Wednesday, December 25, 2024

Top 5 This Week

Related Posts

‘ഞാൻ മരിച്ചിട്ടേ നിങ്ങൾ മരിക്കാവൂ’ പലപ്പോഴും അവൾ അയാളോട് പറയാറുണ്ടായിരുന്നു

ഞാൻ മരിച്ചിട്ടേ നിങ്ങൾ മരിക്കാവൂ’… പലപ്പോഴും അവൾ അയാളോട് പറയാറുണ്ടായിരുന്നു.
ദൈവം ആ വാക്കുകൾ നിറവേറ്റിക്കൊടുത്തിരിക്കുന്നു… മരണത്തിലും അവരെ ഒന്നിപ്പിച്ചിരിക്കുന്നു.

അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ്

മരണത്തെക്കുറിച്ചു തന്നെയാണ് ഞാൻ ഇന്നും എഴുതുന്നത്. ഇന്നത്തെയാത്ര അഞ്ച് മൃതദേഹങ്ങളോടൊപ്പമാണ്. അതിലൊന്ന് മലയാളിയും.
അത്യപൂർവ്വമായ ഭാര്യാഭർതൃസ്‌നേഹത്തിന്റെ കഥയാണിത്.
അയാൾ നാട്ടിലേക്ക് എന്നും വിളിക്കും. ഭാര്യയുമായി ഏറെനേരം ഫോണിൽ സംസാരിക്കും. മക്കളെ വിവാഹം കഴിപ്പിച്ചയച്ചതിനാൽ ഒറ്റപ്പെട്ടുപോയ ഭാര്യക്ക് ഒരു ആശ്വാസത്തിനായാണ് അയാൾ കൂടുതൽ സമയം സംസാരിച്ചിരിക്കാറുള്ളത്.
അകന്നിരിക്കുമ്പോഴും സ്‌നേഹത്തിന്റെ തീവ്രത അവർ പരസ്പ്പരം അനുഭവിച്ചിരുന്നു.
പെട്ടന്നു തന്നെയാണ് അയാൾ അസുഖബാധിതനായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. പക്ഷെ, താൻ രോഗിയായെന്നും ആശുപത്രിയിൽ ആണെന്നുമുള്ള കാര്യങ്ങൾ അയാൾ തന്റെ ബീവിയിൽ നിന്നും മറച്ചുപിടിച്ചു…കാരണം, അവളിതറിഞ്ഞാൽ ഒരുപാട് വിഷമിക്കും. അത് സംഭവിക്കരുത്.അയാൾക്കും അവളെ അത്രക്ക് ഇഷ്ടമായിരുന്നു… സംഭാഷണത്തിനിടയിൽ ‘എന്റെ ഭാര്യ… എന്റെ ഭാര്യ’ എന്ന് എല്ലാവരോടും പറയുമായിരുന്നു…
ആറാംനാൾ നാട്ടിലേക്ക് വിളിച്ചപ്പോൾ സംസാരമദ്ധ്യേ അയാൾ തന്റെ രോഗവിവരങ്ങൾ തുറന്നു പറഞ്ഞു… ‘എനിക്ക് തീരെ സുഖമില്ല. ഇപ്പോൾ ആശുപത്രിയിൽ ആണ്.’ വിചാരിച്ചപോലെതന്നെ ഫോണിന്റെ മറുതലക്കൽ ഒരു നിലവിളി… ‘വിഷമിക്കേണ്ട… വേഗം സുഖപ്പെടും’… അയാൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു… ബീവിയുടെ തേങ്ങലോടെ ഫോൺ സംസാരം മുറിഞ്ഞു…
ഏകദേശം ഒരു മണിക്കൂർ… ഒരു സുഹൃത്ത് ആശുപത്രിമുറിയിൽ എത്തി. അയാൾ വല്ലാതെ വിഷമത്തിലായിരുന്നു.
എന്തുപറ്റി? ചോദ്യം അയാളെ വല്ലാതെ പരിഭ്രമത്തിലാക്കി… പറയണോ…? പറയാതിരിക്കണോ…?എന്തായാലും പറഞ്ഞല്ലേ പറ്റൂ…അയാൾ ഉച്ചഭക്ഷണം കഴിച്ചു തീരുംവരെ സുഹൃത്ത് അക്ഷമനായി മുറിയിൽ
അവസാനം പറഞ്ഞു… തന്റെ വീട്ടിൽ നിന്നും എന്നെ വിളിച്ചിരുന്നു. തന്റെ ബീവിക്ക് പെട്ടെന്ന് വയ്യാതായിരിക്കുന്നു…
അയാൾ ഇത്രയേ അപ്പോൾ പറഞ്ഞുള്ളൂ…യഥാർത്ഥത്തിൽ അയാളുടെ ബീവി തന്റെ ഭർത്താവുമായി നടത്തിയ ഫോൺ സംഭാഷണത്തിനൊടുവിൽ തലകറങ്ങി വീഴുകയും ഹൃദയസ്തംഭനം സംഭവിക്കുകയുമായിരുന്നു.
അയാൾ വല്ലാതെ അസ്വസ്ഥനായി കിടക്കയിൽ ഇരുന്നു… നിറകണ്ണുകളോടെ പ്രാർത്ഥിച്ച് വീണ്ടും കിടന്നു.
ഒരു പത്തു മിനിട്ട് ആയിക്കാണും. നെഞ്ചിനൊരു വേദന. അയാൾ തന്റെ ബീവിയോടൊപ്പം പരലോകത്തേക്ക് യാത്രയായി….
പറഞ്ഞറിയിക്കാനാകാത്ത സ്‌നേഹനൂലിനാൽ ബന്ധിക്കപ്പെട്ട മനുഷ്യബന്ധങ്ങൾ….
‘ഞാൻ മരിച്ചിട്ടേ നിങ്ങൾ മരിക്കാവൂ’… പലപ്പോഴും അവൾ അയാളോട് പറയാറുണ്ടായിരുന്നു.
ദൈവം ആ വാക്കുകൾ നിറവേറ്റിക്കൊടുത്തിരിക്കുന്നു… മരണത്തിലും അവരെ ഒന്നിപ്പിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles