ലോക ഫുട്‌ബോൾ ഇതിഹാസം പെലെ ഓർമയായി. ഇന്ത്യൻ സമയം രാത്രി 11.57ന് സാവോ പോളോയിലെ ആൽബർട് ഐൻസ്‌റ്റൈൻ ആശുപത്രിയിലായിരുന്നു കാൽപന്തുകളിയുടെ സുവർണ രാജകൂമാരന്റെ അന്ത്യം. 82 വയസ്സായിരുന്നു. മുന്നൂ പതിറ്റാണ്ടിലേറെയായി ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരുടെ നാവിൽ തങ്ങിനിന്നിരുന്ന എഡ്‌സൺ അരാൻറസ് ഡോ നാസിേെമൻറാ എന്ന പെലെ ഇനി ചരിത്രത്താളുകളിൽമാത്രം. വാർധക്യസഹജമായ അസുഖങ്ങളോടൊപ്പം അർബുദം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കാൽപന്തിന്റെ മായാജാലം കൺവെട്ടത്തുനിന്നു മാഞ്ഞ ദു:ഖവാർത്ത അദ്ദേഹത്തിന്റെ മാനേജർ ജോ ഫ്രാഗയാണ് ലോകത്തെ അറിയിച്ചത്. രാജ്യത്തിന്റെ ദേശീയ സ്വത്തായിരുന്ന പെലെയുടെ മരണത്തെത്തുടർന്ന് ബ്രസീലിൽ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ഒന്നര പതിറ്റാണ്ട് ബ്രസീൽ ദേശീയ ടീമിന്റെ അവിഭാജ്യ ഭാഗമായിരുന്ന പെലെ മൂന്നു ലോകകപ്പ് നേടിയ ഏക താരമാണ്. 1958, 1962, 1970 ലോകകപ്പ് കിരീടങ്ങളിലാണ് പെലെ മുന്നിൽനിന്നു നേടിത്. 1,363 കളികളിൽ 1,279 ഗോളുകളുമായി ഗിന്നസ് ലോക റെക്കോഡിലും പെലെയുടെ നാമം രേഖപ്പെടുത്തിയിട്ടുണ്ട്.
20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബാൾ താരമായി ഫിഫ 2000ൽ തെരഞ്ഞെടുത്തത് പെലെയെയും ഡീഗോ മറഡോണയെയുമായിരുന്നു. ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റസ്റ്റിക്‌സിന്റെ (ഐ.എഫ്.എഫ്.എച്ച്.എസ്) നൂറ്റാണ്ടിലെ താരമായും പെലെ തെരഞ്ഞെടുക്കപ്പെട്ടു. 1995 ജനുവരി ഒന്നു മുതൽ 1998 മേയ് ഒന്നുവരെ കായിക മന്ത്രിയായി രാഷ്ട്രീയത്തിലും പെലെ മുത്തമിട്ടിരുന്നു.