തൊടുപുഴ: കഞ്ചാവും മാരകായുധങ്ങളുമായി രണ്ടുപേരെ തൊടുപുഴ എക്സൈസ് സംഘം പിടികൂടി. ഇവരില്‍ നിന്ന് 3.20 കിലോ കഞ്ചാവും കഠാരയും വടിവാളും ഉള്‍പ്പെടെ മാരകായുധങ്ങളും മുളക് സ്പ്രേയും പിടിച്ചെടുത്തു. കാരിക്കോട് ഉള്ളാടംപറമ്പില്‍ മജീഷ് മജീദ് (29), ഇടവെട്ടി തൈപ്പറമ്പില്‍ അന്‍സല്‍ അഷ്റഫ് (27) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
തൊടുപുഴ കേന്ദ്രീകരിച്ച് വന്‍ തോതില്‍ കഞ്ചാവ് വില്‍പന നടക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ആന്ധ്രയില്‍ നിന്ന് വന്‍ തോതില്‍ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് അധികൃതര്‍ പറഞ്ഞു.
മജീഷ് അടിപിടി ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മജീഷ് പ്രദേശിക സി.പി.എം പ്രവർത്തകനാണെന്ന് പറയുന്നുണ്ടെങ്കിലും പാർട്ടിയിൽ നിന്ന് ഇയാളെ നേരത്തേ പുറത്താക്കിയതാണെന്ന് നേതാക്കൾ പറയുന്നു.
തൊടുപുഴ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി.പി. ദിലീപ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഷാഫി അരവിന്ദ്, പ്രിവന്റീവ് ഓഫിസര്‍മാരായ സാവിച്ചന്‍ മാത്യു, ദേവദാസ്, കെ.പി.ജയരാജ്, കെ.പി.ബിജു, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സുബൈര്‍, മുഹമ്മദ് റിയാസ്, പി.എസ്.അനൂപ്, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ അപര്‍ണ ശശി, ഡ്രൈവര്‍ അനീഷ് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.