Wednesday, December 25, 2024

Top 5 This Week

Related Posts

കൂട്ടിയതൊന്നും കുറയില്ല: ഇന്ധനസെസും നികുതികളും ന്യായീകരിച്ച് ധനമന്ത്രി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച നികുതി നിര്‍ദേശങ്ങളില്‍ മാറ്റമില്ല. നികുതി നിര്‍ദേശങ്ങള്‍ മാറ്റില്ലെന്ന് ബജറ്റു ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.നികുതി വര്‍ധനയെ ന്യായീകരിച്ചാണ് ധനമന്ത്രി സംസാരിച്ചത്.അധിക വിഭവ സമാഹരണത്തില്‍ മാറ്റമില്ല. സമരം കിടന്ന് നികുതി കുറപ്പിച്ചെന്നു വരുത്താന്‍ പ്രതിപക്ഷം ശ്രമിച്ചുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം,നികുതി നിര്‍ദേശങ്ങള്‍ മാറ്റാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

നികുതി വര്‍ധനവില്ലാതെ സംസ്ഥാനത്തിനു മുന്നോട്ടു പോകാനാകില്ലെന്നു മന്ത്രി പറഞ്ഞു. 60 ലക്ഷത്തിലധികം കുടുബങ്ങളുടെ സുരക്ഷയ്ക്കും കേരളത്തിന്റെ മുന്നോട്ടുപോക്കിനും നികുതി പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്. 1970ല്‍ ഏര്‍പ്പെടുത്തിയ നികുതിയാണ് പഞ്ചായത്തുകളില്‍ വാങ്ങിക്കുന്നത്.ഇന്ത്യയിലെ തന്നെ കുറഞ്ഞ നികുതിയാണിത്.

ബജറ്റില്‍ നികുതി വര്‍ധിപ്പിച്ചതിന്റെ ഗുണം പഞ്ചായത്തുകള്‍ക്കാണു ലഭിക്കുന്നത്. മോട്ടര്‍ വാഹന നികുതി പരിഷ്‌കരിച്ചതു മറ്റു സംസ്ഥാനങ്ങളിലെ നികുതി കണക്കിലെടുത്താണ്. മദ്യത്തിനു രണ്ടു വര്‍ഷമായി നികുതി കൂട്ടിയിട്ടില്ല.500 രൂപയ്ക്കു താഴെയുള്ള മദ്യമാണു സംസ്ഥാനത്തു കൂടുതലും വില്‍ക്കുന്നത്. അതിനു വില കൂട്ടിയിട്ടില്ല.

1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിനാണ് കുപ്പിക്ക് 40 രൂപ കൂടിയത്. 7500 കോടിരൂപയാണ് ഇന്ധന സെസിലൂടെയും സര്‍ചാര്‍ജിലൂടെയും കേന്ദ്രം പിരിക്കുന്നത്. 20 രൂപയാണ് ഒരു ലീറ്റര്‍ ഇന്ധനത്തിനു കേന്ദ്രം ഈടാക്കുന്നത്. സാമൂഹിക സുരക്ഷയ്ക്കായാണ് ഇന്ധന സെസ് ഇനത്തില്‍ രണ്ടു രൂപ വര്‍ധിപ്പിച്ചതെന്നും ധനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles