കോട്ടയം: ടിപ്പര്‍ ലോറി ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ കോട്ടയത്ത് മൂന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കോട്ടയം മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ബി ഷാജന്‍, അജിത് എസ്, അനില്‍ എംആര്‍ എന്നിവരെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.
വിജിലന്‍സ് കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ ഈ ഉദ്യോഗസ്ഥര്‍ ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങുന്നതിന്റെ തെളിവ് കിട്ടിയിരുന്നു. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തിന്റെ വാടക കൊടുത്തിരുന്നത് പോലും ടിപ്പര്‍ ലോറി ഉടമകളാണെന്നതിനും തെളിവ് കിട്ടി. ടിപ്പര്‍ ലോറികളെ പരിശോധനയില്‍ നിന്ന് ഒഴിവാക്കുന്നതിനായിരുന്നു ലക്ഷങ്ങളുടെ കൈക്കൂലി വാങ്ങിയത്.
വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി. മൂവരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ് ഉത്തരവിട്ടത്. മൂന്നു പേര്‍ക്കെതിരെയും, ഇവര്‍ക്ക് വേണ്ടി കൈക്കൂലി വാങ്ങിയിരുന്ന ഇടനിലക്കാരന്‍ രാജീവിനെതിരെയും വിജിലന്‍സ് കേസെടുത്തിട്ടുണ്ട്.