തെലുങ്കാന പോലീസ് തുഷാർ വെള്ളാപ്പിള്ളിയുടെ വീട്ടിലെത്തി
മൂവാറ്റുപുഴ : തെലങ്കാനയിൽ ടി.ആർ.എസ്, എം.എൽ.എമാരെ പണം നല്കി കൂറുമാറ്റാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുക്കി തെലുങ്കാന പോലീസ്. നൽഗൊണ്ട എസ്പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള പൊലീസ് കണിച്ചുകുളങ്ങരയിൽ തുഷാറിന്റെ വസതിയിലെത്തി ഈ മാസം 21 ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘം മുൻപാകെ ഹാജരാകാൻ നോട്ടീസ് നല്കി. തുഷാറിന്റെ അസാന്നിധ്യത്തിൽ ഓഫീസ് സെക്രട്ടറി ഷാജി നോട്ടീസ് കൈപ്പറ്റി.
എം എൽഎ മാർക്ക് പണം വാഗ്ദാനം ചെയ്ത് അട്ടിമറി ശ്രമത്തിനു നേതൃത്വം നല്കിയത്്് തുഷാർ വെള്ളാപ്പിള്ളിയാണെന്നും അമിത്ഷായുടെ അറിവോടെയാണ് സംഭവമെന്നും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു കുറ്റപ്പെടുത്തിയിരുന്നു. കുറുമാറ്റത്തിനുവേണ്ടി പ്രവർത്തിച്ച ഏജന്റുമാർ തുഷാറുമായി സംസാരിക്കുന്ന ദൃശ്യങ്ങളും മുഖ്യമന്ത്രി പുറത്തുവിട്ടിരുന്നു. എട്ട് സംസ്ഥാനങ്ങളിൽ എംഎൽഎമാരെ കൂറുമാറ്റാൻ നേതൃത്വം നല്കിയത് തുഷാറാണെന്നും പ്രസ്താവിച്ചിരുന്നു. കേസുമായി ബന്ധമുള്ള മറ്റൊരു പ്രധാന വ്യക്തിയെ തേടി ഹൈദ്രബാദ് പോലീസ് കൊച്ചിയിലും എത്തിയിരുന്നു. തുഷാർ വെള്ളാപ്പിള്ളി ഇപ്പോൾ എവിടെയെന്നു വ്യക്തമല്ല.