പാലക്കാട് : പാലക്കാട് റവന്യൂജില്ലാ സ്കൂള്‍ കലോത്സവത്തില്‍ അഴിമിതിയാരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നതിനെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയതിന് സുപ്രഭാതം സ്പെഷ്യല്‍ കറസ്പോണ്ടന്റ് ഫൈസല്‍ കോങ്ങാടിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും, വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ ഒറ്റപ്പാലം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. നൃത്താധ്യാകന് പുത്തൂര്‍ പ്രമോദ്ദാസിനെതിരെയാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 1860, 447, 506 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. പുത്തൂര്‍ പ്രമോദ് ദാസ് കലോത്സവം സമാപന ദിവസം രാത്രി ഒമ്പതരയോടെ വേദി ഒന്നിന് സമീപം പ്രവര്‍ത്തിച്ച മീഡിയാറൂമില്‍ കയറി സുപ്രഭാതം സ്പെഷ്യല്‍ കറസ്പോണ്ടന്റ് ഫൈസല്‍ കോങ്ങാടിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു. കയ്യാങ്കളിക്ക് മുതിര്‍ന്ന പ്രമോദിനെ മറ്റു മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രമോദിനെ മീഡിയാ റൂമിന്റെ പുറത്തേക്ക് കടത്തി. ഇനി വാര്‍ത്ത എഴുതാന്‍ കൈ ഉണ്ടാവില്ലെന്നും ഞാന്‍ ആരാണെന്ന് കാണിച്ചുതരാമെന്നുമായിരുന്നു പ്രമോദിന്റെ വെല്ലുവിളി.