Wednesday, December 25, 2024

Top 5 This Week

Related Posts

ദ കേരള സ്റ്റോറി പ്രദർശനം സർക്കാർ നിരോധിക്കുമോ

കേരളത്തെ അപമാനിക്കുന്നതും, മത സ്പർധ സൃഷ്ടിക്കുന്നതുമായ ദ കേരള സ്റ്റോറി സംസ്ഥാന സർക്കാർ നിരോധിക്കുമോ. ദ കേരള സ്റ്റോറിയുടെ പ്രദർശനം തടയണണമെന്ന് പ്രതിപക്ഷം ആവശ്യം ശക്തമായി നിലനിലക്കെ സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കേണ്ടതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ആവശ്യപ്പെട്ടു. ഇതോടെ ഇക്കാര്യത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്.
‘നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കേണ്ടതാണ്. സർക്കാരാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. കേരളത്തിലെ മതസൗഹാർദം തകർക്കാനുളള ശ്രമത്തെ മതനിരപേക്ഷ സമൂഹം ശക്തമായി എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു’

കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പറയുന്ന ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആവശ്യം. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തിൽ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സിനിമ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്.
സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സംവിധായകൻ സുദിപ്തോ സെൻ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിലുണ്ട്. രാജ്യാന്തരതലത്തിൽ കേരളത്തെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തം. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകൾ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. മതസ്പർധയും ശത്രുതയും വളർത്താനുള്ള ബോധപൂർവമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിർക്കും. അതാണ് ഈ നാടിന്റെ പാരമ്പര്യം.
മനുഷ്യനെ മതത്തിന്റെ പേരിൽ വേർതിരിക്കാനുള്ള അങ്ങേയറ്റം ആപത്കരമായ നീക്കത്തിന്റെ അടിവേര് വെട്ടണം. മാനവികത എന്ന വാക്കിന്റെ അർത്ഥം സംഘ പരിവാറിന് ഒരിക്കലും മനസിലാകില്ല. വർഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതുകയും വേണ്ടെന്നായിരുന്നു സതീശന്റെ പ്രതികരണം.

ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയ ഉടൻ കേരളത്തിലെ ഇന്നുള്ള സൗഹാർദ അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാറിന് വേണ്ടി തയ്യാറാക്കിയ സിനിമയാണ് കേരള സ്റ്റോറി എന്നും കേരളത്തിന്റെ മതനിരപേക്ഷ മനസുള്ള മുഴുവൻ ആളുകളും ഈ സിനിമ ബഹിഷ്‌കരിക്കണമെന്നും മന്ത്രി സജി ചെറിയാനും ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിനെതിരെ നിയമ നടപടിക്കുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ട്,’ എന്നും സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ നിന്ന് 32,000 സ്ത്രീകളെ നിർബന്ധപൂർവ്വം മതം മാറ്റി ഐ.എസിൽ ചേർക്കാൻ സിറിയയിലേക്കും യെമനിലേക്കും അയച്ചെന്ന രീതിയിലുള്ള സിനിമക്കെതിരെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും, സാമൂഹ്യ -സാംസ്‌കാരിക സമൂഹവും കടുത്ത എതിർപ്പാണ് ഉയർത്തിയിരിക്കുന്നത്. സിനിമയുടെ പ്രദർശനം തടയുന്നതോടൊപ്പം മത സ്പർധയും കലാപത്തിനും പ്രേരിപ്പിക്കുന്നതാണ് സിനിമയുടെ ഉളളടക്കമെന്നതിനാൽ നിയമപരമായ നടപടിയെടുക്കണമെന്നും ആവശ്യമാണ് ഉന്നയിച്ചത്.. സിനിമക്കെതിരെ ഡി.വൈ.എഫ്‌ഐ, അടക്കം യുവജന സംഘടനകളും കടത്ത പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. ഇത്തരുണത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും സംഘ്പരിവാർ ഒഴികെയുള്ള സംഘടനകളെല്ലാം ഒറ്റക്കെട്ടായി എതിർക്കുന്നതിനാൽ സിനിമ പ്രദർശനം തടയുമെന്ന പ്രതീക്ഷയിലാണ് മതേതര സമൂഹം

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles