നെടുങ്കണ്ടം : കർത്താവിനെ ഒറ്റ് ക്കൊടുത്ത യൂദാസിനെപോലെ പിണറായി വിജയൻ്റെ കാബിനറ്റിൽ ഇരുന്ന് ഇടുക്കി ജനതയെ ഒറ്റിയ അഭിനവ യൂദാസാണ് എം.എം മണിയെന്ന് ഡീൻ കുര്യാക്കോസ് എംപി. സീറോ ബഫർ സോണായി ഐക്യ ജനാധിപത്യ മുന്നണി സർക്കാർ പരിഹരിച്ച വിഷയത്തെ അട്ടിമറിച്ചത് പിണറായി സർക്കാർ ആണ്. ജനവാസ കേന്ദ്രങ്ങളിൽ ഒരു കിലോമീറ്റർ ബഫർ സോൺ എന്ന 2019 ലെ ക്യാബിനറ്റ് തീരുമാനത്തിലൂടെയാണ് ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ ഇപ്പോൾ ഉൾപ്പെടുന്നത്. ബഫര്‍സോണ്‍ വിരുദ്ധ സമര യാത്രയുടെ മൂന്നാദിനത്തില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയായിരുന്നു എം.പി
ബഫർ സോൺ വിഷയത്തിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന സമര യാത്രയുടെ മൂന്നാം ദിവസത്തിൽ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ജാഥ ക്യാപ്റ്റൻ കൂടിയായ എംപി. സീറോ ബഫർ സോൺ എന്ന ആശയമാണ് തമിഴ്നാട് സർക്കാരും മുന്നോട്ട് വെച്ചത്. ഇടുക്കി ജില്ലയെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് ഇടതുമുന്നണി സർക്കാരിൻ്റെത്. കേരളത്തിൽ മറ്റൊരിടത്തും ഇല്ലാത്ത നിയമം ഇടുക്കി ജില്ലയിൽ മാത്രം നടപ്പിലാക്കണമെന്ന നിർബന്ധ ബുദ്ധിയാണ് ഇടതു പക്ഷത്തിനെന്ന് എംപി കുറ്റപ്പെടുത്തി.
എല്ലാതരത്തിലും ജനങ്ങളെ ദുരിതത്തിലാക്കിയ ഈ കരിനിയമത്തെ എതിർത്തു തോൽപ്പിക്കേണ്ടത് പ്രതിപക്ഷ ധർമ്മമെന്ന് മൂന്നാം ദിവസത്തെ സമര യാത്ര ഉദ്ഘാടനം ചെയ്ത കെപിസിസി വൈസ് പ്രസിഡൻ്റ് വിപി സജിന്ദ്രൻ പറഞ്ഞു. എല്ലാ മേഖലയിലും പരാജയമായ സർക്കാർ ആണ് കേരളം ഭരിക്കുന്നത്. മയക്കു മരുന്ന് മാഫിയ ഭരണം നിയന്ത്രിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത് ബഫർ സോണിൽ യുഡിഎഫ് നടത്തുന്ന സമര യാത്രയെ പൊതു സമൂഹം പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ എം തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സിപി മാത്യൂ, കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്, യുഡിഎഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി, ജില്ല കൺവീനർ പ്രൊഫ. എം.ജെ ജേക്കബ്, അഡ്വ. ഇബ്രഹിംക്കുട്ടി കല്ലാർ, അഡ്വ.സേനാപതി വേണു, തോമസ് രാജൻ, എം.എൻ ഗോപി, ജി മുരളീധരൻ, എം.ജെ കുര്യൻ, സി.എസ് യശോധരൻ, ബെന്നി തുണ്ടത്തിൽ, ബിജോ മാണി, അരുൺ കെ.എസ്, ജോസ് പൊട്ടൻപ്ലാക്കൽ, പി.എസ് യൂനസ്, എം.എസ് ഷാജി, ജോയി നമ്പുടാകത്ത്,സൻ്റോച്ചൻ കൊച്ചുപ്പുര, ടോമി ജോസഫ്, കെ.ഡി റോയി എന്നിവർ പ്രസംഗിച്ചു.