അമേരിക്കയിലെ ടെക്‌സാസിലെ ഉവാൾഡ പട്ടണത്തിൽ 18 കാരൻ സ്‌കൂളിൽ കയറി 21 പേരെ വെടിവെച്ചു കൊന്നു. 18 പിഞ്ചു കുട്ടികളും ഒരു അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. കൊലയാളി സാൽവദോർ റമോസിനെ പൊലീസ് വെടിവെച്ചു കൊന്നു. രണ്ട്,മൂന്ന്,നാല് സ്‌കൂളുകളിലെ കുട്ടികളാണ് കൊല്ലപ്പെട്ടത്. കയ്യിൽ രണ്ട് തോക്കുമായി സ്‌കൂളിൽ ഓടിക്കയറി വെടിവെക്കുകയായിരുന്നു.അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. കൊലപാതകി സ്‌കൂളിലെത്തിയത് മുത്തശ്ശിയെ വെടിവെച്ചുകൊന്ന ശേഷമാണെന്നും റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച പ്രാദേശിക സമയം 11.32 ഓടെയാണ് സംഭവം. ഉവാൾഡിലുള്ള റോബ് എലിമെൻററി സ്‌കൂളിനു സമീപം വാഹനം ഇടിച്ചുനിർത്തിയ ശേഷം അക്രമി സ്‌കൂൾ കോമ്പൗണ്ടിലേക്ക് തോക്കുമായി പ്രവേശിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. സ്‌കൂളിൽ കടന്നയുടൻ കുട്ടികൾക്കും അധ്യാപകർക്കും കണ്ണിൽ പെട്ടവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമി പൊലീസുകാർക്കുനേരെയും വെടിയുതിർത്തു.
യുഎസ്സിലെ ടെക്സാസിൽ നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വൈറ്റ് ഹൗസിലും മറ്റ് സർക്കാർ കെട്ടിടങ്ങളിലെയും അമേരിക്കൻ പതാക പാതി താഴ്ത്തിക്കെട്ടാൻ അമേരിക്കൻ പ്രസിഡന്റ് ജൊ ബൈഡൻ ഉത്തരവിട്ടു.
‘വൈറ്റ് ഹൗസിലും എല്ലാ പൊതു കെട്ടിടങ്ങളിലും മൈതാനങ്ങളിലും എല്ലാ സൈനിക പോസ്റ്റുകളിലും നാവിക സ്റ്റേഷനുകളിലും ഫെഡറൽ ഗവൺമെന്റിന്റെ എല്ലാ നാവിക കപ്പലുകളിലും 2022 മെയ് 28ന് സൂര്യാസ്തമയം വരെ പതാക പകുതി താഴ്ത്തിക്കെട്ടാൻ ഉത്തരവിടുന്നു’- ബൈഡന്റെ ഉത്തരവിൽ പറയുന്നു.