Wednesday, December 25, 2024

Top 5 This Week

Related Posts

അഭയകൊലക്കേസിൽ പ്രതിയായ സിസ്റ്റർ സെഫിക്ക് നടത്തിയ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമെന്ന് ഡൽഹി ഹൈക്കോടതി.

കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമെന്ന് ഡൽഹി ഹൈക്കോടതി. അഭയ കൊലക്കേസിൽ പ്രതിയായ സിസ്റ്റർ സെഫിക്ക് നടത്തിയ കന്യകാത്വ പരിശോധനക്കെതിരെ നല്‍കിയ ഹർജിയിലാണ് കോടതി ഉത്തരവ്. സെഫിക്ക് പരിശോധന നടത്തിയത് ഭരണഘടനയുടെ 21ാം വകുപ്പിന്റെ ലംഘനമാണ്. കേസിന്റെ നടപടികൾ പൂർത്തിയായാൽ സെഫിക്ക് മനുഷ്യാവകാശ ലംഘനത്തിന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും ജസ്റ്റിസ് സ്വർണ കാന്ത ശർമ വിധിച്ചു.

2009 ൽ കേസ് അന്വേഷിച്ചിരുന്ന സിബിഐ സംഘം നടത്തിയ കന്യകാത്വ പരിശോധനക്കെതിരെ സിസ്റ്റർ സെഫി നൽകിയ ഹർജിയിലാണ് വിധി. അന്വേഷണവേളയിൽ പോലീസ് കസ്റ്റഡിയിലോ ജുഡീഷ്യൽ കസ്റ്റഡിയിലോ വച്ച് കുറ്റാരോപിതയുടെ കന്യകാത്വ പരിശോധന നടത്തുന്നത് പൗരന്റെ സ്വകാര്യതയും അന്തസും ഹനിക്കുന്നതാണ്. പോലീസ് കസ്റ്റഡിയിൽ കഴിയുമ്പോൾ പൗരന്റെ അന്തസ് ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ഇരയാണോ പ്രതിയാണോ എന്നത് പരിശോധന നടത്താനുള്ള ന്യായീകരണമല്ലെന്നും കോടതി നിരീക്ഷിച്ചു.

ഫാദർ തോമസും കോട്ടൂരുമായും ഫാദർ ജോസ് പൂതൃക്കയിലുമായും സിസ്റ്റർ സെഫിക്കുള്ള ഉള്ള ബന്ധം മറച്ചുവയ്ക്കാൻ മൂവരും ചേർന്ന് സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ നിന്ന് രക്ഷപ്പെടാൻ സെഫി, ഹൈമനോപ്ലാസ്റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു എന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പരിശോധനയ്ക്ക് മുന്നോടിയായി ഇവർ കന്യകയാണെന്ന് സ്ഥാപിക്കാൻ വേണ്ടി കന്യാചർമം കൃത്രിമമായി വച്ചു പിടിപ്പിക്കുവാനായി സർജറി നടത്തിയെന്നും ഇത് വൈദ്യപരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞുവെന്നും അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

തന്റെ സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്തിയെന്നും അതിന്റെ റിപ്പോർട്ട് പുറത്തുവിട്ടെന്നും ചൂണ്ടിക്കാട്ടി സിസ്റ്റർ സെഫി നേരത്തെ മനുഷ്യാവകാശ കമ്മീഷൻ പരാതി നൽകിയിരുന്നു. പരാതി കമ്മീഷൻ തള്ളിയതോടെയാണ് ഡൽഹി കോടതിയെ സമീപിച്ചത്. കന്യാചർമം വച്ചുപിടിപ്പിക്കാൻ ശസ്ത്രക്രിയ നടത്തിഎന്ന കള്ളക്കഥ സിബിഐ പ്രചരിപ്പിച്ചു എന്നായിരുന്നു ആരോപണം.

2020 ഡിസംബറിലാണ് അഭയ കൊലക്കേസിൽ സിസ്റ്റർ സെഫി കുറ്റക്കാരിയാണെന്ന് കണ്ടെത്തി സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാൽ 2022 ൽ കേരള ഹൈക്കോടതി സിബിഐ കോടതിയുടെ വിധി മരവിപ്പിച്ചതോടെ ജയിൽ മോചിതയായി. പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി. 1992 മാർച്ച് 27 ന് കോട്ടയം ജില്ലയിലെ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles