ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസില്‍ മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് സുപ്രിംകോടതി സ്ഥിരജാമ്യം അനുവദിച്ചു. ടീസ്റ്റയുടെ ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി വിധിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ടീസ്റ്റയ്ക്കെതിരായ് ഹൈക്കോടതി ഉത്തരവിലെ നിരീക്ഷണങ്ങള്‍ ശരിയല്ലെന്നും, ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തു ഹര്‍ജി നല്‍കാന്‍ ടീസ്റ്റയ്ക്കു സമയം അനുവദിക്കാത്തതിനെയും സുപ്രിം കോടതി വിമര്‍ശിച്ചു.
ഈ കേസില്‍ ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി ഉടന്‍ തന്നെ ടീസ്റ്റയോടു കീഴടങ്ങാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ടീസ്റ്റ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
കുറ്റപത്രം പ്രകാരം ടീസ്റ്റയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു കണ്ടെത്തിയാണ് ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് ഉത്തരവുണ്ട്. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, എ.എസ്.ബൊപ്പണ്ണ, ദിപന്‍കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ടീസ്റ്റയെ ഇപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ കാരണമെന്താണെന്ന് ജസ്റ്റിസ് ബി.ആര്‍.ഗവായ് ചോദിച്ചു. നരേന്ദ്ര മോദി അടക്കമുള്ളവരെ ഗുജറാത്ത് കലാപത്തില്‍ പ്രതികളാക്കാന്‍ ടീസ്റ്റയും മറ്റും ഗൂഢാലോചന നടത്തുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്‌തെന്നാണ് പൊലീസിന്റെ ആരോപണം. 2022 വരെ അന്വേഷണ ഏജന്‍സികള്‍ എന്ത് ചെയ്യുകയായിരുന്നു. അന്വേഷണം ദുരുദ്ദേശപരമാണോ എന്നും കോടതി ചോദിച്ചു.
കേസില്‍ 2022 ജൂണ്‍ 25നാണു ടീസ്റ്റയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ ആയിരുന്ന ടീസ്റ്റ, സെപ്റ്റംബറില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ജയില്‍മോചിതയായി. തുടര്‍ന്ന് ജാമ്യഹര്‍ജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലേക്കു മാറ്റിയിരുന്നു. ജൂലൈ ഒന്നിനു ടീസ്റ്റയുടെ ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ഉടന്‍ കീഴടങ്ങണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി അന്നുരാത്രി തന്നെ സുപ്രീംകോടതി പരിഗണിക്കുകയും അറസ്റ്റ് തടയുകയും ചെയ്തു. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കുവേണ്ടി ശക്തമായ ഇടപെടല്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തകയാണ് ടീസ്റ്റ