പാലക്കാട്.തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസില്‍ ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന് ആയുധം, വസ്ത്രം, ചെരിപ്പ് ഉള്‍പ്പെടെ കണ്ടെത്തിയ സംഭവത്തിലെ സാക്ഷി ശിവദാസ് കൂറുമാറിയതായി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. വിസ്താരത്തിന്റെ ആദ്യഘട്ടത്തില്‍ പ്രോസിക്യൂഷനുമായി സഹകരിച്ച സാക്ഷി പിന്നീട് നിലപാടില്‍ മാറ്റം വരുത്തുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ കൂറുമാറിയതായി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.അനില്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് എതിര്‍വിസ്താരവും നടത്തി.
തേങ്കുറുശ്ശിയില്‍ കൊല്ലപ്പെട്ട ഇലമന്ദം അനീഷിന്റെ (27) പോസ്റ്റ്മോര്‍ട്ടം സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരന് മാണിക്കനെയും വിസ്തരിച്ചു. അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എല്‍.ജയ്വന്ത് മുന്‍പാകെയായിരുന്നു വിസ്താരം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷിന്റെ (48) വീട്ടില്‍ നിന്ന് ആയുധം ഉള്‍പ്പെടെ കണ്ടെത്തിയതിലെ സാക്ഷിയാണ് ശിവദാസ്.
കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനാണ് ഒന്നാം പ്രതി സുരേഷ്. രണ്ടാം പ്രതി പ്രഭുകുമാര്‍ ഹരിതയുടെ അച്ഛനാണ്. കേസ് വീണ്ടുംഏഴിനു പരിഗണിക്കും. 2020 ഡിസംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം. ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്തെന്ന കാരണത്താല്‍ ഹരിതയുടെ അമ്മാവനും അച്ഛനും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയെന്നാണു കേസ്.