Wednesday, December 25, 2024

Top 5 This Week

Related Posts

നമ്മൾ അതിജീവിക്കുമെന്ന് സോണിയ ഗാന്ധി, പോരാട്ടം തുടരും രാഹുൽ ഗാന്ധി

കോൺഗ്രസ് പാർട്ടി നേരിടുന്ന പ്രതിസന്ധികളെ മറികടക്കുമെന്ന് ഓരോ അംഗങ്ങളും ദൃഢനിശ്ചയമെടുക്കണമെന്നും സോണിയ പറഞ്ഞു. നമ്മൾ അതിജീവിക്കും. അതായിരിക്കണം ദൃഢനിശ്ചയം. അതായിരിക്കണം നവ സങ്കൽപ്പം സോണിയാഗാന്ധി പറഞ്ഞു. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിനു രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിരത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷ.
രാജ്യം പ്രതീക്ഷിക്കുന്ന ഭാരത യാത്ര അടക്കം നിരവധി പരിപാടികൾക്കു അന്തിമ രൂപം നൽകിയാണ് ചിന്തൻ ശിബിരം സമാപിച്ചത്. ഭാരവാഹിത്വത്തിലും പാർട്ടി സ്ഥാനാർഥിത്വത്തിലും 50 ശതമാനം -50 വയസ്സിൽ താഴെയുള്ളവരായിരിക്കും. ഒരാൾക്ക് ഒരു പദവി, ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് എന്നിവയും പ്രഖ്യാപിച്ചു. കേന്ദ്ര നയങ്ങൾക്കെതിരെ ഭാരത് ജോഡോ, ജൻ ജാഗര, ദളിത് – പിന്നാക്ക – ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം എന്നിങ്ങനെ കർമപരിപാടികളാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയ കാര്യസമിതി. ദേശീയ ഉപദേശ സമിതി, തെരഞ്ഞെടുപ്പ് ഏകോപന സമിതി, നയ രൂപീകരണ സമിതി എന്നിവ രൂപീകരിക്കും.

പൊതുജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെ കശ്മീർ മുതൽ കന്യാകുമാരി വരെ പദയാത്ര നടത്താൻ കോൺഗ്രസ്. തൊഴിലില്ലായ്മ, വർഗീയത, വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാകും പദയാത്ര. ഒരു വർഷം നീളുന്ന പരിപാടിയിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസിലെ മുതിർന്ന നേതാക്കൾ വിവിധ ഘട്ടങ്ങളിലായി പങ്കെടുക്കും. യാത്രയുടെ ഭാഗമായി ജനതാ ദർബാറുകളും സംഘടിപ്പിക്കും. ലക്ഷങ്ങളെ അണിനിരത്തി രാജ്യമാകെ ഉണർത്തുന്ന പദയാത്രയാണ് ലക്ഷ്യമിടുന്നത്.

ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസം നേടാൻ എളുപ്പവഴികളില്ല. മുതിർന്ന നേതാക്കളും ചെറുപ്പക്കാരും ജനങ്ങൾ പറയുന്നത് കേൾക്കണം. രാഹുൽ പറഞ്ഞു. തൻറെ പോരാട്ടം നാടിന് ആപത്തായ ആർ.എസ്.എസ് – ബി.ജെ.പി പ്രത്യയശാസ്ത്രത്തിനെതിരെയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. താൻ അഴിമതി നടത്തിയിട്ടില്ല, അതുകൊണ്ടുതന്നെ ഭയമില്ല. മുതിർന്ന നേതാക്കൾ പോലും നിരാശയിലേക്ക് വഴുതി വീഴാറുണ്ട്. രാജ്യത്തിന്റെ ഭാവിക്കായുള്ള പോരാട്ടം തുടങ്ങിക്കഴിഞ്ഞു. ഹിന്ദുസ്ഥാനിൽ അഗ്‌നി പടരും. സംവാദത്തെ അടിച്ചമർത്തിയാൽ അഗ്‌നി ആളിപടരും.
സംഘപരിവാർ അക്രമം അഴിച്ചുവിടുകയാണ്. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുകയും കോടതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതാണ് ഇപ്പോൾ കാണുന്നതെന്നും രാഹുൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles