Friday, January 3, 2025

Top 5 This Week

Related Posts

ആരോപണം ഗൂഢപദ്ധതിയുടെ ഭാഗമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

സ്വർണ കള്ളക്കടത്തുകേസിലെ പ്രതി സ്വപന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് കേസിൽ ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങൾ തന്നെ കേസിൽ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ വസ്തുതകളുടെ തരിമ്പുപോലുമില്ല. ഇത് ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകൾ ജനങ്ങൾ തള്ളിക്കളഞ്ഞതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. സ്വപന സുരേഷിന്റെ പേര് പരാമർശിക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

ദീർഘകാലമായി പൊതുരംഗത്ത് ജനങ്ങൾക്കൊപ്പം നിൽക്കുകയും വ്യാജ ആരോപണങ്ങൾ നേരിട്ടിട്ടും പതറാതെ പൊതുജീവിതത്തിൽ മുന്നോട്ടുനീങ്ങുകയും ചെയ്യുന്നവർക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിപ്പിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണെന്നുള്ളത് വ്യക്തമാണ്. അത്തരമൊരു ആളെക്കൊണ്ട് പഴയ ആരോപണങ്ങൾ അയവിറക്കിച്ച് നേട്ടം കൊയ്യാമെന്ന് കരുതുന്നവർക്കുള്ള മറുപടി നമ്മുടെ സമൂഹം നൽകുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.

ഇന്ന് ദൃശ്യമാധ്യമങ്ങളിലൂടെ ചില കേസുകളെപ്പറ്റി അവയിൽ പ്രതിയായ വ്യക്തി നടത്തിയ ചില പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സ്വർണ്ണക്കടത്ത് പുറത്തുവന്ന അവസരത്തിൽ തന്നെ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് കേന്ദ്ര സർക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണ്. പിന്നീട് അന്വേഷണ രീതികളെപ്പറ്റിയുണ്ടായ ന്യായമായ ആശങ്കകൾ യഥാസമയം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.

രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്രോതസ് മുതൽ അവസാന ഭാഗം വരെയുള്ള കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് നിർബന്ധമുള്ള ഞങ്ങൾക്കെതിരെ സങ്കുചിത രാഷ്ട്രീയ കാരണങ്ങളാൽ ചില കോണുകളിൽ നിന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അസത്യങ്ങൾ വീണ്ടും ജനമധ്യത്തിൽ പ്രചരിപ്പിച്ച് ഈ സർക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇച്ഛാശക്തി തകർക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് വൃഥാവിലാണെന്നുകൂടി ബന്ധപ്പെട്ടവരെ ഓർമിപ്പിക്കട്ടെ.

കേരളത്തിന്റെ സമഗ്ര വികസനത്തിനും സാമൂഹ്യക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങൾ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles