Monday, January 27, 2025

Top 5 This Week

Related Posts

ഉമ ജയിക്കണം : വർഗീയ പ്രീണനത്തിനെതിരെ നവ രാഷ്ട്രീയം ഉയർന്നുവരണം

കോൺഗ്രസ്, സി.പി.എം, സിപിഐ, കേരളാ കോൺഗ്രസ്, മുസ്ലിം ലീഗ്, കക്ഷികൾ ഉൾപ്പെട്ട ഇടത് വലത് രാഷ്ട്രീയമാണ് കേരളത്തിൽ നിലവിലുള്ളത്. ബി.ജെ.പി ഉൾപ്പെടുന്ന സംഘ്പരിവാർ കക്ഷികളും പ്രവർത്തിക്കുന്നു.
ഇടതു- വലത് മുന്നണിയിൽ മത-സാമുദായിക കക്ഷികളുണ്ട്. തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളിലെയും ഘടക കക്ഷികൾക്ക് സീറ്റ് വീതം വയ്ക്കുന്നു. സംഘടനാ സ്വഭാവമനുസരിച്ച് സ്ഥാനാർഥി നിർണയം നടത്തുകയും മത്സരിക്കുകയും ചെയ്യുകയാണ് രീതി. ഇരു മുന്നണികളും ചില മണ്ഡലങ്ങളിൽ ജാതി- മത പരിഗണന നോക്കിയും വിജയ സാധ്യത പരിഗണിച്ചും സ്വതന്ത്രരെയും മത്സരിപ്പിക്കാറുണ്ട്. ഇവരെ യു.ഡി.എഫ്- എൽ.ഡി.എഫ് എന്ന രീതിയിൽ ജാതി മത വ്യത്യാസമില്ലാതെ ജനം വോട്ട് ചെയ്ത് ജയിപ്പിക്കുന്നത് കേരളം പൊതുവെ സ്വീകരിച്ചുപോരുന്നതാണ്.

എന്നാൽ അടുത്ത കാലത്ത് വര്ർഗീയ പ്രീണനം ലക്ഷ്യമാക്കി സ്ഥാനാർഥികളെ കണ്ടെത്തുന്നത് അപകടകരമായി വർധിച്ചിരിക്കുന്നു. സാമൂദായിക പാർട്ടികൾ, യു.ഡി.എഫിൽ മാത്രം ഘടക കക്ഷികളായിരുന്ന സന്ദർഭത്തിൽ ഇടതുപക്ഷം യു.ഡി.എഫിനെ ജാതി- മത വർഗീയ ശക്തികളുടെ മുന്നണിയെന്നും, ഇടതുമുന്നണിയെ മതനിരപേക്ഷ പ്രസ്ഥാനം എന്നുമാണ് വിശേഷിപ്പിച്ചിരുന്നത്. ഇന്ന് അത്തരം വാദം ഉന്നയിക്കാൻ സാധിക്കാത്ത വിധം ഒരേ സ്വഭാവമുള്ള പാർട്ടികൾ ഇരു മുന്നണിയിലും ഉണ്ട്.

വർഗീയ പ്രീണനനയം വിജയവഴിയായി മുഖ്യധാര പാർട്ടികൾ തിരഞ്ഞെടുത്തതോടെ, അർഹതയുണ്ടായിട്ടും അവസരം ലഭിക്കാതെപോയ പാർട്ടി പ്രവർത്തകരും നേതാക്കളും എണ്ണമറ്റതാണ്. പ്രായോഗിക രാഷ്ട്രീയത്തിന്റെ മലീമസമായ ഈ ചളിക്കുണ്ടിൽ പ്രതികരിക്കാനാവാതെ, പ്രതികരിച്ചിട്ടു ഫലമില്ലാത്തതിനാൽ അമർഷവും ദുഖവും ഉള്ളിലൊതുക്കി കടന്നുപോവുകയായിരുന്നു ഇക്കൂട്ടർ. ഏതെങ്കിലും ഒരു മതത്തിന്റെ വോട്ട് ബാങ്കിനു മുൻതൂക്കമുള്ള പ്രദേശത്ത് ജീവത്യാഗം ചെയ്താലും മതം നോക്കി, ജാതി നോക്കി അവസരം വരുമ്പോൾ പ്രവർത്തന പാരമ്പര്യവും ത്യാഗവും മണ്ണാംകട്ടയാണ്. ഇവിടെ സ്വതന്ത്ര വേഷത്തിൽ അണ്ടനും അടകോടനും വരെ സ്ഥാനാർഥിയാകും. എംഎൽഎയും എംപിയും മന്ത്രിയാകും. സംശുദ്ധ രാഷ്ട്രീയവും ആദർശ രാഷ്ട്രീവും വർഗീയ വിരുദ്ധതയും കടലാസിൽ മാത്രമായിരിക്കും.

സമാന അവസ്ഥയിലും യു.ഡി.എഫിൽനിന്നു വ്യത്യസ്തമായി പാർട്ടി സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നതിനു ധൈര്യം കാണിച്ചിട്ടുളള പാർട്ടിയാണ് സിപിഎമ്മും ഇടതുമുന്നണിയും. എന്നാൽ പിണറായികാലത്ത് ആ മൂല്യംകൂടിയാണ് അധികാര രാഷ്ട്രീയക്കളിയിൽ നഷ്ടപ്പെടുത്തുന്നത്.
ഇപ്പോൾ വർഗീയ വിരുദ്ധ പോരാട്ടം അവസാനിപ്പിച്ച് കടുത്ത വർഗീയ പ്രീണന നയമാണ് ഇടതുമുന്നണി പ്രായോഗികവത്കരിക്കുന്നത്. കെ.എം.മാണിയുടെ പുത്രനെ വിശുദ്ധനാക്കി ഇടതു ഘടക കക്ഷിയാക്കിയ സഖ്യം ഇടതുമുന്നണിയുടെ പഴയ വർഗീയ വിരുദ്ധ കാഴ്ചപ്പാടിൽ വന്ന മാറ്റമാണ്. ഇതല്ല, ഇവിടെ പരാമർശ വിഷയം എന്നതുകൊണ്ട് വിവരിക്കുന്നില്ല

നേരത്തെ സൂചിപ്പിച്ച തനി വർഗീയ പ്രീണനത്തിനു വേണ്ടി പാർട്ടിയുടെ പ്രവർത്തകർക്ക് മത്സരിക്കാനാവുന്ന മണ്ഡലങ്ങളും അവസരം നിഷേധിച്ച് സ്വതന്ത്ര വേഷധാരികളെ പിന്നാമ്പുറത്തുകൂടി കൊണ്ടുവരുന്നു. അത്തരം വർഗീയ പ്രീണന രാഷ്ട്രീയം മറനീക്കി പുറത്തുവന്നത് തൃക്കാക്കരയിലാണ്. ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ അഡ്വ കെ.എസ്. അരുൺകുമാർ പാർട്ടി പരിഗണനയിൽനിന്നു പുറത്തായത് ജയാപരാജയങ്ങളുടെ വർഗീയകണക്കുകൂട്ടലിലാണ്. ചില നിക്ഷിപ്ത താലപര്യക്കാരായ പുരോഹിതരുടെ പിൻബലത്തിൽ ജയിക്കുന്നതിനു തയ്യാറാക്കിയ അണിയറയിലെ അവിശുദ്ധകൂട്ടുകെട്ടിലാണ് ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ ഇടതുമുന്നണി സ്ഥാനാർഥിയാക്കുന്നത് എന്നത് അത്ര രഹസ്യമായ കാര്യമല്ല. ഗൂഡാലോചനക്കാരുടെ കെണിയിൽ തൃക്കാക്കരയിലെ വിശ്വാസികൾ പലകാരണത്താൽ വീണില്ലെന്നതു വേറെ കാര്യം.

കോൺഗ്രസ് ഇത്തരം പ്രീണനത്തിൽനിന്നു മുക്തമാണെന്ന അഭിപ്രായമില്ല. പക്ഷെ തൃക്കാക്കരയിൽ ഉമയുടെ സ്ഥാനാർഥി നിർണയം സാമുദായിക പരിഗണനയല്ല, മറിച്ച് പി.ടി. യുടെ ഭാര്യയെന്നതും രാഷ്ട്രീയ പ്രാവിണ്യവും കണക്കിലെടുത്താണ് ഉമ യു.ഡി.എഫ് സ്ഥാനാർഥിയാകുന്നത്. ഇത്തരുണത്തിൽ സിപിഎം തൃക്കാക്കരയിൽ നഷ്ടപ്പെടുത്തിയത് പാർട്ടി സ്ഥാനാർഥിക്ക് മത്സരിക്കാനുളള അർഹതപ്പെട്ട സ്ഥാനമാണ്.

ഇപ്പോൾ ചില പുരോഹിതൻമാർ സ്ഥാനാർഥികൾ തങ്ങളുടെ മതത്തിൽപ്പെട്ടവരേ വരാവൂ, അല്ലെങ്കിൽ തോല്പിക്കും എന്ന അവസ്ഥ രൂപപ്പെട്ടിരിക്കുന്നു. വോട്ട് ബാങ്ക് അനുസരിച്ച് രാഷ്ട്രീയ പാർട്ടികളെ സമ്മർദ്ദത്തിലാക്കി പലമണ്ഡലങ്ങളും മറ്റാർക്കും മത്സരിക്കാനാവാത്ത വിധം സ്വന്തമാക്കിയവരാണ് വെല്ലുവിളി ഉയർത്തുന്നത്. മധ്യ കേരളത്തിലാണ് ഈ സമ്മർദ്ദ രാഷ്ട്രീയത്തിൽ യു.ഡി.എഫിലും എൽ.ഡി.എഫിലും അർഹതപ്പെട്ട വ്യക്തികൾ കൂടുതലും ഒഴിവാക്കപ്പെട്ടത്. ഏതെങ്കിലും മതത്തിനു ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ ആരു സ്ഥാനാർഥിയെ പരിഗണിച്ചാലും സ്വാഭാവികമായും ആ വിഭാഗത്തിൽപ്പെട്ടവർതന്നെ വരും. അതല്ലാതെ, മറ്റു മതത്തിൽപ്പെട്ട പാർട്ടിക്കാർക്ക്് മത്സരിക്കാൻ സാധിക്കുന്ന മണ്ഡലങ്ങളും കൈപ്പിടിയിലൊതുക്കാനുളള വെല്ലുവിളി അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

ജനാധിപത്യത്തിനും മതേതരത്വത്തിനും ഒട്ടും അഭിലഷണീയമല്ലാത്ത തുല്യതയില്ലാത്ത വർഗീയ പ്രീണന രാഷ്ട്രീയം മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഒരു പാട് കാലം മുന്നോട്ടുകൊണ്ടുപോകുന്നതിനു സാധിക്കുമെന്ന് കരുതുന്നില്ല. വർഗീയ പ്രീണനത്തിലും തുല്യത പാലിക്കേണ്ടിവരും.
പാർട്ടിയിൽ അർഹതപ്പെട്ടയാൾ പുറംതള്ളപ്പെടുന്ന അവസ്ഥ ഇടതുമുന്നണിക്ക് ഒഴിവാക്കാവുന്ന പശ്ചാത്തലമാണ് തൃക്കാക്കരയിൽ ഒരുങ്ങിവന്നത്. ഇവിടെ ഇടതുമുന്നണി തോല്ക്കുമ്പോൾ മാത്രമായിരിക്കും പാർട്ടി സ്ഥാനാർഥിയെ ഒഴിവാക്കിയത് വീണ്ടും ചർച്ചയാവുക, തെറ്റ് തിരുത്താനുള്ള ചർച്ച നടക്കുകയെന്നാണ് ഞാൻ കരുതുന്നത്. സിപിഎമ്മിൽ സ്ഥാനാർഥി നിർണയം സ്ൃഷ്ടിച്ച അലയൊലി കെട്ടടങ്ങേണ്ടതല്ല. തൃക്കാക്കര ഇടതുപക്ഷത്തിനു മാറ്റത്തിനുള്ള അവസരമാണ.്
ഏത് മതത്തിൽപ്പെട്ടവരാണെങ്കിലും നിക്ഷിപ്ത താല്പര്യക്കാരായ മതപുരോഹിതരുടെ വെല്ലുവിളികളെ വോട്ടർമാർ തിരസ്‌കരിക്കുന്ന കാലവും അടുത്ത് വരും. ഈ മാറ്റത്തിലൂടെ മാത്രമേ എല്ലാ മത വിഭാഗത്തിലുംപെട്ട അർഹതയുള്ളവരുടെ അവസരം നഷ്ടപ്പെടാതിരിക്കുക.രാഷ്ട്രീയ പാർട്ടികൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ ആരെ സ്ഥാനാർഥിയാക്കിയാലും വിജയിപ്പിക്കുന്നതിനുളള സാഹചര്യം പരമാവധി സൃഷ്ടിക്കുന്നതിനു ജനം മുന്നിട്ടിറങ്ങണം.

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles