Friday, December 27, 2024

Top 5 This Week

Related Posts

ഹെൽത്ത് ഇൻസ്‌പെകടറെ അധിക്ഷേപിച്ചുവെന്ന വിവാദത്തിൽ വിശദീകരണവുമായി സി.പി.എം

മൂവാറ്റുപുഴ : നഗരസഭ കൗൺസിൽ യോഗത്തിൽ ഉണ്ടായ ചർച്ചയെ വക്രീകരിച്ച് സിപിഐഎം നെതിരെ ഉപയോഗപ്പെടുത്തുക
എന്ന ലക്ഷ്യം വച്ച് നഗരസഭയിലെ ഭരണപക്ഷം നടത്തുന്ന പൊറാട്ടുനാടകം ഒരു നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുകയാണെന്നു സിപിഎം പ്രസ്താവിച്ചു.മാലിന്യനിർമാർജനം അവതാളത്തിലായതും നഗര സഭാ കോംപ്ലക്‌സിന്റെ വാടക ഉയർത്തിയതും ഷീ ലോഡ്ജ് തുറന്നുകൊടുക്കാത്തത് ഉൾപ്പെടെയുള്ള ജനകീയ പ്രശ്‌നങ്ങളാണ് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ഉന്നയിച്ചത്. കണ്ടിജന്റ് ജീവനക്കാരുടെ നിയമ പ്രശ്‌നം ചർച്ച ചെയ്യുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്ടറുടെ ജീവനക്കാരോടുള്ള ധിക്കാരപരമായ പെരുമാറ്റവും, ഇദ്ദേഹത്തിന്റെ ചിത്രം നവമാധ്യമങ്ങളിൽ
പ്രചരിപ്പിക്കാൻ ഇടയായ സാഹചര്യവും, ഹെൽത്ത് ഇൻസ്‌പെക്ടറെ കൗൺസിലിൽ വിളിച്ചുവരുത്തി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നുവെന്ന് സിപിഎം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ പറഞ്ഞു.വസ്തുത ഇതായിരിക്കെ ഹെൽത്ത് ഇൻസ്‌പെക്ടറുടെ വേഷവിധാനത്തെ മോശപെടുത്തി സംസാരിച്ചു എന്ന തെറ്റായ നിലയിൽ വാർത്ത പ്രചരിപ്പിച്ചത് മലയാള മനോരമയുടെ പ്രാദേശിക ലേഖകനും യുഡിഎഫ്
കൗൺസിലർമാരുമാണെന്നു കെ.പി. രാമചന്ദ്രൻ ആരോപിച്ചു.

സി.പി.എം പ്രസ്താവനയുടെ പൂർണരൂപം വായിക്കാം.

മൂവാറ്റുപുഴ നഗരസഭ കൗൺസിൽ യോഗത്തിൽ ഉണ്ടായ ചർച്ചയെ വക്രീകരിച്ച് സിപിഐഎം നെതിരെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം വച്ച് നഗരസഭയിലെ ഭരണപക്ഷം നടത്തുന്ന പൊറാട്ടുനാടകം ഒരു നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുകയാണ്.നഗരസഭയിലെ ശുചീകരണ മാലിന്യനിർമാർജന ജോലിയിൽനിന്ന് 2020 മുതൽ 2022 വരെ വിരമിച്ച ഏഴ് പേർക്ക് പകരം നിലവിലുള്ള താത്ക്കാലിക ജീവനക്കാർക്ക് സ്ഥിര നിയമനം നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ ഒഴിവുവരുന്ന തസ്തികകളിലേക്ക് പുതിയതായി നിയമനം നടത്തുകയും ചെയ്യാത്തതിനാൽ നഗരസഭയിലെ മാലിന്യ നിർമാർജ്ജന പ്രവർത്തനം അവതാളത്തിൽ ആയിരിക്കുകയാണ്.തുടർച്ചയിൽ ഭരണപക്ഷ കൗൺസിലർമാരുടെ ചർച്ചാവേളയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ അവഹേളിക്കുന്നനിലയിലുള്ള പരാമർശം ഭരണപക്ഷ കൗൺസിലറിൽ നിന്നും ഉണ്ടായപ്പോൾ പ്രതിപക്ഷ അംഗങ്ങൾ അതിനെതിരായി പ്രതിഷേധിച്ചു. ഇതേതുടർന്നാണ് കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചത്.

അതുപോലെ നഗരസഭ തിടുക്കപ്പെട്ട് നഗരസഭ കോംപ്ലക്‌സിലെ വാടക ഉയർത്തി വലിയതോതിൽ വർധിപ്പിക്കാൻ തീരുമാനമെടുത്തു. ഇതിന്റെ ഫലമായി സാധാരണക്കാർക്ക് ചുരുങ്ങിയ ചിലവിൽ ലഭിക്കുമായിരുന്ന ചില സേവനങ്ങൾക്ക് വലിയ തുക നൽകേണ്ടിവരുന്ന
നിലയാണ്( ഉദാഹരണം തീക്കൊള്ളിപാറ കമ്മ്യൂണിറ്റി ഹാളിന് 3500 രൂപയാണ് ഇപ്പോഴത്തെ വാടക പുതിയ നിരക്ക്
ആകുമ്പോൾ 25077/-രൂപയാകും ).രാത്രികാല യാത്രയിൽ സ്ത്രീകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിതമായും താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തിൽ ഒന്നാം പിണറായി സർക്കാർആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതിയാണ് ഷീ ലോഡ്ജ്. നിർമ്മാണപ്രവർത്തനം
കഴിഞ്ഞ കൗൺസിലിന്റെ അവസാനകാലത്ത് പൂർത്തീകരിച്ചതാണ്. പുതിയ ഭരണസമിതി കയറിയിട്ട് ഒന്നര വർഷം പിന്നിടുമ്പോഴും തുറന്നു
കൊടുത്തിട്ടില്ല.

ഇത്തരം ജനകീയ പ്രശ്‌നങ്ങളാണ് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ചത്. കണ്ടിജന്റ് ജീവനക്കാരുടെ നിയമ പ്രശ്‌നം ചർച്ച ചെയ്യുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്ടറുടെ ജീവനക്കാരോടുള്ള ധിക്കാരപരമായ പെരുമാറ്റവും, ഇദ്ദേഹത്തിന്റെ ചിത്രം നവമാധ്യമങ്ങളിൽ
പ്രചരിപ്പിക്കാൻ ഇടയായ സാഹചര്യവും, ഹെൽത്ത് ഇൻസ്‌പെക്ടറെ കൗൺസിലിൽ വിളിച്ചുവരുത്തി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.ഇതിന്റെ തുടർച്ചയിൽ ഭരണപക്ഷ കൗൺസിലർമാരുടെ ചർച്ചാവേളയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ അവഹേളിക്കുന്നനിലയിലുള്ള പരാമർശം ഭരണപക്ഷ കൗൺസിലറിൽ നിന്നും ഉണ്ടായപ്പോൾ പ്രതിപക്ഷ അംഗങ്ങൾ അതിനെതിരായി പ്രതിഷേധിച്ചു. ഇതേതുടർന്നാണ് കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചത്.വസ്തുത ഇതായിരിക്കെ ഹെൽത്ത് ഇൻസ്‌പെക്ടറുടെ വേഷവിധാനത്തെ മോശപെടുത്തി സംസാരിച്ചു എന്ന തെറ്റായ നിലയിൽ വാർത്ത പ്രചരിപ്പിച്ചത് മലയാള മനോരമയുടെ പ്രാദേശിക ലേഖകനും യുഡിഎഫ്
കൗൺസിലർമാരുമാണ്. തികഞ്ഞ മത സൗഹാർദത്തോടെ പരസ്പര സഹവർത്തിത്വത്തോടെ
എല്ലാ വിഭാഗങ്ങളും ഒരുമിച്ചു താമസിക്കുന്ന നാടാണ് മൂവാറ്റുപുഴ. ഈ നാടിന്റെ മതസൗഹാർദ്ദം തകർത്തു അന്യ മതസ്പർദ്ദ
വളർത്തുന്ന നിലയിൽ പച്ചക്കള്ളം പ്രചരിപ്പിച്ച മനോരമ ലേഖകനും മുനിസിപ്പൽ ഭരണപക്ഷവും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുന്നത്. ബിജെപിയുടെ ദേശീയ നേതാക്കൾ തന്നെ പ്രവാചകനിന്ദ നടത്തുമ്പോഴും ചെറിയ
പ്രതിഷേധം പോലും സംഘടിപ്പിക്കാത്ത മുസ്ലിം ലീഗ് ഈ വിഷയത്തിൽ മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തിയത് തികഞ്ഞ
കാപട്യമാണ്.
ഈ സാഹചര്യത്തിൽ ഒരു നാടിനെ വർഗീയ കലാപത്തിലേക്ക് തള്ളിയിടാൻ ശ്രമം നടത്തുന്ന നഗരസഭാ ഭരണാധികാരികൾക്കെതിരായി ജൂൺ 20, രാവിലെ 10 മണിക്ക് മുൻസിപ്പൽ ഓഫീസിലേക്ക് സിപിഐഎം ഏരിയ
കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കും. ഇതോടൊപ്പം മതസൗഹാർദ്ദം തകർക്കുന്ന വിധത്തിൽ തെറ്റായ വാർത്ത കൊടുത്ത
മലയാള മനോരമ പത്രത്തിന് എതിരെ നിയമ നടപടിയും പാർടി സ്വീകരിക്കും.

കെ പി രാമചന്ദ്രൻ
സെക്രട്ടറി
സിപിഐ എം

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles