Wednesday, December 25, 2024

Top 5 This Week

Related Posts

ഇത്രയൊക്കെ നന്മ ചെയ്യുന്ന യൂസുഫ് അലിയോട് പോലും ഇത്ര വെറുപ്പോ?

സുധേഷ് എം. രഘുവിന്റെ പോസ്റ്റ്

ഇത്രയൊക്കെ നന്മ ചെയ്യുന്ന യൂസുഫ് അലിയോട് പോലും ഇത്ര വെറുപ്പോ? ” എന്ന് അത്ഭുതം കൂറുന്ന നിഷ്കു മുസ്ലീങ്ങളെ കണ്ടതുകൊണ്ട് വീണ്ടും ആ വിഷയം പറയേണ്ടി വരുന്നു. ഭാവനക്ക് അനന്തമായ സാധ്യത ഉള്ള ഒന്നാണ് മുസ്ലിം വിരുദ്ധത എന്നത് എപ്പോഴും ഓർക്കുക. തുള്ളി മരുന്ന്, പൊടി തേച്ച അടിവസ്ത്രം എന്നിവ കൊണ്ട് വന്ധ്യംകരണം നടത്താം എന്നത് ശാസ്ത്ര ലോകം ഇന്നു വരെ കണ്ടു പിടിക്കാത്ത കാര്യങ്ങൾ ആണ്. പക്ഷേ മുസ്ലിം വിരുദ്ധരുടെ ഭാവനയിൽ, മുസ്ലിം തെരുവ് കച്ചവടക്കാർ പതിറ്റാണ്ടുകളായി അത് ഉപയോഗിച്ച് ആൾക്കാരെ വന്ധ്യംകരിക്കുക ആണ്.

ഇനി യുസുഫ് അലിയിലേക്കു വരും മുന്നേ വേറൊരു ഹെയ്റ്റ് കാമ്പയിൻ ഓർമ വരുന്നു. അത് പിസി മുസ്തഫ എന്ന യുവ സംരംഭകന്റെ ഐഡി ഫ്രഷ് എന്ന സ്ഥാപനത്തിന് എതിരെ ആയിരുന്നു. “ഹലാൽ ദോശ മാവ് ” എന്ന വിചിത്ര വാക്ക് മുതൽ “മുസ്ലീങ്ങൾ മാത്രമുള്ള കമ്പനി ” എന്ന നുണ വരെ ഉണ്ടായിരുന്നു അതിൽ. പക്ഷേ, linkedin പോലെ എംപ്ലോയീ വിവരങ്ങൾ അറിയാൻ പറ്റുന്ന സൈറ്റുകൾ നോക്കിയാൽ മനസ്സിലാവും ഐഡി ഫ്രഷിൽ, ഉയർന്ന പദവികളിൽ ഒരുപാടു് ഹിന്ദു – ക്രിസ്ത്യൻ പേരുകാർ ഉണ്ടെന്ന്. ഇതു കണ്ടു പിടിക്കാൻ പാടുള്ള കാര്യം ഒന്നുമല്ല. പക്ഷേ ശ്രദ്ധേയമായ കാര്യം, ഇത്തരം ഹെയ്റ്റ് കാമ്പയിൻ നടക്കുമ്പോൾ പിസി മുസ്തഫയെ അറിയാവുന്ന, അദ്ദേഹം ഒരു ഭീകരവാദിയേ അല്ല എന്ന് അറിയാവുന്ന ഈ സ്റ്റാഫുകളും സുഹൃത്തുക്കളും ബിസിനസ്സ് ഫ്രട്ടേണിറ്റിയും ഒക്കെ എവിടെ പോയി എന്നാണ്. വാ തുറക്കേണ്ട ഉത്തരവാദിത്വം ഉണ്ടെന്ന് അവർക്കു തോന്നാത്തത് എന്ത്?

യുസുഫ് അലി ദാനം കൊടുത്തും ജോലി കൊടുത്തും വീടു കൊടുത്തും സഹായിച്ച 100 കണക്കിന് അമുസ്ലീങ്ങൾ അവിടെ നിൽക്കട്ടെ, അദ്ദേഹം മാസാമാസം സംഭാവന നൽകുന്ന ക്ഷേത്രങ്ങളും ചർച്ചകളും അവിടെ നിൽക്കട്ടെ. അദ്ദേഹത്തിന്റെ സ്വാധീനം കൊണ്ട് ഗൾഫിലെ കേസിൽ നിന്നു തല ഊരിയ തുഷാർ വെള്ളാപ്പള്ളി എങ്കിലും അദ്ദേഹത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന് എതിരെ വരുമോ എന്നു നോക്കാം.
വിശ്വഹിന്ദു പരിഷത്തിന്റെ ലണ്ടൻ ക്ഷേത്രത്തിനു് ഏറ്റവും അധികം പണം നൽകിയത് യുസുഫ് അലി ആണെന്നു വെളിപ്പെടുത്തിയ ജയറാം പ്രതികരിക്കുമോ എന്നു നോക്കാം..

പോസ്റ്റ് നീളുന്നു, എങ്കിലും “നിഷ്കു” മുസ്ലീങ്ങളോടു പറയാതെ വയ്യ. പാകിസ്താനെതിരെ ഹാട്രിക് അടിച്ച ഇർഫാൻ പഠാൻ, ഡബിൾ സെഞ്ച്വറി അടിച്ച വസീം ജാഫർ, കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത റിട്ടയേർഡ് പട്ടാളക്കാരൻ സനാവുള്ള ഖാൻ, രണ്ടു മക്കളെ ആർമിയിൽ ചേർക്കാൻ പഠിപ്പിച്ച ദാദ്രിയിലെ അഖ്‌ലാക് തുടങ്ങി എണ്ണമറ്റ ഉദാഹരങ്ങൾ കണ്ടിട്ടും നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നത് നന്മ ചെയ്തും രാജ്യസ്നേഹം പ്രകടിപ്പിച്ചും ഇഫ്താർ ഊട്ടിയും ഇവന്മാരുടെ വിദ്വേഷത്തിൽ നിന്നു രക്ഷപ്പെടാം എന്നാണോ? !

നിങ്ങളുടെ എത്നിസിറ്റി മുസ്ലിം ആണെങ്കിൽ, “എക്സ്” മുസ്ലിം ആയാൽ പോലും നിങ്ങൾക്ക് ഇവരുടെ വെറുപ്പിൽ നിന്നു രക്ഷപെടാൻ കഴിയില്ല എന്ന് ഈ ഇഫ്താർ മുസ്ലീങ്ങൾ എന്നാണാവോ മനസിലാക്കുക?

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles