അനന്തപുരി ഹിന്ദു മഹാസഭാ സമ്മേളനത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിനെ പോലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് കസ്റ്റിഡിലെടുത്തത്. അവിടെനിന്നും തിരുവനന്തപൂരത്തേക്കുകൊണ്ടുപോയി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും
വിവാദ പ്രസംഗത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് അടക്കം നൽകിയ പരാതി പരിഗണിച്ച് ഡി.ജി.പി. അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം ശനിയാഴ്ച രാത്രിയാണ് പി.സി.ജോര്‍ജിനെതിരെ ഫോർട്ട് പോലീസ് കേസെടുത്തത്. 153 എ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സ്വന്തം വാഹനത്തിലാണ് പി.സി.ജോര്‍ജിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. പോലീസുകാര്‍ക്കൊപ്പം മകന്‍ ഷോണ്‍ ജോര്‍ജും ഇതേ വാഹനത്തിലുണ്ട്.മുസ്ലിങ്ങള്‍ അവരുടെ ഹോട്ടലുകളിൽ വരുന്ന ഇതര മതസ്ഥര്‍ക്ക് വന്ധ്യത ഉറപ്പുവരുത്തുന്ന തുള്ളിമരുന്ന് ചായയിൽ ചേർത്തുനൽകുന്നുവെന്നതടക്കം കടുത്ത വർഗീയ വിഷം ചീറ്റുന്ന പ്രസംഗമാണ് പി.സി. ജോർജ് നടത്തിയത്. ഇതിനെതിരെ കേരളത്തിലെ പൊതു സമൂഹവും രാഷ്ട്രീയ- യുവജന സംഘടനകളും ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.