Wednesday, December 25, 2024

Top 5 This Week

Related Posts

അരിയിൽ ഷൂക്കൂർ വധം :
പി.കെ. കുഞ്ഞാലിക്കുട്ടിയെ കെണിയിലാക്കി അഭിഭാഷകന്റെ വെളിപ്പെടുത്തൽ

എം.എസ്.എഫ് പ്രദേശിക നേതാവായിരുന്ന അരിയിൽഷൂക്കൂർ വധത്തിൽ പി.ജയരാജനെതിരെ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണം മുസ്ലിം ലീഗിലും യു.ഡി.എഫിലും വിവാദമാകുന്നു. അഡ്വ. ടി.പി. ഹരീന്ദ്രന്റെ വെളിപ്പെടുത്തൽ കളവെന്നു മുസ്ലിം ലീഗ് നേതാക്കൾ. ആരോപണം ഗൗരവമുള്ളതെന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. മുസ്ലിം ലീഗിന്റെ സമുന്നത നേതാവിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന കുറ്റാരോപണത്തിൽ സുധാകരന്റെ പ്രതികരണം യു.ഡി.എഫിലും ഭിന്നത സൃഷ്ടിക്കുന്നു.
ആരോപണത്തിനു പിന്നിൽ ഗൂഢാലോനയുണ്ടെന്നും കെ. സുധാകരൻറെ ആക്ഷേപം വെള്ളിയാഴ്ച ചേരുന്ന യുഡിഎഫിൽ ഉന്നയിക്കുമെന്നും മുസ്്‌ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ടി.പി ഹരീന്ദ്രന്റെ ആരോപണം അസംബന്ധമാണന്ന് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് നേതാക്കളും പ്രതികരിച്ചു.
ടി.പി ഹരീന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാണിച്ച്് ലീഗിന്റെ അഭിഭാഷക സംഘടനയും രംഗത്തുവന്നിട്ടുണ്ട്.

അരിയിൽ ഷുക്കൂർ വധക്കേസിൽ ആദ്യഘട്ടത്തിൽ പോലീസിന് നിയമോപദേശം നൽകിയ അഭിഭാഷകനാണ് ടി.പി ഹരീന്ദ്രൻ. കേസിൽ പി. ജയരാജനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തരുതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അന്നത്തെ ജില്ലാ പോലീസ് മേധാവി രാഹുൽ ആർ നായരെ ഫോണിൽ വിളിച്ച് കൊലക്കുറ്റം ചുമത്തരുതെന്ന് നിർദേശം നൽകി. എസ്.പി. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുമായി സംസാരിക്കുന്നതിന് താൻ ദൃക്സാക്ഷിയാണെന്ന വിവരമാണ് ടി.പി. ഹരീന്ദ്രൻ വെളിപ്പെടുത്തിയത്.
കുറ്റകൃത്യം നടക്കുന്നു എന്നറിഞ്ഞിട്ടും തടഞ്ഞില്ലെന്ന വകുപ്പായി മാറിയത് സമ്മർദത്തിന്റെ ഭാഗമാണെന്നും ടി.പി ഹരീന്ദ്രൻ ആരോപിക്കുന്നു

മുസ്ലിം ലീഗ് നേതാക്കൾ കടുത്ത പ്രതിഷേധം ഉയർത്തിയതോടെ ആരോപണത്തിൽ ഉറച്ചുനില്ക്കുന്നതായി ടി.പി.ഹരീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞാലിക്കുട്ടി നടപടി സ്വീകരിച്ചാൽ നിയമപരമായി തന്നെ നേരിടും എന്നും അഡ്വ. ഹരീന്ദ്രൻ പ്രസ്താവിച്ചു.

അരിയിൽ സ്വദേശിയും എം.എസ്.എഫിൻറെ പ്രാദേശിക നേതാവുമായ അരിയിൽ അബ്ദുൽ ഷുക്കൂർ (24) 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വെച്ചാണ് കൊലചെയ്യപ്പെട്ടത്. പട്ടുവം അരിയിൽ പ്രദേശത്ത് മുസ്ലിം ലീഗ് സി.പി.ഐ.എം സംഘർഷം നിലനിന്നിരുന്നു. പട്ടുവത്ത് എത്തിയ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, കല്ല്യാശ്ശേരി എം.എൽ.എ ടി.വി.രാജേഷ് എന്നിവർ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനു പ്രതികാരമായിട്ടാണ് ഷുക്കൂർ വധിക്കപ്പെട്ടതെന്നാണ് കേസ്. വയലിൽ രണ്ടര മണിക്കൂർ ബന്ദിയാക്കി വിചാരണ ചെയ്ത് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക വിവരം അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന വകുപ്പ് ചേർത്താണ് പി.ജയരാജനെയും, ടി.വി. രാജേഷിനെയും പ്രതിചേർത്തത്. കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ കൊലപാതകം പിന്നീട് തിരഞ്ഞെടുപ്പുകളിലും മറ്റും സിപിഎം നെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.

ഇപ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്നിട്ടുള്ള ആക്ഷേപം മുസ്ലിം ലീഗിലും ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലിം ലീഗ് പ്രവർത്തകരിൽ കടുത്ത വേദന ഉണ്ടാക്കിയ പൈശാചികമായ കൊലപാതകത്തിൽ തങ്ങളുടെ നേതാവ് കള്ളക്കളി കളിച്ചുവോയെന്ന സംശയമാണ് പ്രവർത്തകരിലേക്കും പടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles