വടക്കുപടിഞ്ഞാറൻ ഇറാനിലെ ഖോയ് നഗരത്തിലുണ്ടായ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് പേർ മരണപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
816 പേർക്കാണ് പരിക്കേറ്റത്, അവരിൽ ചിലരെ ചികിത്സയ്ക്കായി സമീപ പ്രദേശങ്ങളിലേക്ക് കൊണ്ടുപോയി എന്ന് പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ മുഹമ്മദ് സദേഗ് മൊട്ടമീഡിയൻ അറിയിച്ചു.
ശനിയാഴ്ച വൈകിട്ടോട് കൂടിയാണ് 7 കിലോമീറ്റർ (4.3 മൈൽ) ആഴത്തിലുള്ള ഏറ്റവും വലിയ ഭൂകമ്പം ഉണ്ടായത്. ഉർമിയയിലും മറ്റ് നിരവധി പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. 40 ലധികം തുടർചലനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ഏറ്റവും വലുത് 4.2 തീവ്രത ഉള്ളതായിരുന്നു.
ഭൂകമ്പത്തിന്റെ ഫലമായി പ്രദേശത്തെ കെട്ടിടങ്ങൾക്കും ചില അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില സ്ഥലങ്ങളിൽ വൈദ്യുതി തടസവും നേരിടുന്നുണ്ട്