മൂവാറ്റുപുഴ : മുളവൂർ ആറാം വാർഡിൽ വിശ്വകർമ്മ- നെടിയാലി റോഡ്, കുറ്റിക്കാട്ടുചാലിപ്പടി – കനാൽ ബണ്ട് റോഡ് ടെണ്ടർ കാലാവധി അവസാനിക്കാറായിട്ടും പണി ആരംഭിക്കാത്തതിനെതിരെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ബ്ളോക്ക് പഞ്ചായത്ത് ആഫീസലേക്ക് ജനകീയ പ്രതിഷേധം.
നിർമ്മാണത്തിനുള്ള കരാർ കാലാവധി രണ്ടാം തവണയും നീട്ടിവാങ്ങിയെങ്കിലും കരാറുകാരൻ പണി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ. മുഹമ്മദ്്, വാർഡ് മെമ്പർ ബെസ്സി എൽദോ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ സ്ത്രീകൾ അടക്കം ചൊവ്വാഴ്ച രാവിലെ മുതൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനുമുമ്പിൽ കുത്തിയിരിപ്പു നടത്തിയത്. എട്ടാം വാർഡ് മെമ്പർ ടി.എം. ജലാലുദ്ധീൻ, സിപിഎം ലോക്കൽ സെക്രട്ടറി വി.എസ്. മുരളി, പി.ജി,. പ്രദീപ് കുമാർ. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.പി. വർക്കി തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കാളിയായി.
റോഡ് നിർമ്മാണത്തിനു തീരുമാനമാകാതെ പിരിഞ്ഞുപോകില്ലെന്ന നിലപാട് എടുത്തതോടെ ഒടുവിൽ ബി.ഡി.ഒ എം.ജി. രതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ,ഉദ്യോഗസ്ഥർ തുടങ്ങിയവർ ബി.ഡി.ഒ യുടെ ചേംബറിൽ നടത്തിയ ചർച്ചയിൽ കരാറുകാരനെക്കൊണ്ടുതന്നെ പണിനടത്തിക്കാൻ നടപടിയായായതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
ഉദ്യോഗസ്ഥർ കരാരുകാരനുമായി സംസാരിച്ചതോടെ പൂർണമായി തകർന്നുകിടക്കുന്ന വിശ്വകർമ- നെടിയാലി റോഡ് ഉടൻ പണിയാരംഭിക്കുന്നതിനു തീരുമാനിച്ചു. നിർമാണത്തിനു ആവശ്യമായ ടാർ ഉൾപ്പെടെയുള്ള സാമഗ്രികൾക്ക് പണം അടക്കുകയും ചെയ്തു. തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെതന്നെ അസി.എക്സി എൻജിനീയർ എൻ. ബാലകൃഷ്ണൻ അസി.എൻജിനീയർ ഹസ്ന പി.എ. എന്നിവർ സ്ഥലത്ത് എത്തി റോഡിന്റെ ലെവൽ നിർണയം ആരംഭിച്ചു. ഒരാഴ്ചക്ക് ഉള്ളിൽ റോഡ് റീടാറിങ്ങ്്് പൂർത്തിയാക്കാൻ സാധിക്കുമെന്ന് കരുതുന്നതായി അസി.എക്സികൃട്ടീവ് എൻജിനീയർ പറഞ്ഞു.
2018 – 19 വർഷത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽഉൾപ്പെടുത്തി അന്നത്തെ അന്നത്തെ എംഎൽഎ എൽദോ എബ്രഹാമാണ് രണ്ടു റോഡുകൾക്കുമായി 11 ലക്ഷം രൂപ അനുവദിച്ചത്. കഴിഞ്ഞ ഡിസംബറിൽ പണി ടെണ്ടർ ചെയ്തു. ആറ് മാസം കാലാവധി കഴിഞ്ഞതോടെ രണ്ടാംതവണയും അവധി നീട്ടിവാങ്ങിയിരുന്നു. ഈ കാലാവധിയും അവസാനിക്കാറായതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം ഉയർന്നത്.