മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. പാണക്കാട് ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗമാണ് തീരുമാനം എടുത്തത്.
നിലവിൽ പാണക്കാട് കുടുംബത്തിലെ മുതിർന്ന അംഗവും ലീഗ് മലപ്പുറം ജില്ല പ്രസിഡൻറുമാണ് സാദിഖലി ശിഹാബ് തങ്ങൾ.
പാണക്കാട് കുടുംബത്തിൽനിന്നു മുസ്ലിം ലീഗ് പ്രസിഡന്റാകുന്ന നാലാമത്തെ വ്യക്തിയാണ് സാദിഖലി തങ്ങൾ. 1973ൽ അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളുടെ പിൻഗാമിയായി പി.എം.എസ്.എ പൂക്കോയ തങ്ങളാണ് ആദ്യ സംസ്ഥാന പ്രസിഡന്റാകുന്നത്. തുടർന്ന്
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരാണ് പ്രസിഡന്റായത്. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് എന്നീ ചുമതലകൾ വഹിച്ചിരുന്നു.
പട്ടിക്കാട് ജാമിഅ നൂരിയ ജനറൽ സെക്രട്ടറി, വളവന്നൂർ ബാഫഖി യതീംഖാന പ്രസിഡൻറ്, പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ വൈസ് പ്രസിഡൻറ്, എരമംഗലം ദാറുസ്സലാമത്ത് ഇസ്ലാമിക് കോംപ്ലക്സ് പ്രസിഡൻറ്, കാടഞ്ചേരി നൂറുൽ ഹുദാ ഇസ്ലാമിക് കോളജ് പ്രസിഡൻറ്, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ്, സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡ് നിർവാഹക സമിതിയംഗം, എന്നീ നിലകളിലും പ്രവർത്തിക്കുന്നു.