Wednesday, December 25, 2024

Top 5 This Week

Related Posts

നെല്ലു സംഭരണം;ബാങ്ക് വായ്പയെടുത്ത് കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ നീക്കം

പാലക്കാട്: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം മാസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് ലഭിക്കാത്തതിനാല്‍ ബാങ്ക് വായ്പയെടുത്ത് കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് നടപടി. സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കുന്ന പി.ആര്‍.എസിനു മേല്‍ വായ്പയായിട്ടാണ് തുക അനുവദിക്കുക. ഇതിനുള്ള പണം കേരള ബാങ്കില്‍നിന്ന് വായ്പയായി എടുക്കാന്‍ ധാരണയായി.അടുത്ത സീസണില്‍ നെല്ല് സംഭരിക്കാന്‍ 1600 കോടി രൂപയാണ് സപ്ലൈകോക്ക് വേണ്ടത്. നെല്ല് സംഭരിച്ച വകയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സപ്ലൈകോക്ക് പണം നല്‍കാനുണ്ട്. ഇത് കിട്ടാന്‍ കാലതാമസമെടുക്കുന്നതാണ് സപ്ലൈകോയെ പ്രതിസന്ധിയിലാക്കിയത്. കുടിശ്ശിക നല്‍കാനും അടുത്ത സീസണില്‍ ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനുമാണ് കേരള ബാങ്കില്‍നിന്ന് വായ്പയെടുക്കുന്നത്. കഴിഞ്ഞയാഴ്ച മന്ത്രി ജി.ആര്‍. അനിലിന്റെ സാന്നിധ്യത്തില്‍ കേരള ബാങ്ക് പ്രതിനിധികളുമായി ഓണ്‍ലൈനായി നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയാണ് സര്‍ക്കാര്‍ ഗാരന്റിയില്‍ വായ്പയെടുക്കാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. വായ്പക്ക് 7.65 ശതമാനം പലിശയാണ് കേരള ബാങ്ക് ആവശ്യപ്പെടുന്നത്. നിലവില്‍, 750 കോടി രൂപയുടെ വായ്പ കുടിശ്ശിക സപ്ലൈകോക്ക് കേരള ബാങ്കിലുണ്ട്. ഇതിന് പുറമെയാണ് 1600 കോടി രൂപകൂടി എടുക്കുന്നത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് സഹകരണ-ഭക്ഷ്യ മന്ത്രിമാര്‍ കേരള ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി തീരുമാനമുണ്ടാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. രണ്ടാഴ്ചക്കുള്ളില്‍ ഇതുസംബന്ധിച്ച ഉത്തരവ് ഉണ്ടാവുമെന്ന് സഹകരണ വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി.ഇതുവരെ 1.97 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. 556.53 കോടി രൂപ ഈ വകയില്‍ കര്‍ഷകര്‍ക്ക് നല്‍കണം. ഇതില്‍ 320.81 കോടി മാത്രമാണ് നല്‍കിയത്. 235.72 കോടി നല്‍കാനുണ്ട്. കര്‍ഷകര്‍ക്ക് പണം ലഭിക്കാനുള്ള കാലതാമസത്തെത്തുടര്‍ന്ന് സംഘങ്ങളുടെ കണ്‍സോര്‍ട്യം രൂപവത്കരിച്ച് നെല്ലുസംഭരണം സഹകരണ മേഖലയെ ഏല്‍പിക്കാനുള്ള ശ്രമം 2018ല്‍ നടന്നിരുന്നെങ്കിലും ഇടതുമുന്നണിക്കുള്ളില്‍ തീരുമാനമാകാത്തതിനാല്‍ പാതിയില്‍ ഉപേക്ഷിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles