Friday, December 27, 2024

Top 5 This Week

Related Posts

കൊച്ചി മെട്രോ വികസനം ; മുഖ്യമന്ത്രിയും മന്ത്രി പി.രാജീവും ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന് ഹൈബി ഈഡന്‍ എം.പി.

കൊച്ചി: രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.രാജീവും കൊച്ചിമെട്രോയുടെ രണ്ടാംഘട്ട വികസനം സംബന്ധിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന് ഹൈബി ഈഡന്‍ എം.പി. ആറു വര്‍ഷമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തെക്കുറിച്ച് എം.പിമാരോട് ചോദിക്കാന്‍ പറയുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ടി.ജെ.വിനോദ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗ്ഗീസ് എന്നിവരുമൊന്നിച്ച് യു.ഡി.എഫ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹൈബി ഈഡന്‍.

എല്ലാ ഘട്ടത്തിലും എം.പിയെന്ന നിലയില്‍ മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് വേണ്ടി ഇടപെട്ടിട്ടുണ്ട്. മെട്രോയുടെ രണ്ടാംഘട്ട വികസനമെന്നത് കോണ്‍ഗ്രസിനേയും യു.ഡി.എഫിനെയും സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള അടവ് നയമല്ല. മറിച്ച് ഇത് എറണാകുളത്തിന്റെയും, തൃക്കാക്കരയുടെയും  സ്വപ്ന പദ്ധതിയാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞാലും കേന്ദ്രസര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ഞങ്ങള്‍ ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ടേയിരിക്കും. 

എം.പി ആയി ചുമതല ഏറ്റെടുത്തതിന് ശേഷം 2019 നവംബര്‍ 6 ന് പാര്‍ലമെന്റിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ ജഗദാംബിക പാലിന്  മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി ലഭിക്കുന്നതില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് നവംബര്‍ 8-ന് തന്നെ നഗര വികസന കമ്മിറ്റി കേന്ദ്രനഗര വികസന മന്ത്രാലയത്തിന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയതായി എം.പി പറഞ്ഞു. പിന്നീട് 2020 മാര്‍ച്ച് മാസം 17-ന് വിഷയം പാര്‍ലമെന്റില്‍ ശൂന്യവേളയില്‍ ഉന്നയിച്ചു. 2021 ജനുവരിയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വിലയിരുത്തുന്നതിനായി കൊച്ചിയിലെത്തിയ നഗരവികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുമ്പാകെ ആദ്യ പരിഗണന നല്‍കി അവതരിപ്പിച്ച വിഷയവും മെട്രോയുടെ രണ്ടാം ഘട്ട വികസനം തന്നെയായിരുന്നു. ഇതേആവശ്യം ഉന്നയിച്ച്  കേന്ദ്ര നഗര വികസന മന്ത്രിയായിരുന്ന ഹര്‍ദീപ് സിംഗ് പുരിയെ ബെന്നി ബെഹനാന്‍ എം.പിയോടൊപ്പം സന്ദര്‍ശിച്ചു.

ഏറ്റവും ഒടുവില്‍ 2021 ആഗസ്റ്റ് മാസം 2 ന് മെട്രോയുടെ രണ്ടാം ഘട്ടം യൂണിയന്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി തുടര്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമനും കത്ത് നല്‍കിയിരുന്നു. ഇത് തുടര്‍ നടപടികള്‍ക്കായി നല്‍കിയിട്ടുണ്ടെന്ന മറുപടി ധനകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിച്ചിരുന്നു.
2022 ഫെബ്രുവരി 26 ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എം. പി മാരുടെ കോണ്‍ഫറന്‍സില്‍ കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്  പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് ക്ലിയറന്‍സ് ലഭിച്ചതായും  കേന്ദ്ര മന്ത്രിസഭയുടെ അനുമതിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണണെന്നും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ രേഖകള്‍ പരിശോധിച്ചാല്‍ മാത്രം ഇക്കാര്യം മനസ്സിലാകും. 2020 സെപ്റ്റംബറില്‍ തൈക്കൂടം മുതല്‍ പേട്ട വരെയുള്ള ഒന്നാം ഘട്ടത്തിന്റെ രണ്ടാം റീച്ച് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ സാന്നിദ്ധ്യത്തില്‍ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ അനുമതികള്‍ സംബന്ധിച്ച വിഷയം ഉന്നയിച്ചിരുന്നു. 'രാഷ്ട്രീയ ഇച്ഛാശക്തി' കൊണ്ടേ മെട്രോയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുവാന്‍ സാധിക്കൂ എന്നാണ് അന്ന് കേന്ദ്ര മന്ത്രി മറുപടി നല്‍കിയത്. ആ രാഷ്ട്രീയ ഇച്ഛാശക്തി ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കോ, എറണാകുളം ജില്ലയില്‍ നിന്നുള്ള  മന്ത്രിയ്‌ക്കോ ഇല്ലാതെ പോയത് എം. പി മാരുടെ കുറ്റമല്ല. അല്‍പം പുറകോട്ട് തിരിഞ്ഞു നോക്കിയാല്‍ അത്തരത്തില്‍ രാഷ്ട്രീയ ഇച്ചാശക്തിയുള്ള ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ കാലത്താണ് മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തീകരണത്തിന്റെ പാതയില്‍ എത്തിയതെന്ന് മനസ്സിലാക്കാമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles