Thursday, December 26, 2024

Top 5 This Week

Related Posts

കോഴ വാങ്ങിയെന്ന പരാതി : സൈബി ജോസ് ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതി


വിവാദ അഭിഭാഷകനായ സൈബി ജോസ് ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതി. ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ചപറ്റിയെന്നു വിലയിരുത്തിയാണ് അസാധാരണായ നടപടി. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ നടപടി
ഉത്തരവ് തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ നൽകിയ ഹർജി അനുവദിച്ചു കൊണ്ടാണ് നടപടി. സൈബി 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം ഉയർന്ന കേസിലാണ് അസാധാരണമായ നടപടി. നോട്ടിസ് ലഭിച്ചിട്ടും ഇര ഹാജരായില്ല എന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്.

അനുകൂല വിധി വാങ്ങി നൽകാമെന്ന് കക്ഷികളെ ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്‌മാൻ അടക്കം 3 ജഡ്ജിമാരുടെ പേരിൽ അഭിഭാഷകനായ സൈബി ജോസ് കൈക്കൂലി വാങ്ങിയ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് കേസിലെ ഉത്തരവ് തിരിച്ചുവിളിക്കുന്നത്. പത്തനംതിട്ട സ്വദേശി ബാബുവിന്റെ ഹർജിയിലാണ് ജാമ്യം നല്കിയ ജഡ്ജിതന്നെ കേസ് പുനപരിശോധന നടത്തുന്നത്. മുൻകൂർ ജാമ്യഹർജി വീണ്ടും പരിഗണിക്കും. 2022 ഏപ്രിൽ 29ന് ഇറങ്ങിയ ഉത്തരവാണ് ഹൈക്കോടതി തിരിച്ചുവിളിച്ചത്.

ജാതിപ്പേര് വിളിച്ചെന്ന കേസിൽ റാന്നി സ്വദേശിയാണ് പരാതിക്കാരൻ. റാന്നി പൊലീസ് സ്റ്റേഷനിൽ പട്ടികജാതി, പട്ടികവർഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രതികളുടെ ജാമ്യഹർജി വന്നതിനുപിന്നാലെ വാദി ഭാഗത്തിന് നോട്ടിസ് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. റാന്നി എസ്എച്ച്ഒയ്ക്കു ആയിരുന്നു നിർദേശം. എന്നാൽ കേസ് പരിഗണിച്ചപ്പോൾ പരാതിക്കാരന്റെ വാദത്തിനായി അഭിഭാഷകർ ഉണ്ടായിരുന്നില്ല. കോടതി ചോദിച്ചപ്പോൾ നോട്ടിസ് നൽകിയിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

സൈബി ജോസ് ആയിരുന്നു പ്രതികൾക്കുവേണ്ടി ഹാജരായത്. കേസിൽ ജസ്റ്റിസ് എ.എ.സിയാദ് റഹ്‌മാന് 50 ലക്ഷം രൂപ നൽകാനെന്ന പേരിൽ സൈബി ജോസ് കോഴ കൈപ്പറ്റിയെന്ന് ഉൾപ്പെടെ പരാതിയാണ് ഹൈക്കോടതി വിജിലൻസ് കണ്ടെത്തിയത്. സൈബി ജോസിനെതിരെ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മീഷണർ സൈബി ജോസിനെ ചോദ്യം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles