Monday, January 27, 2025

Top 5 This Week

Related Posts

ഉമ തോമസിന്റെ വിജയം ജനാധിപത്യ കേരളത്തിനു നിർണായകമെന്ന് കെ.കെ. രമ എം.എൽ.എ

കേരളത്തിലെ ജനവിരുദ്ധ ഭരണരാഷ്ട്രീയവും ജനപക്ഷ സമരരാഷ്ട്രീയവും തമ്മിലുള്ള മുഖാമുഖ പോരാട്ടമാണ് തൃക്കാക്കരയിലേതെന്ന് ആർഎഎംപി നേതാവ് കെ.കെ.രമ എംഎൽഎ, ജനകീയ സമരപക്ഷത്തിൻറെ വിജയം നാടിൻറെ ജനാധിപത്യഭാവി സംബന്ധിച്ച് നിശ്ചയമായും ഏറെ മുഖ്യമാണെന്നത് തിരിച്ചറിയപ്പെടാതെ പോകരുതെന്നും കെ.കെ.രമ പറയുന്നു. ടി,പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട ശേഷവും കുലം കുത്തി കുലം കുത്തി തന്നെയെന്നു വിശേഷിപ്പിച്ച മുഖ്യമന്ത്രി പി.ടി. തോമസിനെയും അപമാനിക്കാനാണ് ശ്രമിച്ചത്.

പ്രസ്താവന പൂർണമായും വായിക്കാം

തൃക്കാക്കര ജനാധിപത്യ കേരളത്തിന് നിർണ്ണായകമായ ഒരു പോർമുഖമാണ്. ഈ വിധിയെഴുത്ത് നമ്മുടെ ഭരണ-പ്രതിപക്ഷ ബലാബലങ്ങളിൽ അത്ര പ്രധാനമായിരിക്കില്ല., പക്ഷെ കേരളത്തിലെ ജനവിരുദ്ധ ഭരണരാഷ്ട്രീയവും ജനപക്ഷ സമരരാഷ്ട്രീയവും തമ്മിലുള്ള മുഖാമുഖ പോരാട്ടമെന്ന നിലയിൽ തൃക്കാക്കരയിൽ ജനകീയ സമരപക്ഷത്തിൻറെ വിജയം നാടിൻറെ ജനാധിപത്യഭാവി സംബന്ധിച്ച് നിശ്ചയമായും ഏറെ മുഖ്യമാണെന്നത് തിരിച്ചറിയപ്പെടാതെ പോകരുത്. പ്രതിപക്ഷമുന്നണി സ്ഥാനാർത്ഥി എന്നതിനപ്പുറം, ഈ ജനവിരുദ്ധ ഭരണത്തിന് മുന്നിൽ ഇക്കാലയളവിനിടയിൽ നാടുയർത്തിയ നൂറുനൂറ് ചോദ്യങ്ങളുടേയും എണ്ണമറ്റ വിയോജിപ്പുകളുടേയും പ്രതിനിധിയെന്ന നിലയിലാണ് തീർച്ചയായും ശ്രീമതി ഉമാ തോമസിൻറെ സ്ഥാനാർത്ഥിത്വം തൃക്കാക്കരയിലും കേരളത്തിലാകെയും പ്രസക്തമാവുന്നത്. തുടർഭരണലബ്ധിയുടെ അഹന്തയിൽ കേരളത്തെ തറവാട്ടുമുതൽ പോലെ കൈകാര്യം ചെയ്യാനും എതിർപ്പുകളെ ഏകാധിപത്യശൈലിയിൽ നേരിടാനുമെല്ലാം ശ്രമിച്ചുകൊണ്ടിരിക്കുന്ന ജനവിരുദ്ധ സർക്കാരിനെതിരെ ജനരോഷത്തിൻറെ തീപ്പാറുന്ന മറുപടിയായി ഈ തെരഞ്ഞെടുപ്പിലെ ജനവിധി മാറേണ്ടതുണ്ട്.

ഭരണത്തുടർച്ച തങ്ങൾക്കെന്തും ചെയ്യാനുള്ള ലൈസൻസാണെന്ന ഭരണാധികാരധാർഷ്ട്യം സർവ്വ സീമകളും ലംഘിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തെ സർവ്വനാശത്തിൻറെ പാതാളങ്ങളിലേക്ക് വലിച്ചെറിയുന്ന സിൽവർലൈൻ അടക്കമുള്ള ജനവിരുദ്ധ പദ്ധതികൾ എന്തുവില കൊടുത്തും നടപ്പാക്കുമെന്ന ഏകാധിപത്യ പ്രഖ്യാപനങ്ങൾ ജനങ്ങൾക്ക് നേരെ പല്ലിളിക്കുകയാണ്. കേരളത്തെ പാരിസ്ഥിതിക ദുരന്തത്തിലേക്കും തലമുറകളെ കൊടും കടക്കെണികളിലേക്കും തള്ളിവിട്ടിട്ടായാലും തങ്ങൾക്ക് കമ്മീഷൻ കിട്ടിയാൽ മതിയെന്ന് കരുതുന്ന ഭരണാധികാരികൾ ജനകീയ വിയോജിപ്പിൻറെ കരുത്തറിയേണ്ടതുണ്ട്.
കക്ഷി രാഷ്ട്രീയത്തിനപ്പുറം കേരളത്തിന്റെ പാരിസ്ഥിതിക ജാഗ്രതയുടെ മുഖമായിരുന്നു പി.ടി.തോമസ്. ഉമയുടെ വിജയം ആ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ട് പോവും.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തൃക്കാക്കരയിൽ എത്തിയതു മുതൽ പി.ടി. യെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ നിറയുന്നുണ്ട്. വ്യക്തിപരമായി സഹോദരതുല്യമായ ഒരു സ്‌നേഹ സാന്നിദ്ധ്യത്തിന്റെ നഷ്ടമാണ് അദ്ദേഹത്തിന്റെ ദേഹവിയോഗത്തിലൂടെ സംഭവിച്ചത്.
മരിച്ചുപോയ മനുഷ്യരെ അപമാനിക്കും വിധം പൊതുവിൽ ആരും സംസാരിക്കാറില്ല. തൃക്കാക്കരയിൽ പി.ടി.തോമസിനെ തെരഞ്ഞെടുത്തത് തൃക്കാക്കരയ്ക്ക് പറ്റിയ അബദ്ധമാണ് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ഓർമ്മകളെ പോലും അപമാനിക്കാനുള്ള ശ്രമമാണ്.
ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിനു ശേഷവും ‘കുലംകുത്തി കുലംകുത്തി തന്നെയെന്നും ‘ഞെട്ടുന്നതൊക്കെ ഓരോരുത്തരുടെ മാനസികാവസ്ഥ പോലെ ഇരിക്കുമെന്നും ‘ രാത്രി പത്തു മണിക്ക് ശേഷം ചന്ദ്രശേഖരൻ എങ്ങോട്ടാണ് പോയത്’ എന്നുമൊക്കെ തുടർച്ചയായി അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ അവഹേളിച്ചത് ഈ നാട് കണ്ടതാണ്. അതിന് സമാനമാണ് പി.ടിക്കെതിരെയുമുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
ഈ ഭരണത്തിന് കീഴിൽ ‘നീതി’ എന്നത് കേരളത്തിലൊരു വിദൂരസ്വപ്നമായി മാറിക്കൊണ്ടിരിക്കുന്നു. നടി ക്രൂരമായി ആക്രമിക്കപ്പെട്ട ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത് തൃക്കാക്കര മണ്ഡലത്തിലാണ്. തൃക്കാക്കരയുടെ അന്നത്തെ എംഎൽഎ ആയിരുന്ന ശ്രീ.പി.ടി.തോമസിൻറെ സമയോചിതമായ ഇടപെടലുകൾ ഈ കേസിൽ നിർണ്ണായകമായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന വസ്തുതയുമാണ്.
കേസ് അട്ടിമറിക്കപ്പേടുന്നതിനെതിരെ, തനിക്ക് നീതി ലഭിക്കുന്നതിന് വേണ്ടി, നീതിപീഠത്തെ സമീപിച്ച കുറ്റത്തിന് സിപിഎമ്മിൻറെ സംസ്ഥാന സെക്രട്ടറിയും എൽഡിഎഫിൻറെ കൺവീനറും മുൻമന്ത്രിയുമെല്ലാം ചേർന്ന് തൃക്കാക്കര തെരഞ്ഞെടുപ്പ് മുൻനിർത്തി അതിജീവിതയെ സംഘടിതമായി അപമാനിച്ചത് നാം കണ്ടു.
ഈ വെല്ലുവിളി തീർച്ചയായും തൃക്കാക്കരയിലേയും കേരളത്തിലേയും സ്ത്രീസമൂഹവും ജനാധിപത്യ പൊതുസമൂഹവും ഏറ്റെടുക്കേണ്ടതുണ്ട്.
തുടക്കം മുതൽ വർഗ്ഗീയതയും സാമുദായികതയും തെരഞ്ഞെടുപ്പ് ചർച്ചകളുടെ കേന്ദ്രമാവാൻ സി.പി.എം നടപ്പാക്കുന്ന കുതന്ത്രങ്ങൾ ഈ നാടിന്റെ സാമുദായിക സൗഹൃദാന്തരീക്ഷത്തെ ഗുരുതരമായി ബാധിക്കും.
ഈ നെറികേടുകൾക്കും ജനവിരുദ്ധതകൾക്കുമെതിരെ നിഷ്‌കരുണം മറുപടി പറയാനാണ് തൃക്കാക്കര കാത്തിരിക്കുന്നത്.
നീതി പുലരാനും ജനാധിപത്യ സംരക്ഷണത്തിനും കേരളത്തിന്
അതിജീവിക്കാനുള്ള പോരാട്ടമായി ഈ തെരഞ്ഞെടുപ്പിനെ തിരിച്ചറിഞ്ഞു കൊണ്ട് തൃക്കാക്കരയിൽ ശ്രീമതി.ഉമാതോമസിന്റെ ഉജ്വലവിജയം ഉറപ്പിക്കാൻ മുഴുവൻ ജനാധിപത്യവിശ്വാസികളും തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles