മീനങ്ങാടി: സാമൂഹികമാധ്യമത്തിലൂടെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചയാൾ അറസ്റ്റിൽ. വടക്കനാട്, കിടങ്ങാനാട് തടത്തിക്കുന്നേൽ വീട്ടിൽ ടി.കെ വിപിൻ കുമാറി(35) നെയാണ് എസ്.എം.എസ് ഡി.വൈ.എസ്.പി എം.എം അബ്ദുൾകരീമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സിജു സി. മീന ഗോത്ര ഭാഷയിൽ രചിച്ച ‘വല്ലി’ എന്ന കവിത കോഴിക്കോട് സർവ്വകലാ ശാല ബിരുദാനന്തര ബിരുദ വിഭാഗം പാഠ്യവിഷയമാക്കിയതുമായി ബന്ധപ്പെട്ട് ഓൺലൈൻ വാർത്താ മാധ്യമമായ ഓപ്പൺ ന്യൂസർ ഫേസ്ബുക്ക് പേജിൽ വാർത്ത വന്നിരുന്നു.
ഈ വാർത്തയുടെ കമൻ്റ് ബോക്‌സിൽ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്ന തരത്തിൽ കമൻ്റിട്ടതിനാണ് വിപിൻ കുമാറിനെതിരെ മീനങ്ങാടി പോലീസ് കേസെടുത്തത്. പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. മീനങ്ങാടി പോലീസ് രെജിസ്റ്റർ ചെയ്ത കേസ് വയനാട് എസ്.എം.എസ് യൂണിറ്റിനു കൈമാറുകയായിരുന്നു. ‘Vipinkumar vipinkumar’ എന്ന ഫേസ് ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാൾ കമൻ്റിട്ടിരുന്നത്. മീനങ്ങാടി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽതന്നെ വിനീഷ് കുമാറാണ് ഈ അക്കൗണ്ട് ഉടമയെന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ ഫോണും പോലീസ് പിടിച്ചെടുത്തു.