കോട്ടയം: ഏറ്റുമാനൂരില്‍ ട്രെയിനില്‍ വെച്ച് യുവാവിന് പാമ്പുകടിയേറ്റു. എലിയാണ് കടിച്ചതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കടിച്ചത് പാമ്പ് തന്നെയെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഗുരുവായൂര്‍-മധുര എക്സ്പ്രസിലെ യാത്രക്കാരനായ മധുര സ്വദേശി കാര്‍ത്തിക്കാണ് പാമ്പ് കടിയേറ്റത്. ഏഴാം നമ്പര്‍ ബോഗിയിലെ യാത്രക്കാരനായിരുന്നു ഇയാള്‍.
കോട്ടയം മെഡിക്കല്‍ കോളേജിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. അതേസമയം, ഏഴാം നമ്പര്‍ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ചാണ് ട്രെയിന്‍ പിന്നീട് യാത്ര തുടര്‍ന്നത്. ബോഗിയില്‍ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായിട്ടില്ല. കടിയേറ്റ കാര്‍ത്തി സഞ്ചരിച്ചിരുന്ന ബോഗി കാടുപിടിച്ച് കിടക്കുന്നതിന് സമീപത്തായിരുന്നു നിര്‍ത്തിയത്. ഇവിടെ നിന്നാണ് പാമ്പ് ട്രെയിനിനുള്ളില്‍ കയറിയതെന്നാണ് കരുതുന്നത്.
ബോഗിയിലെ സഹയാത്രക്കാരും പാമ്പിനെ കണ്ടുവെന്ന് സ്ഥീകരിച്ചിട്ടുണ്ട്. ഏറ്റുമാനൂരാണ് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ കാര്‍ത്തിക്ക് കാലില്‍ കടിയേല്‍ക്കുകയായിരുന്നു. ഈ സമയം പാമ്പ് ഇഴഞ്ഞുപോകുന്നതും കാര്‍ത്ത് കണ്ടു. കാലില്‍ കടിയേറ്റ ഭാഗത്തു നിന്ന് ചോര വരുന്നുണ്ടായിരുന്നുവെന്നും സഹയാത്രികര്‍ പറഞ്ഞു. ട്രെയിനിലുണ്ടായിരുന്ന ചെറിയ ഹോള്‍ വഴി പാമ്പ് അകത്തേക്ക് കയറിയതെന്നാണ് നിഗമനം.