Friday, November 1, 2024

Top 5 This Week

Related Posts

കേന്ദ്രത്തിന് കേരളത്തെക്കാൾ കടബാധ്യത: പിണറായി

കൊച്ചി: കേരളം കടത്തിൽ മുങ്ങിയെന്നു സ്ഥാപിക്കാൻ ശ്രമം നടക്കുകയാണെങ്കിലും അതിലും ഉയർന്ന കടബാധ്യതയിലാണു കേന്ദ്ര സർക്കാരെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ വ്യവസായം വളരില്ലെന്ന് ആക്ഷേപിച്ചവർക്കുള്ള മറുപടിയാണു സംരംഭക മഹാസംഗമമെന്നു പറഞ്ഞ മുഖ്യമന്ത്രി, ചടങ്ങിൽ നിന്നു വിട്ടുനിന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളെ പരോക്ഷമായി വിമർശിച്ചു. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിച്ച പശ്ചാത്തലത്തിൽ വ്യവസായ വകുപ്പു സംഘടിപ്പിച്ച മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.”റിസർവ് ബാങ്കിന്റെ കണക്കു പ്രകാരം കേരളത്തിന്റെ പൊതുകടം 2016ൽ സംസ്ഥാന ജിഡിപിയുടെ (മൊത്ത ആഭ്യന്തര ഉൽപാദനം) 29 % ആയിരുന്നെങ്കിൽ 2021ൽ 37 % ആയി. 8 % വർദ്ധന. അതേ കാലയളവിൽ കേന്ദ്ര സർക്കാരിന്റെ പൊതുകടം ജിഡിപിയുടെ 47 ശതമാനത്തിൽനിന്ന് 59 % ആയി; 12 % വർദ്ധന. ഇത്രയധികം കടബാധ്യതയുള്ള രാജ്യത്തിന്റെ ഭാഗമാണു സംസ്ഥാനങ്ങൾ. അവയ്ക്കു സ്വന്തം നിലയ്ക്കു കടത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാമെന്നു കരുതുന്നതു യുക്തിക്കു നിരക്കുന്നതല്ല. പല സംസ്ഥാനങ്ങളിലും കേരളത്തിലേതുപോലെ മികച്ച പൊതുവിദ്യാലയങ്ങളോ സർക്കാർ ആശുപത്രികളോ സിവിൽ സർവീസോ സാർവത്രിക ക്ഷേമപദ്ധതികളോ പെൻഷനുകളോ ഇല്ല. എന്നിട്ടും, കേരളത്തെക്കാൾ കൂടുതൽ പൊതുകടമുള്ള 8 സംസ്ഥാനങ്ങളുണ്ട്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കടബാധ്യത വർദ്ധിച്ചു വരുന്നത് രാജ്യം അനുവർത്തിക്കുന്ന സാമ്പത്തികനയത്തിന്റെ ഫലമാണ്. ആ നയം തിരുത്തിയാൽ കടഭാരം ക്രമേണ ഒഴിവാകും”– മുഖ്യമന്ത്രി പറഞ്ഞു.”കേരളത്തിന്റെ വരുമാനം മുഴുവൻ കേന്ദ്രത്തിൽ നിന്നാണെന്നു സ്ഥാപിക്കാനും ശ്രമങ്ങളുണ്ട്. സംസ്ഥാനത്തിന്റെ 64 % തനതു വരുമാനമാണ്. എന്നിട്ടും, കേന്ദ്രസഹായം കൊണ്ടാണു കേരളം നിലനിൽക്കുന്നതെന്നാണു പൊതുവിലുള്ള പ്രതീതി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്– ഇന്നവേഷൻ ഹബ് നമ്മുടെ നാട്ടിലാണ്. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ് സൗഹൃദാന്തരീക്ഷം കേരളത്തിലാണ്. അഫോഡബിൾ ടാലന്റ് റാങ്കിങ്ങിൽ ഏഷ്യയിൽ ഒന്നാമതും ലോകത്തു നാലാമതുമാണു കേരളം. ആറര വർഷത്തിനിടെ 3800 സ്റ്റാർട്ടപ്പുകൾ ആരംഭിച്ചതിലൂടെ 40,000 തൊഴിലവസരങ്ങൾ ഉണ്ടായി.രാജ്യത്തെ ആദ്യത്തെടെക്നോപാർക്കും ഇലക്ട്രോണിക് ഉപകരണ നിർമാണ കമ്പനിയും ആരംഭിച്ച സംസ്ഥാനമാണു കേരളം.ലോകത്തെ ഒലിയൊറെസിൻ ഉൽപാദനത്തിന്റെ 40 – 50% കേരളത്തിലാണ്. സമുദ്രോൽപന്ന കയറ്റുമതി ചെയ്യുന്ന 75% കമ്പനികൾക്കും യൂറോപ്യൻ യൂണിയൻ സർട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണു കേരളം”– മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എയർബസ്, നിസാൻ, ടെക് മഹീന്ദ്ര, ടോറസ് എന്നിങ്ങനെയുള്ള ലോകോത്തര കമ്പനികൾ കേരളത്തിലേക്കു വന്നു. എന്നിട്ടും കേരളം വ്യവസായങ്ങൾക്ക് അനുകൂലമല്ല എന്ന തെറ്റായ ചിത്രം പ്രചരിപ്പിക്കാനാണു ചിലർ ശ്രമിക്കുന്നത്. ചില മാധ്യമങ്ങളും പ്രചാരണങ്ങൾക്കു കൂട്ടുനിൽക്കുന്നു. ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 1.2 % ഉം ജനസംഖ്യയുടെ 2.6 % ഉം മാത്രമുള്ള കേരളത്തിന്റെ ജിഎസ്ഡിപി രാജ്യത്തിന്റെ ജിഡിപിയുടെ 4.2% ആണ്. ഇവിടെ വ്യവസായവും വാണിജ്യവും ഇല്ലെങ്കിൽ പിന്നെ ഇതെങ്ങനെയാണു സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. സ്കെയിൽ അപ് പദ്ധതി സർവേ ഉദ്ഘാടനവും കൈപ്പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി കെ. രാജൻ നിർവഹിച്ചു. എംഎൽഎമാരായ ആന്റണി ജോൺ, പി.വി. ശ്രീനിജിൻ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, ചീഫ് സെക്രട്ടറി വി.പി. ജോയ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ മുഹമ്മദ് ഹനീഷ്, സുമൻ ബില്ല, വ്യവസായ – വാണിജ്യ ഡയറക്ടർ എസ്. ഹരികിഷോർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles