാക്കുകയാണ് ചെയ്യുക. ശാസ്ത്രീയമായ കുറ്റാന്വേഷണം ഒരു അധികപ്പറ്റായി മാറുന്നു. ശിക്ഷ ഉറപ്പാക്കാൻ കുറ്റസമ്മതം മാത്രം മതി എന്ന് വരികിൽ മറ്റു തെളിവുകൾ ശേഖരിക്കുവാൻ മെനക്കെടുന്നതെന്തിനാണ്? അങ്ങനെ അന്വേഷണത്തിന്റെ വ്യാപ്‌തിയും ആഴവും ചുരുങ്ങിപ്പോവുന്നു. അതിന്റെ ബെസ്റ്റ് ഉദാഹരണമാണ് രാജീവ് ഗാന്ധി വധക്കേസ്.

ജെയ്ൻ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന വസ്തുതകളിലേക്ക് അന്വേഷണം നീണ്ടിരുന്നുവെങ്കിൽ എത്രയോ വിപുലമായ ഗൂഢാലോചനയാണ് രാജീവ് ഗാന്ധി വധത്തിനു പിന്നിൽ ഉണ്ടായിരുന്നത് എന്ന് വ്യക്തമാകുമായിരുന്നു. കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന 21 പേർക്കെതിരെയും അന്വേഷണം നടന്നില്ല. ചന്ദ്രസ്വാമി ഉൾപ്പടെയുള്ള വമ്പന്മാരുടെ പേരുകൾ ഉയർന്നു വന്നിരുന്നു. ബോംബുണ്ടാക്കാൻ ബാറ്ററി വാങ്ങിയ പേരറിവാളൻ പ്രതിയായെങ്കിലും ആരാണ് ബോംബുണ്ടാക്കിയത് എന്ന് പോലും ഫലപ്രദമായി അന്വേഷിച്ചിരുന്നില്ല. ടാഡ പോലെ ഒരു ഭീകരനിയമത്തിനു കീഴിലല്ലായിരുന്നെങ്കിൽ ഇത്രയേറെ അലംഭാവം കാണിക്കാൻ അന്വേഷണ സംഘത്തിന് കഴിയുമായിരുന്നില്ല. ശക്തമായ തെളിവുകൾ കണ്ടെത്തേണ്ടി വരുമായിരുന്നു. കുറ്റസമ്മതമൊഴികൾക്ക് അനുപൂരകമായ തെളിവുകൾ അന്വേഷണ ഏജൻസി കണ്ടെത്തുമായിരുന്നിരിക്കാം.

അന്ന് തമിഴ്‌നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും നേതാക്കന്മാരും പോലും LTTE യോട് അനുഭാവം പുലർത്തുകയും, അത്‌ തുറന്നു പറയുകയും ചെയ്തിരുന്നു. ഡി. എം.കെ. മാത്രമല്ല, ഉന്നത കോണ്ഗ്രസ്സ് നേതാക്കളും ഇക്കൂട്ടത്തിൽ പെടും. ഇന്ത്യൻ സേനയുടെ ശ്രീലങ്കയിലെ ഇടപെടൽ അത്രമേൽ വലിയൊരു വൈകാരിക പ്രശ്നമായി തമിഴ് ജനതയുടെ ഹൃദയത്തിൽ നിന്നു നീറുന്ന കാലമാണ്. അക്കാലത്ത്, ഒരു തമിഴ് യുവാവ് LTTE യിൽ ആകൃഷ്ടനായിരുന്നുവെന്നും അതിനോട് ചേർന്നു പ്രവർത്തിച്ചിരുന്നു എന്നും പറയുന്നത് അവിശ്വസനീയമായ കാര്യമല്ല. അതിന് കുറ്റസമ്മതമല്ലാതെ മറ്റു തെളിവുകൾ ഉണ്ടായിരുന്നില്ല എന്നതിന്, മറ്റു തെളിവുകളുടെ ആവശ്യമുണ്ടായിരുന്നില്ല എന്നുകൂടി അർത്ഥമുണ്ട്. കേസ് ജയിക്കാൻ തെളിവുകൾ വേണ്ടെങ്കിൽ പിന്നെ അത് കണ്ടെത്താൻ ഉദ്യോഗസ്‌ഥർ ശ്രമിക്കേണ്ട കാര്യമില്ലല്ലോ? മാത്രമല്ല തെളിവുകൾ വിരൽ ചൂണ്ടുക ഇതിലും വിപുലമായ ഒരു കാൻവാസിലേക്കായിരിക്കാം. ടാഡ പോലുള്ള ഡ്രാക്കോണിയൻ നിയമങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നമാണിത്. അത് നിരപരാധികളെ എളുപ്പത്തിൽ ഫ്രെയിം ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുന്നു എന്നു മാത്രമല്ല, ശാസ്ത്രീയ അന്വേഷണത്തെ അനിവാര്യമല്ലാതാക്കുകയും ചെയ്യുന്നു. പ്രതിയെ ഇടിച്ചു പിഴിഞ്ഞെടുത്ത കുറ്റസമ്മതമൊഴി തെളിവാണെങ്കിൽ പിന്നെ എന്തിനാണ് അന്വേഷണവും തെളിവുകളും? മനുഷ്യാവകാശലംഘനങ്ങളുടെ പക്ഷത്തു നിന്നു മാത്രമല്ല, ഫലപ്രദമായ അന്വേഷണം ഉറപ്പു വരുത്തുന്ന കാര്യത്തിലും ടാഡ പോലുള്ള നിഷ്ഠൂര നിയമങ്ങൾ തടസ്സമാകുന്നു എന്നു തെളിയിക്കുന്നതാണ് രാജീവ് ഗാന്ധി വധക്കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles