ആലുവ : റൂറൽ ജില്ലയിൽ പുതുവത്സരാഘോഷം സമാധാനപരമായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ അറിയിച്ചു. വവിവിധ പ്രദേശങ്ങളിൽ എസ്.പി നേരിട്ടെത്തി സമാധാനം ഉറപ്പു വരുത്തി. അഡീഷണൽ എസ്.പി. ടി.ബിജി ജോർജ്, ഡി.വൈ.എസ്.പി മാർ, ഇൻസ്‌പെക്ടർമാർ തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളിലുണ്ടായിരുന്നു. ചെറായി ബീച്ച്, നക്ഷത്രത്തടാകം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അഭൂതപൂർവ്വമായ തിരക്ക് അനുഭവപ്പെട്ടെങ്കിലും പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആയിരത്തഞ്ഞൂറോളം പോലീസുദ്യോഗസ്ഥരെയാണ് ജില്ലയിൽ ക്രമ സമാധാനത്തിനായി വിന്യസിച്ചത്.
ജില്ലയിൽ വാഹനാപകടങ്ങളും ഉണ്ടായില്ല. ഗതാഗതവും നിയന്ത്രണ വിധേയമായിരുന്നു. സകലയിടങ്ങളും പോലീസ് നിയന്ത്രണത്തിലായിരുന്നു. മഫ്ടിയിലും പോലീസ് റോന്ത് ചുറ്റി. ജീപ്പ്, ബൈക്ക് പട്രോളിംഗ് സംഘങ്ങളും, ഡോഗ് സ്‌ക്വാഡും, ബോംബ് സ്‌ക്വാഡും 24 മണിക്കൂറും നിരത്തിലുണ്ടായിരുന്നു. മുൻകരുതലായി നൂറിലേറെരെ പേരെ കരുതൽ തടങ്കലിനായി കസ്റ്റഡിയിലെടുത്തു. ആലുവ സബ് ഡിവിഷനിലാണ് കൂടുത്തൽ പേരെ കസ്റ്റഡിയിലെടുത്തത് 35. മൂവാറ്റുപുഴ – പെരുമ്പാവൂർ സബ് ഡിവിഷനിലുകളിൽ 19 പേരെ വീതം കരുതൽ തടങ്കലിൽ പാർപ്പിച്ചു. വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ വീടുകളിൽ ഉയർന്ന ഉദ്യോഗസ്ഥർ വിസിറ്റ് നടത്തി. സ്റ്റേഷൻ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നിരന്തര കുറ്റവാളികൾ നിരീക്ഷണത്തിലായിരുന്നു. ജില്ലാ അതിർത്തികളിലും പരിശോധന ശക്തമായിരുന്നുവെന്ന് എസ്.പി അറിയിച്ചു.