കരിങ്കുന്നം ,പാലാ, തൊടുപുഴ റോഡില്‍ സ്ഥാപിച്ചിരിക്കുന്ന സോളര്‍ വഴി വിളക്കിന്റെ ബാറ്ററി മോഷ്ടിച്ച് വില്‍പന നടത്തുന്ന രണ്ടംഗ സംഘം കരിങ്കുന്നം പൊലീസിന്റെ പിടിയിലായി. ബാറ്ററി മോഷ്ടിച്ചു കടത്താന്‍ വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത കാറും കസ്റ്റടിയിലെടുത്തു
എറണാകുളം ജില്ലയില്‍ ഏനാനല്ലൂര്‍ പുന്നമറ്റം ഓട്ടുകുളത്ത് ഒ.എ. ബാദുഷ നോര്‍ത്ത് മഴുവന്നൂര്‍ കൊച്ചുവീട്ടില്‍ കെ.എസ്.കിച്ചു എന്നിവരെയാണ് എസ്‌ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തില്‍ കരിങ്കുന്നം ടൗണില്‍ നിന്ന് അറസ്റ്റ് ചെയ്തത്.പാലാ തൊടുപുഴ ഹൈവേയില്‍വഴിവിളക്കിനായി സ്ഥാപിച്ചിരിക്കുന്ന സോളര്‍ സ്ട്രീറ്റ് ലൈറ്റുകളിലെ ബാറ്ററി യൂണിറ്റുകള്‍ കാണാതാകുന്നത് പതിവായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഇവര്‍ പിടിയിലായത്. ബാദുഷയുടെ കാറും പൊലീസ് പിടികൂടി. ബാറ്ററി മോഷ്ടിച്ചു കടത്താന്‍ വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത കാറാണ് ഇതെന്ന് പൊലീസ് പറഞ്ഞു.
ഇവര്‍ മോഷ്ടിക്കുന്ന ബാറ്ററി കടകളില്‍ വില്‍പന നടത്തുകയാണ് ചെയ്യുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തും. മറ്റ് സ്ഥലങ്ങളില്‍ സമാന രീതിയില്‍ ഇവര്‍ മോഷണം നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ ഒന്നാം പ്രതി ബാദുഷയുടെ മാതാപിതാക്കള്‍ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് പൊലീസ് പറഞ്ഞു.