കോതമംഗലം : സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) “സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം” എന്ന തലവാചകത്തിൽ സംസ്ഥാന വ്യാപകമായി 120 സോണുകളിൽ ജനുവരി ഫെബ്രുവരി മാസ കാലയളവിൽ യൂത്ത് പാർലമെന്റുകൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കോതമംഗലം സോൺ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് പാർലമെൻറ് ഫെബ്രുവരി 26ന് ഞാറാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ നെല്ലിക്കുഴി കാന്തപുരം എ.പി മുഹമ്മദ് മുസ് ലിയാർ നഗറിൽ നടക്കും.
ശക്തമായ പ്രാദേശിക ഘടകങ്ങളും സാമൂഹിക ഇടപെടലുകൾക്ക് പ്രാപ്തരായ പ്രവർത്തകരുമാണ് സംഘടനയുടെ മൂലധനം. ഇസ്ലാം മുന്നോട്ടുവെക്കുന്ന സമഗ്രവും തത്വാധിഷ്ഠിതവുമായ ആശയത്തിലൂന്നിയുള്ള സാമൂഹിക ക്രമത്തെ ഉൾക്കൊണ്ടുകൊണ്ട് സോഷ്യൽ ആക്ടിവിസത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കാൻ പ്രവർത്തകരെ പ്രാപ്തരാക്കുക, സാമൂഹിക ഇടപെടലിന്റെ പ്രാദേശിക സാധ്യതകൾ കണ്ടെത്താൻ പ്രവർത്തകർക്ക് പരിശീലനം നൽകുക,. സംഘടന സംവിധാനത്തിന്റെയും ഇടപെടൽ രീതികളുടെയും പുനരാവിഷ്കരണം സാധ്യമാക്കുകയും പ്രസ്ഥാന വൃത്തത്തിനു പുറത്തുള്ളവർക്ക് സംഘടനയെയും അതുവഴി ഇസ്ലാമിനെയും അടുത്തറിയാൻ അവസരം ഒരുക്കുക എന്നീ ലക്ഷ്യങ്ങളുടെ പൂർത്തീകരണമാണ് യൂത്ത് പാർലമെന്റുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.
എസ് വൈ എസിന്റെ സന്നദ്ധ വിഭാഗമായ ടീം ഒലിവ്, പ്രാസ്ഥാനികം, സൗഹൃദം എന്നീ വിഭാഗങ്ങളിൽ നിന്നായി ഏകദേശം 200പ്രതിനിധികൾ പാർലമെൻറിൽ പങ്കെടുക്കും. കൺസെപ്റ്റ് ടോക്ക്, വിഷൻ ക്വസ്റ്റ്, വർക്ക് ഷോപ്പ്, ലോക്കൽ ഹിസ്റ്ററി, ഫോക്കസ് പോയിൻറ്, ഡയലോഗ്, ദി മെസ്സേജ് തുടങ്ങി ഒമ്പതോളം സ്പെല്ലുകളായാണ് യൂത്ത് പാർലമെൻറ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പ്രത്യേകം പരിശീലനം നേടിയ ജില്ലാ സംസ്ഥാന ആർപിമാർ, സാഹിത്യ- ബൗദ്ധിക മണ്ഡലത്തിൽ പ്രവർത്തിക്കുന്നവരും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.
സ്വാഗത സംഘ ചെയർമാൻ ഷെബീർ സഖാഫിയുടെഅധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻറ് വി.ച്ച് അലി ദാരിമി എറണാകുളംയൂത്ത് പാർലമെൻറ് ഉദ്ഘാടനം ചെയ്യും. സയ്യിദ് ഷഹീർ തങ്ങൾ അൽ ഐദറൂസി പ്രാർത്ഥനക്ക് നേതൃത്വം നൽകും.
സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം, സോഷ്യൽ ആക്ടിവിസം; സാധ്യത- പ്രയോഗം- മൗലിക വിചാരങ്ങൾ, പരിസ്ഥിതി,വിദ്യാഭ്യാസം, ആരോഗ്യം, ലോക്കൽ ഹിസ്റ്ററി പേപ്പർ പ്രസന്റേഷൻ , കൃഷി, തൊഴിൽ,സംരംഭകത്വം, ലിബറൽ മോഡേണിറ്റി; സ്ത്രീ,കുടുംബം , നിലപാട്, നേർവഴിയുടെ ചുവടുകൾ
തുടങ്ങി 10 സെഷനുകൾ പാർലമെന്റിൽ ചർച്ചയാവും.
വൈകിട്ട് 4 30ന് നടക്കുന്ന പ്രാദേശിക വികസനം ഡയലോഗ് സെഷനിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ ,നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് PM മജീദ് സദസ്സുമായി സംവദിക്കും. സ്വാഗത സംഘ കൺവീനർ നൂറുദ്ദീൻ വെണ്ടുവഴി സ്വാഗതവും അബ്ദുസമദ് സഖാഫി ഊരം കുഴി നന്ദിയും പറയും