ഉസ്മാൻ അഞ്ചുകുന്ന്
ഗുണ്ടൽപേട്ട: നേർക്കാഴ്ചയിൽ നിറവസന്തവുമായി അതിർത്തിയിലെ കർണാടക ഗ്രാമങ്ങളിൽ പൂക്കാലം.
കണ്ണെത്താ ദൂരം വരെ പടർന്നു നിൽക്കുന്ന സൂര്യകാന്തി പാടങ്ങൾ കാണാൻ ആയിരകണക്കിന് സഞ്ചാരികളാണ് അതിർത്തി കടന്നെത്തുന്നത്.കഴിഞ്ഞ നാലു വർഷത്തോളം പ്രളയവും കോവിഡുമെല്ലാം മറച്ചുവെച്ച മനോഹര കാഴ്ച കാണാൻ സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ പ്രവാഹമാണ്.
തിരക്കേറിയതോടെ തോട്ടം ഉടമകൾ പ്രവേശന കവാടത്തിൽ ആളെ വെച്ച് പണം വാങ്ങിയാണ് സഞ്ചാരികളെ ഫോട്ടോയെടുക്കാനും മറ്റുമായി കടത്തിവിടുന്നത്.
കേരളത്തിലെ ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത മല്ലിക പൂക്കളും പാകമായിരിക്കുകയാണ്. മഞ്ഞയും ചുവപ്പും കലർന്ന മനോഹരമായ പാടങ്ങൾ മറക്കാനാവാത്ത കാഴ്ചയാണ് സമ്മാനിക്കുന്നത്. പാകമായ സൂര്യകാന്തി പൂക്കൾ എണ്ണക്കായി ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വിളവെടുപ്പിന് പാകമാവും. ഓണത്തോടനുബന്ധിച്ച് മല്ലിക പൂക്കളും പാകമാവും. ബാക്കി വരുന്നത് പെയിന്റ് നിർമാണത്തിനായും വിപണി ലക്ഷ്യമിടുന്നുണ്ട്.
മനസിനും കണ്ണിനും കുളിർമ നൽകുന്ന കാഴ്ച കാണാൻ വരുന്നവരെ കൊണ്ട് നിറയുകയാണ് കക്കല തൊണ്ടി, ഗുണ്ടൽപേട്ട ഗ്രാമങ്ങൾ’ കർണ്ണാടകാ ടൂറിസം ഡിപ്പാർട്ടുമെൻറും ഈ മനോഹര കാഴ്ചകൾക്കായി സഞ്ചാരികളെ ക്ഷണിക്കുന്നുണ്ട്.