മേപ്പാടി: എട്ടു ദിവസം മുമ്പ് വരെ ആരുടെയൊക്കെയോ പ്രിയപ്പെട്ടവരായിരുന്നവർ ഒടുവിൽ ഒറ്റ ദിവസം കൊണ്ട് തിരിച്ചറിയാത്ത അനാഥരായി മണ്ണിലേക്ക് മടങ്ങി.
തിരിച്ചറിയാത്ത ജഡങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിൻ്റെ മൂന്നാം ദിവസമായ ഇന്ന് രണ്ട് പൂർണ്ണ ശരീരവും 3 അപൂർണ്ണ ശരീരങ്ങളുമാണ് ഇന്ന് മറവ് ചെയ്തത്. ഓരോ ശരീരങ്ങളും ഒരു കൈ കുമ്പിളിൽ എടുക്കാൻ മാത്രമെ ഉണ്ടായിരുന്നുള്ളു 179 ശരീരഭാഗങ്ങളും 76പൂർണ്ണ ശരീരങ്ങളുമാണ് ഇതുവരെ മറവ് ചെയ്തത്. ഒരു വിരലാണെങ്കിലും ഒരു ശരീരമായി കണ്ടാണ് ഒരോ കുഴിയെടുത്ത് മറവ് ചെയ്തത്. പേരു കൊണ്ട് അറിയപ്പെട്ട് ജീവിച്ചിരുന്ന അവർ ഇനി നമ്പറുകളായാണ് അറിയപ്പെടുക. കേട്ടറിവ് പോലുമില്ലാത്ത അത്യപൂർവമായ ഒരു അന്തരീക്ഷമാണ് ഈ ശ്മാശാന ഭൂമിയിൽ കാണാനാവുക ഇന്ന് ചാലിയാറിൽ നിന്നും കിട്ടിയ രണ്ട് ശരീരങ്ങൾ കൂടി പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചു വരുന്നുണ്ട്. എല്ലാ ശരീര ഭാഗങ്ങളിൽ നിന്നും ഡി.എൻ എ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവിടെ മറവ് ചെയ്ത മുതദേഹങ്ങൾ ഡി.എൻ എ യിലൂടെ തിരിച്ചറിഞ്ഞാൽ അവർക്ക് ജഡങ്ങൾ തിരിച്ചെടുത്ത് മറ്റെവിടെയെങ്കിലും മറവു ചെയ്യാം. അല്ലെങ്കിൽ ചടങ്ങുകൾ നടത്താൻ വേണ്ട സൗകര്യങ്ങൾ ഇവിടെ തന്നെ ചെയ്യുന്നതാണ്.
ഒരുമിച്ച് ജീവിച്ച് ഒരുമിച്ച് മടങ്ങുമ്പോൾ കണ്ണീരോടെയാണ് നാട് യാത്രാമൊഴി നേർന്നത്. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളൊക്കെ ചടങ്ങിൽ സംബന്ധിച്ചിരുന്നു. 4 വർഷം മുമ്പ് 19 പേരുടെ ജീവനെടുത്തതിൻ്റെ നാലാം വാർഷികമാണ് നാളെ , അതിനിടയിലാണ് മറ്റൊരു പ്രകൃതി ദുരന്തത്തിൽ മരിച്ച കുറെ മനുഷ്യരെ ഒരുമിച്ച് അതെ ഭൂമിയിൽ മറവ് ചെയ്യുന്നത്. പുത്തുമല ദുരന്തത്തിൽ 5 പേരെ ഇനിയും കിട്ടിയിട്ടില്ല. പുത്തുമലയിൽ നിന്നും വെറും 2 കിലോമീറ്റർ ദൂരത്താണ് നൂറുകണക്കിനാളുകളുടെ ജീവനെടുത്ത മുണ്ടക്കൈ ദുരന്തം.
ചടങ്ങിൽ സർവമത പ്രാർത്ഥനകളും സർക്കാർ ഔദ്യോഗിക ബഹുമതികളും പോലീസിൻ്റെ ഗാർഡ് ഓഫ് ഓണറും മരിച്ചവരുടെ ബഹുമാനസൂചകമായി നൽകി. വേദന തിങ്ങി നിറഞ്ഞ അന്തരീക്ഷത്തിൽ നാടും നാട്ടുകാരും ബന്ധുക്കളും അന്ത്യ യാത്ര നേർന്നു.