Thursday, December 26, 2024

Top 5 This Week

Related Posts

ശബരി റെയിൽവെ : ഡീൻ കുര്യാക്കോസ് എം.പി നടത്തുന്ന സത്യഗ്രഹ സമരം ഇന്ന്

ശബരി റെയിൽ പദ്ധതിയ്ക്കായി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫിൻറെ നേതൃത്വത്തിൽ -ഡീൻ കുര്യാക്കോസ് എം.പി നടത്തുന്ന സത്യഗ്രഹ സമരം ഇന്ന്

മൂവാറ്റുപുഴ: ശബരി റയിൽവേക്ക് വരുന്ന ദേശീയ ബഡ്ജറ്റിൽ തുകയനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഏകദിന സത്യഗ്രഹം നടത്തുമെന്ന് ഡീൻ കുര്യാക്കോസ് എ.പി പറഞ്ഞു. പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട മുഴുവൻ കാര്യങ്ങളും നടപ്പാക്കിയ സാഹചര്യത്തിൽ പദ്ധതിയ്ക്ക് കല്ലിട്ട് തിരിച്ച സ്ഥലം ഉടമകൾക്ക് സ്ഥലവില കൊടുക്കാൻ കേന്ദ്ര ബജറ്റിൽ ഫണ്ട് അനുവദിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. കിഫ്ബി യിൽ നിന്ന് 2000 കോടി രൂപ പദ്ധതിക്കായി സംസ്ഥാന സർക്കാർ നീക്കി വച്ചിരിക്കുകയാണ്.

കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനെ കേരളത്തിലെ എം.പി മാർ ഒത്തു ചേർന്ന് പലതവണ നേരിൽ കാണുകയും നിവേദനം നൽകുകയും പുതുക്കിയ എസ്റ്റിമേറ്റിനു വേഗത്തിൽ അനുമതി നൽകണമെന്നും സ്ഥലം ഉടമകൾ നേരിടുന്ന വിഷമങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്ന് പാർലമെന്റിൽ പല തവണ ആവശ്യപ്പെടുകയും ചെയ്തിരുന്നു. റെയിൽവേ ഇല്ലാത്ത കേരളത്തിലെ ഏക പാർലമെന്റ് മണ്ഡലവും ജില്ലയുമായ ഇടുക്കിയ്ക്ക് റെയിൽവേ സൗകര്യം അനിവാര്യമാണ്. വാഴക്കുളത്തെ പൈനാപ്പിൾ കർഷകർക്കും ഏലം, കുരുമുളക്, റബർ കർഷകർക്കും മെച്ചപ്പെട്ട വിപണന സൗകര്യമൊരുക്കുന്നതിനും ഇടുക്കി പാർലിമെന്റ് മണ്ഡലത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വരുന്ന വിനോദ സഞ്ചാരികൾക്ക് റെയിൽവേ സൗകര്യം ലഭ്യമാക്കുന്നതിനും ഏറെ പ്രാധാന്യമുണ്ട്.

പെരുമ്പാവൂരിലെ റബർ സംസ്‌കാരണ വ്യവസായത്തിനും കാലടിയിലെ അരി വ്യവസായത്തിനും കോതമംഗലം നെല്ലിക്കുഴിയിലെ ഫർണീച്ചർ വ്യവസായത്തിനും മുവാറ്റുപുഴ നെല്ലാട്ടിലെ കിൻഫ്രാ ഫുഡ് പാർക്കിനും തൊടുപുഴയിലെ സ്പൈസസ് പാർക്കിനും മൂലമറ്റത്തെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഗോഡൗണിനും റെയിൽവേ സൗകര്യം അത്യാവശ്യമാണ്. കോടികണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിലേയ്ക്കും , പ്രമുഖ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമായ ഭരണങ്ങാനത്തേയ്ക്കും റെയിൽവേ സൗകര്യം ലഭ്യമാക്കുന്നത് ജനങ്ങളുടെ ആവശ്യമാണ്.

വരുന്ന ദേശിയ ബജറ്റിൽ അങ്കമാലി – എരുമേലി-ശബരി റെയിൽവേയ്ക്ക് ഫണ്ട് അനുവദിക്കണമെന്ന ജനവികാരം കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ എത്തിക്കാനാണ് ഏകദിന സത്യാഗ്രഹം സംഘടിപ്പിക്കുന്നതെന്നും രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 4 ന് അവസാനിക്കുന്ന ഉപവാസ സമരത്തിന് കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരുടേയും പിന്തുണയുണ്ടാവണമെന്നും ഏകദിന
സത്യഗ്രഹസമരത്തിൽ പരമാവധി പേർ പങ്കെടുക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി അഭ്യർത്ഥിച്ചു.

സത്യാഗ്രഹ സമരത്തിൽ ബെന്നി ബഹനാൻ എം.പി, മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ് എം.എൽ.എ ,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, ജോസഫ് വാഴക്കൻ, യു.ഡി.എഫ് നേതാക്കളായ കെ.എം.അബ്ദുൾ മജീദ്, എക്‌സ് എം.പി പി.സി. തോമസ്, എക്‌സ് എം.പി. ഫ്രാൻസിസ് ജോർജ്, എം.പി. ഇബ്രാഹിം എം.എൽ.എ, ജോണി നെല്ലൂർ, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസ് അഗസ്റ്റ്യൻ, മൂവാറ്റുപുഴ മുൻസിപ്പൽ ചെയർ പെഴ്‌സൺ പി.പി.എൽദോസ്, കെ.എം. സലീം, ജോസ് പെരുംമ്പള്ളിക്കുന്നേൽ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles